തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍തുക വാങ്ങി ദര്‍ശനത്തിന് പ്രത്യേക സൗകര്യമൊരുക്കുന്ന ദേവസ്വം നിലപാടില്‍ വന്‍ പ്രതിഷേധം.4500 രൂപ നല്കി നെയ്വിളക്ക് വഴിപാട് ശീട്ടാക്കിയാല്‍ അഞ്ചുപേര്‍ക്ക് ഭഗവദ് ദര്‍ശനത്തിന് സൗകര്യം നല്‍കുമെന്ന ദേവസ്വം പരസ്യമാണ് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുള്ളത്. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പേരില്‍ കഴിഞ്ഞ ദിവസമാണ് സാമൂഹ്യമാധ്യമങ്ങളിലടക്കം പരസ്യം പ്രത്യക്ഷപ്പെട്ടത്. ഇതേത്തുടര്‍ന്ന് വിവിധ സംഘടനകളും ഭക്തരും പ്രതിഷേധവുമായി രംഗത്തെത്തി. പണത്തിന്റെ അടിസ്ഥാനത്തില്‍ ഭക്തര്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്നത് ശരിയല്ലെന്നും എല്ലാ ഭക്തരേയും ഒരേ രീതിയില്‍ കണക്കാക്കണമെന്നുമാണ് ആവശ്യം. 4500 രൂപ നല്‍കാനില്ലാത്തവര്‍ക്കും തുല്യഅവകാശത്തോടെ ഭഗവദ് ദര്‍ശനത്തിന് സൗകര്യമുണ്ടാകണം. ഗുരുവായൂര്‍ ക്ഷേത്രം കച്ചവട കേന്ദ്രമല്ല. ദേവസ്വം ബോര്‍ഡിന് വരുമാനമുണ്ടാക്കാന്‍ ഭഗവാനേയും ക്ഷേത്രത്തേയും വില്ക്കാന് ശ്രമിക്കരുത്. ഇത്തരം കച്ചവട മനസ്ഥിതിയുമായി ദേവസ്വം ഭരണാധികാരികളും സര്‍ക്കാരും മുന്നോട്ടുപോയാല്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും വിവിധ ഭക്തസംഘടനകള്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: