പാലക്കാട്: രഥോത്സവത്തെ വരവേല്‍ക്കാന്‍ കല്പാത്തി ഒരുങ്ങിത്തുടങ്ങി. ഏഴിനാണ് രഥോത്സവത്തിന് കൊടിയേറുക. അന്നു തന്നെ കല്പാത്തി സംഗീതോത്സവവും ആരംഭിക്കും. 13 മുതല്‍ 15 വരെയാണ് രഥോത്സവം. 15 ദേവരഥസംഗമം നടക്കും.
ഉത്സവത്തിനു മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തില്‍ കല്പാത്തിപ്പുഴ വൃത്തിയാക്കിയിരുന്നു. ഗ്രാമങ്ങളില്‍ ശുചീകരണം ആരംഭിച്ചു. ദേവരഥങ്ങളുടെ അറ്റകുറ്റപ്പണികളും പുരോഗതിയിലാണ്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്ര രഥങ്ങളില്‍ പുത്തൂര്‍ നടരാജന് ആശാരിയുടെ നേതൃത്വത്തിലാണു പണികള്‍. പുതിയ കല്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ പുനര്‍നിര്‍മിച്ച ദേവരഥത്തിന്റെ വെള്ളോട്ടം വിജയകരമായി നടന്നിരുന്നു. പഴയ കല്പാത്തി ലക്ഷ്മിനാരായണപെരുമാള്‍, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലെ തേരുകളും രഥോത്സവത്തിനുള്ള ഒരുക്കത്തിലാണ്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ ശിവന്തേരിനു പുറമെ ഗണപതി, സുബ്രഹ്മണ്യര് തേരും അവസാന വട്ട ഒരുക്കത്തിലാണ്.
രഥങ്ങള്‍ പ്രയാണം നടത്തുന്ന വഴികളിലെ തകരാര്‍ പരിഹരിക്കാന്‍ നഗരസഭ നടപടി സ്വീകരിച്ചിട്ടുണ്ട്. കേടായ സ്ളാബുകള്‍ മാറ്റി പുതിയതു സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയതായി ചെയര്‍പഴ്സന്‍ പ്രമീളാ ശശിധരന്, വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: