പത്തനംതിട്ട: പമ്പയിലും ത്രിവേണിയിലും വെള്ളപ്പൊക്കമുണ്ടാവുന്നത് നേരിടാന്‍ മുന്‍കരുതല്‍ സംവിധാനം പരിഗണനയില്‍.
പമ്പയുടെ മുകള്‍ഭാഗങ്ങളില്‍ കനത്ത മഴയുണ്ടായാല്‍ കെഎസ്ഇബിയുടെ പവര്‍ സ്റ്റേഷനുകളില്‍ നിന്ന് പമ്പയിലെ എമര്‍ജന്‍സി ഓപ്പറേഷന് സെന്ററിലേക്ക് അടിയന്തര സന്ദേശം കൈമാറുന്നതിനുള്ള സംവിധാനമാണ് ജില്ലാ ഭരണകൂടം പരിഗണിക്കുന്നത്. കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് ത്രിവേണിയില്‍ വെള്ളംകയറി വാഹനങ്ങള്‍ മുങ്ങിയ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം പരിഗണിക്കുന്നത്. ജില്ലാ കളക്ടര്‍ ആര്.ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉദ്യോഗസ്ഥരുടെ ശബരിമല യോഗത്തിലാണ് തീരുമാനം.
ആരോഗ്യ വകുപ്പിന്റെ 18 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ശബരിമലയിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആശുപത്രി മാലിന്യം ഐഎംഎയുടെ പാലക്കാടുള്ള ഇമേജ് എന്ന ഏജന്‍സി ഏറ്റെടുത്തു കൊണ്ടുപോയി നശിപ്പിക്കും. ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് കുടിവെള്ളം നല്‍കുന്നതിന് ദേവസ്വം ബോര്‍ഡും വാട്ടര്‍ അതോറിറ്റിയും വിപുലമായ സംവിധാനമൊരുക്കും. വാട്ടര്‍ അതോറിറ്റി പുതിയ എട്ട് ആര്‍ഒ പ്ലാന്റുകള്‍ സ്ഥാപിക്കും. 120 കിയോസ്കുകളിലൂടെ കുടിവെള്ളം നല്‍കും. നിലവില്‍ ആറ് ആര്‍ഒ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദേവസ്വം നവംബര്‍ അവസാനത്തോടെ മൂന്ന് ആര്‍ഒ പ്ലാന്റുകള്‍ സ്ഥാപിക്കും. പമ്പയില്‍ 50, പാണ്ടിത്താവളത്ത് 100, നിലയ്ക്കലില്‍ 50 വാട്ടര്‍ കിയോസ്കുകളിലൂടെ വെള്ളം നല്‍കും. മണിക്കൂറില്‍ 1000 ലിറ്റര്‍ കുടിവെള്ളം ലഭ്യമാകുന്ന ആര്.ഒ പ്ലാന്റുകള്‍ പമ്പയിലും സന്നിധാനത്തും ഉടന്‍ സ്ഥാപിക്കും. കൂടാതെ ചുക്കുവെള്ള കൗണ്ടറുകളുമുണ്ടാവും.
സന്നിധാനത്തെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനം മലിനീകരണ നിയന്ത്രണ ബോര്‍ഡ് 11ന് പരിശോധിക്കും. വനം വകുപ്പ് 64 ഇക്കോ ഗാര്‍ഡുകളെ നിയോഗിക്കും. അപകട മരങ്ങളായി വനം വകുപ്പ് കണ്ടെത്തിയ 94 എണ്ണത്തില്‍ ബാക്കിയുള്ള ഏഴ് വന്‍ മരങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചശേഷം ഉടന്‍ മുറിച്ചുമാറ്റും. എക്സൈസ് വകുപ്പ് പരിശോധന ഊര്‍ജിതമാക്കും. ശബരിമലയിലെ നായ്ക്കളെ വന്ധീകരിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക സംഘം ഇന്നലെയെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ഗുണമേന്മ പരിശോധിക്കും. വിവിധ വകുപ്പുകള്‍ നടത്തുന്ന അറ്റകുറ്റപ്പണികള്‍ ഈ മാസം 12ന് മുന്‍പ് പൂര്‍ത്തിയാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എ.ഡി.എം അനു എസ്.നായര്‍, ദുരന്ത നിവാരണം ഡെപ്യുട്ടി കളക്ടര്‍ ജി.ബാബു, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: