കൊച്ചി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദുരിതാശ്വാസനിധിയിലേക്ക് ടീം സോളാര്‍ കമ്പനി നല്‍കിയ രണ്ടു ലക്ഷം രൂപയ്‌ക്ക് നന്ദിയറിയിച്ചുള്ള കത്തിലെ കയ്യക്ഷരവും ഒപ്പും ഉമ്മന്‍ചാണ്ടിയുടേത് തന്നെയെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിമാര്‍. കാല്‍നൂറ്റാണ്ടായി ഉമ്മന്‍ചാണ്ടിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരായ ആര്‍.കെ. ബാലകൃഷ്ണന്‍, ടി. സുരേന്ദ്രന്‍ എന്നിവരാണ് ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷനില്‍ വ്യക്തമാക്കിയത്. ടീം സോളറിന് നന്ദി അറിയിച്ചുകൊണ്ടുള്ള കത്തില്‍ ‘ഡിയര്‍ ആര്‍ ബി നായര്‍’ എന്ന അഭിസംബോധനയിലെയും തീയതിയിലെയും കയ്യക്ഷരവും കത്തിലെ ഒപ്പും ഉമ്മന്‍ചാണ്ടിയുടേതാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലല്ലോയെന്ന് കമ്മീഷന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ഒരു സംശയവുമില്ലെന്നായിരുന്നു ആര്‍ കെ ബാലകൃഷ്ണന്റെ മറുപടി. ഇതുതന്നെ സുരേന്ദ്രനും ആവര്‍ത്തിച്ചു. മുഖ്യമന്ത്രിക്ക് ലഭിക്കുന്ന നിവേദനങ്ങള്‍ താനാണ് കൈകാര്യംചെയ്തിരുന്നതെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി കമ്മീഷനില്‍ സമ്മതിച്ച, ടീം സോളറിനുവേണ്ടി സരിത നല്‍കിയതെന്നു പറയുന്ന നിവേദനത്തെക്കുറിച്ചറിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കിട്ടുന്ന നിവേദനങ്ങളില്‍ തുടര്‍നടപടികളുണ്ടെങ്കില്‍ മാത്രമേ അവ രജിസ്റ്ററില്‍ രേഖപ്പെടുത്താറുള്ളൂ. സരിതയെ താന്‍ കണ്ടിട്ടില്ല. ഉമ്മന്‍ചാണ്ടിയെ രണ്ടാമതും വിസ്തരിക്കാനയി കമ്മീഷന്‍ തീരുമാനിച്ചകാര്യം അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
















