സാഹിത്യരചന ഹിന്ദിയിലാണെങ്കിലും നരേന്ദ്ര കോഹ്ലി മലയാളികള്‍ക്കും സുപരിചിതനാണ്. 1940 ജനുവരി അഞ്ചിന്, ഇന്ന് പാക്കിസ്ഥാന്റെ ഭാഗമായ സിയാന്കോട്ടിലായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഉറുദുവില്‍. പത്താം ക്ലാസിന് ശേഷം മാത്രം ഹിന്ദി പഠിക്കാനാരംഭിച്ച നരേന്ദ്ര കോഹ്ലി പിന്നീടുള്ള ജീവിതം ഉഴിഞ്ഞുവച്ചത് ഹിന്ദി സാഹിത്യത്തിന് വേണ്ടിയാണ്. നോവല്‍, ആക്ഷേപഹാസ്യം, കഥ, ബാലസാഹിത്യം എന്നീ വിവിധ സാഹിത്യശാഖകളിലായി നൂറോളം ഗ്രന്ഥങ്ങള്‍ രചിച്ചു. ദില്ലി യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായിരുന്ന അദ്ദേഹം മുഴുവന്‍ സമയ സാഹിത്യ സേവനത്തിനായി 1995 ല്‍ ജോലി രാജിവച്ചു. 2012 ല്‍ വ്യാസ സമ്മാന്‍ പുരസ്കാരം നേടി. രാമായണവും മഹാഭാരതവുമൊക്കെയായി ബന്ധപ്പെടുത്തി അദ്ദേഹം രചിച്ച കൃതികള്‍ വര്‍ത്തമാനകാല സംഭവവികാസങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.
അഭിജ്ഞാന്‍
ദരിദ്രനായ കുചേലന് സതീര്‍ത്ഥ്യനായ ശ്രീകൃഷ്ണനെ കാണാന്‍ മടിക്കുന്നതും അവസാനം ദാരിദ്ര്യം കൊണ്ടു പൊറുതി മുട്ടിയപ്പോള്‍ പോകാന്‍ തീരുമാനിക്കുന്നതുമാണ് കഥാ പശ്ചാത്തലം. പണ്ഡിതനെങ്കിലും ദരിദ്രനായ സുദാമാവിനെ സഹായിക്കാന്‍ ഗ്രാമത്തലവന് തയ്യാറല്ല. സുദാമാവ് ഗുരുകുലം സ്ഥാപിച്ചാല്‍ അവിടെ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ നഗരത്തിലേക്കു പോകുമെന്നും ഗ്രാമത്തില്‍ കൃഷി ചെയ്യാനാളുണ്ടാവില്ല എന്നുമാണ് ഗ്രാമത്തലവന്റെ വാദം. കുട്ടികളെ അ, ആ, ഇ, ഈ പഠിപ്പിച്ച് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാനാവാതെ നട്ടം തിരിയുന്ന സുദാമാവ് അവസാനം കൃഷ്ണനെ കാണാന്‍ തീരുമാനിക്കുന്നു. യാത്രക്കിടയില്‍ അപമാനകരങ്ങളായ പെരുമാറ്റങ്ങളാണ് സുദാമാവിന് നേരിടേണ്ടി വരുന്നത്. സത്രത്തില്‍ താമസിക്കാനുള്ള അനുവാദം അദ്ദേഹത്തിന് ലഭിക്കുന്നില്ല. അങ്ങനെ വളരെ കഷ്ടപ്പെട്ട് ദ്വാരകയിലെത്തുന്ന സുദാമാവിനെ ശ്രീകൃഷ്ണന് സകല ബഹുമാനത്തോടും സ്വീകരിക്കുന്നു. പക്ഷേ, കൃഷ്ണനോട് എന്തെങ്കിലും സഹായം ചോദിക്കാന്‍ സുദാമാവ് തയ്യാറല്ല. താന്‍ ചോദിക്കേണ്ടതുണ്ടോ, കൃഷ്ണന് അറിഞ്ഞു ചെയ്യണ്ടേ എന്നാണ് ന്യായം.
കൃഷ്ണന് സുദാമാവിന് കര്‍മ്മം ചെയ്യാനുള്ള ഉപദേശം മാത്രമാണു നല്‍കുന്നത്. കര്‍മ്മത്തിന്റെ ഫലം കിട്ടുമെന്നും എന്നാല്‍ അത് കാംക്ഷിക്കേണ്ടതില്ലെന്നും ഉപദേശിക്കുന്നു. സുദാമാവ് രചനകള്‍ നടത്തിയതറിയുന്ന കൃഷ്ണന് ചോദിക്കുന്നത് അതിനു പ്രചാരം കിട്ടാന്‍ സുദാമാവ് എന്തു ചെയ്തു എന്നാണ്. രചനയ്ക്കു പ്രചാരം കിട്ടാന്‍ വേണ്ട കര്‍മ്മം ചെയ്യാതെ തന്റെ രചനകള്‍ ആരും കണ്ടതായി ഭാവിക്കുന്നില്ല എന്നു പരിതപിക്കുന്നതിനെ കൃഷ്ണന് അനുകൂലിക്കുന്നില്ല. കര്‍മ്മയോഗത്തിന്റെ ഉപദേശമല്ലാതെ കൃഷ്ണന് വിശേഷിച്ച് ഒന്നും നല്‍കിയില്ല. വെറും കൈയോടെ മടക്കി അയയ്ക്കുന്നു. പക്ഷേ, മടക്കയാത്രയില്‍ ഓരോ നിമിഷവും സുദാമാവിനെ അദ്ഭുതപ്പെടുത്തുന്നു. ശ്രീകൃഷ്ണന്റെ സുഹൃത്താണ് സുദാമാവ് എന്നറിയുന്ന സത്രം സൂക്ഷിപ്പുകാരും മറ്റും സുദാമാവിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നു. സുദാമാവിന് കൃഷ്ണനെ കാണുകയെന്ന കര്‍മ്മം ചെയ്തതിന്റെ ഫലമായി ലഭിച്ചത് സങ്കല്പിക്കാനാവാത്ത നേട്ടങ്ങളായിരുന്നു. ഈ നോവല്‍ കര്‍മ്മയോഗം എന്ന പേരിലാണ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്.
അഭ്യുദയം
1975 ലാണ് രാമകഥയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ദീക്ഷ എന്ന നോവല്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. ദുര്‍ഭരണത്തിന്റെ കരാളതയില്‍ സമൂഹമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് നാടെങ്ങും നടന്നുകൊണ്ടിരുന്നത്. സമൂഹമധ്യത്തില്‍ വച്ച് അദ്ധ്യാപകന് വിദ്യാര്‍ഥിയെ കൊല്ലുന്നതും അക്രമികള്‍ നിരപരാധികളെ വളഞ്ഞുവച്ച് കൊല്ലുന്നതുകണ്ടാലും കാണുന്ന ജനങ്ങളോ പോലീസോ പ്രതികരിക്കാതിരിക്കുന്ന സ്ഥിതിവിശേഷമാണ് അന്ന് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. അത്തരം ആക്രമണകാരികളെ രാക്ഷസന്മാര്ക്കു തുല്യമായിട്ടാണ് ലേഖകന്‍ കണ്ടത്. രാവണനെന്ന രാക്ഷസനെയും അയാളുടെ അനുചരന്മാരെയും കൊന്നൊടുക്കാന്‍ അവതരിച്ച രാമനിലേക്ക് കോഹ്ലിയുടെ ശ്രദ്ധ തിരിയുന്നത് അങ്ങനെയാണ്. ഭീകരാക്രമണങ്ങളെ അദ്ദേഹം രാക്ഷസന്മാരുടെ ആക്രമണമായി കണ്ടു. പോലീസുകാര്‍ക്ക് കൈക്കൂലി കൊടുത്താല്‍ എന്തിനും അവര്‍ മൂകസാക്ഷികളാകുകയും പലപ്പോഴും കൂട്ടുനില്‍ക്കുകയും ചെയ്യുമെന്ന അനുഭവമായിരുന്നു സമൂഹത്തില്‍ കാണാമായിരുന്നത്. സാഹിത്യകാരനെന്ന നിലയില്‍ ഇതിനോട് എങ്ങനെ പ്രതികരണക്കണമെന്ന ചിന്ത അദ്ദേഹത്തെ, നേരില്‍ കാണുന്ന പ്രത്യക്ഷ സ്ഥിതിവിശേഷങ്ങളെ രാമായണ കാലത്തെ രാക്ഷസാക്രമണങ്ങളുമായി താരതമ്യപ്പെടുത്താന്‍ പ്രേരിപ്പിക്കുകയും വിശ്വാമിത്രന്റെ സിദ്ധാശ്രമത്തെ ആക്രമിക്കുന്ന മാരീചനും സുബാഹുവുമൊക്കെ പ്രത്യക്ഷപ്പെടുന്ന ദീക്ഷയെന്ന നോവല്‍ രൂപപ്പെടുകയുമായിരുന്നു.
ദീക്ഷയെന്ന നോവലിനു കിട്ടിയ സ്വീകരണം രാമകഥയുടെ ബാക്കി ഭാഗങ്ങളിലേക്കു കടക്കാന്‍ കോഹ്ലിയെ പ്രേരിപ്പിച്ചു. തുടര്‍ന്നാണ്, അവസര്‍, സംഘര്‍ഷ് കീ ഓര്, അഭിയാന്, യുദ്ധം തുടങ്ങി പല ഭാഗങ്ങളിലായി രാമായണ കഥ മുഴുവന്‍ നോവല്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രാമകഥയെ പുതിയ വീക്ഷണത്തിലൂടെ അവതരിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ചെറു ഭാഗങ്ങളായി ഇറങ്ങിയ രാമകഥാ നോവലുകള്‍ ഒരുമിച്ചു ചേര്‍ത്ത് രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴേക്കും കോഹ്ലിയുടെ വ്യക്തിത്വം ഹിന്ദി സാഹിത്യത്തില്‍ അരക്കിട്ടുറപ്പിക്കപ്പെട്ടു. പിന്നീട് അദ്ദേഹത്തിന് പ്രസാധകരെ അന്വേഷിക്കേണ്ടി വന്നിട്ടില്ല.
അഭ്യുദയം എന്ന നോവലിന്റെ മറ്റൊരു തലം അദ്ദേഹം വിശദീകരിക്കുന്നത് രാമകഥയും ബംഗ്ലാദേശിന്റെ രൂപീകരണവും തമ്മിലുള്ള താരതമ്യത്തിലൂടെയാണ്. ബംഗ്ലാദേശിന്റെ രൂപീകരണവും ഈ നോവലെഴുതാന്‍ പ്രേരകമായി എന്ന് അദ്ദേഹം പറയുന്നു.
മഹാസമര്‍ (എട്ടു നോവലുകള്‍)
കോഹ്ലിയുടെ ശ്രദ്ധേയമായ മറ്റൊരു രചന മഹാഭാരത കഥയുടെ പശ്ചാത്തലത്തിലുള്ള ബന്ധനം, അധികാരം, കര്‍മ്മം, ധര്‍മ്മം, അന്തരാള്‍, പ്രച്ഛം, പ്രത്യക്ഷം, മുക്തി എന്നീ എട്ടു നോവലുകളാണ്. നരേന്ദ്ര കോഹ്ലിയെ പ്രസിദ്ധനാക്കുന്നതില് ഈ രചനകള്‍ക്കും പങ്കുണ്ട്. സാധാരണഗതിയില്‍ പ്രസാധകര് 200-300 പേജുകളിലധികമുള്ള രചനകളെ സ്വാഗതം ചെയ്യുന്നില്ല. പക്ഷേ, മഹാഭാരത കഥയുടെ പശ്ചാത്തലത്തിലുള്ള ഈ നോവലുകളെല്ലാം ശരാശരി 500 – 600 പേജുകളുള്ളവയാണ്. മഹായുദ്ധം എന്ന അര്‍ഥത്തില്‍ മഹാസമര്‍ എന്ന് ഈ എട്ടു ഖണ്ഡങ്ങള്‍ക്കും കൂടി പേരിട്ടിരിക്കുന്നെങ്കിലും ഓരോ ഖണ്ഡവും നോവലെന്ന നിലയില്‍ അതിന്റേതായ വ്യക്തിത്വം പുലര്‍ത്തുന്നു.
മഹാഭാരതകഥ നമ്മുടെ കാവ്യമാണ്, ഇതിഹാസവുമാണ്, അധ്യാത്മവുമാണ്. നമ്മുടെ ഈ പ്രാചീന ഗ്രന്ഥം ശാശ്വതമായ സത്യത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ഏതെങ്കിലും കാലഘട്ടത്തില്‍ ഒതുങ്ങി നില്ക്കുന്ന സത്യമല്ല ഇതിന്റെ പ്രതിപാദ്യമെന്നാണ് കോഹ്ലി അഭിപ്രായപ്പെടുന്നത്.’ പരിഭാഷകനായ ഡോ.അജയകുമാര്‍ പറയുന്നു, ‘നരേന്ദ്ര കോഹ്ലി മഹാഭാരത കഥ പുതിയ സന്ദര്‍ഭങ്ങളുമായി കോര്‍ത്തിണക്കി അവതരിപ്പിക്കുന്നില്ല, അതില്‍ കാലാനുസൃതമായ മാറ്റം വരുത്തിയിട്ടുമില്ല. പക്ഷേ, ഇതുവായിക്കുന്ന ഏതൊരാളും മഹാഭാരതത്തെ ഇത്രയും അടുത്തറിയാന്‍ ഇതിനുമുമ്പു സാധിച്ചിട്ടില്ല എന്നു പറഞ്ഞുപോകും. അദ്ദേഹം നമുക്ക് മഹാഭാരതയുദ്ധത്തിന്റെ സമഗ്രമായ ഒരു ചിത്രം യാഥാര്‍ഥ്യബോധത്തോടെ വരച്ചുകാട്ടുന്നു. ദുഷ്ടന്മാരെ ശിഷ്ടന്മാരായി വ്യാഖ്യാനിക്കാന്‍ ശ്രമം നടത്തുന്ന സമകാലീന ശീര്‍ഷാസനത്തിനു വിരുദ്ധമായി സത്യത്തെ സത്യമായി കാണുന്ന ആഖ്യാനരീതി നമുക്കിതില്‍ കാണാം.’
വിവേകാനന്ദം
ഭാരതത്തിലെ സന്യാസി പരമ്പരയില്‍ ശങ്കരാചാര്യര്‍ക്കുശേഷം സ്മരിക്കപ്പെടുന്ന വ്യക്തിത്വമാണ് വിവേകാനന്ദന്റേത്. വിവേകാനന്ദ സാഹിത്യത്തിലൂടെയും ജീവിതചരിത്രത്തിലൂടെയും മറ്റനേകം രചനകളിലൂടെയും അദ്ദേഹത്തെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. പക്ഷേ, അദ്ദേഹത്തിന്റെ കുട്ടിക്കാലവും സന്യാസജീവിതത്തിലേക്കുള്ള പ്രവേശനവും ശ്രീരാമകൃഷ്ണദേവനുമായുള്ള പുത്രതുല്യമായ ബന്ധത്തെക്കുറിച്ചും അദ്ദേഹം സന്യാസിയായി ഭാരതത്തിലെങ്ങും ചുറ്റി സഞ്ചരിച്ചപ്പോള്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ചുമെല്ലാം നോവല്‍ രൂപത്തില്‍ വായിക്കുന്നത് വിശേഷപ്പെട്ട അനുഭവമാണ്. അദ്ദേഹം അമേരിക്കയില്‍ സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുഭവിച്ച വൈഷമ്യങ്ങളും മറ്റും വായിക്കുമ്പോള്‍ നാം കൂടുതല്‍ സൂക്ഷ്മതയോടെ സ്വാമിജിയെ അറിയുന്നു. ജീവചരിത്രനോവലുകളുടെയെല്ലാം വൈശിഷ്ട്യം അതില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന വ്യക്തിത്വത്തെ അടുത്തറിയാന്‍ മറ്റേതുതരം രചനയെക്കാളുമധികം സഹായിക്കുന്നു എന്നതാണ്. വിവേകാനന്ദന്റെ ജീവിതത്തില്‍ അദ്ദേഹത്തിനുണ്ടാകുന്ന ഓരോ അനുഭവത്തെയും ഋഷിതുല്യമായ വീക്ഷണത്തോടെ മനസ്സിലാക്കാന്‍ ശ്രമിച്ച് വിചാരവികാരങ്ങള്‍ സമന്വയിപ്പിച്ച് നോവലായി രൂപപ്പെടുത്തുമ്പോള്‍ വേറിട്ട വായനാനുഭവമാണ് പ്രദാനം ചെയ്യുന്നത്. 2012 വര്‍ഷത്തിലെ വ്യാസസമ്മാനം അദ്ദേഹത്തിന് ലഭിച്ചത് ഇതിന്റെ മൂലരൂപമായ ‘ന ഭൂതോ ന ഭവിഷ്യതി’ എന്ന നോവലിന്റെ പേരിലാണ്.
ചുരുക്കത്തില്‍ ഭാരതീയ ആദ്ധ്യാത്മിക ചൈതന്യത്തിന്റെ സ്രോതസ്സുകളെ നോവല്‍ രൂപത്തില്‍ വായനക്കാര്‍ക്കു പ്രദാനം ചെയ്ത നരേന്ദ്രകോഹ്ലി പക്ഷേ, രചനയെന്ന കര്‍മ്മമല്ലാതെ നേട്ടങ്ങള്‍ക്കു വേണ്ടി ശ്രമിക്കുകയെന്ന കര്‍മ്മം ചെയ്യുന്നില്ല.
ഹിന്ദി സാഹിത്യലോകം ക്ലിക്കുകളുടെയും കോഫീഹൗസ് ബന്ധങ്ങളുടെയും ചുറ്റും കറങ്ങിക്കൊണ്ടിരുന്ന കാലഘട്ടത്തില്‍ കോഹ്ലിയെപ്പോലുള്ള നിഷ്കാമകര്‍മ്മികള്‍ അവഗണിക്കപ്പെട്ടത് സ്വാഭാവികമെന്നേ പറയാനാകൂ.
അദ്ദേഹത്തിന്റെ 14 ആക്ഷേപഹാസ്യ രചനകള്‍, 16 സംഗ്രഹങ്ങള്‍, അഞ്ചു വിമര്‍ശനഗ്രന്ഥങ്ങള്‍, 8 കഥാസംഗ്രഹങ്ങള്‍, 28 നോവലുകള്‍ ആറു ബാലകഥാരചനകള്, എട്ടു നാടകങ്ങള്‍ എന്നിവ കൂടാതെ ആത്മകഥ, ജീവചരിത്രം, സാംസ്കാരിക ലേഖനസമാഹാരം എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഋഷിവ്യക്തിത്വത്തിന്റെ വൈചാരിക ലോകം രചനകളില്‍ പ്രതിഫലിക്കുന്നു. പത്നി മധുരിമ കോഹ്ലി, മക്കള്‍ കാര്‍ത്തികേയ് കോഹ്ലി, അഗസ്ത്യ കോഹ്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: