പത്തനംതിട്ട: ഗവി ഭൂസമരസമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പത്തനംതിട്ട ജില്ലാകളക്ടര്‍ക്ക് നിവേദനം നല്‍കിയതായി സമരസമിതി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
ഒരു സെന്റ് ഭൂമിപോലും ഇല്ലാത്തവര്‍ക്ക് വീടുവെക്കാന്‍ ഭൂമി അനുവദിക്കുക, കെഎസ്ഡിസിയുടെ തൊഴില്‍ നിഷേധം അവസാനിപ്പിക്കുക, പെന്ഷന് പറ്റിയവരുടെ ആശ്രിതര്‍ക്ക് പകരം തൊഴില്‍ നല്‍കുക, ഇടിഞ്ഞുപൊളിഞ്ഞ വൃത്തിഹീനമായ ലയങ്ങളുടെ അറ്റകുറ്റപണി നടത്തുക, ജാതി സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കുക, ഡോക്ടറുടെ സേവനം ലഭിക്കുന്ന ആശുപത്രി അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി ഗവിയിലെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുക, ടൂറിസം മേഖലയിലും പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് വനത്തിലെ ഫയര്‍-വാച്ചര്‍ തസ്തികയില്‍ ഗവിവാസികള്ക്ക് മുന്‍ഗണന നല്‍കുക, വനവാസി കുടുംബങ്ങള്‍ക്ക് വീട് , ശൗചാലയം, ഭക്ഷണം, വൈദ്യസേവനം, വസ്ത്രം, വിദ്യാഭ്യാസം , തൊഴില്‍ ഇവ ഉറപ്പാക്കുക, വനവാസി കുടുംബങ്ങളിലെ അര്‍ഹതപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.
കേരളാ ഫോറസ്റ്റ് ഡവലെപ്പ്മെന്റ് കോര്‍പ്പറേഷന്റെ കീഴില്‍ തൊഴിലെടുത്തിരുന്ന 500 ഓളം കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയിലാണ്. കെഎഫ്ഡിസിയുടെ ഏലത്തോട്ടത്തിലെ പണികള്‍ക്ക് പുറമേ ഈറ്റവെട്ട് തൊഴിലിലും ഏര്‍പ്പെട്ടിരുന്ന വനവാസികളടക്കമുള്ള ഗവിനിവാസികള്ക്ക് ഗവി മേഖലാ കടുവാസംരക്ഷണ പ്രദേശമായി പ്രഖ്യാപിക്കുകയും ഇക്കോടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ദുരിതകാലം ആരംഭിച്ചതെന്നും അവര്‍ പറഞ്ഞു.
കെഎഫ്ഡിസി ഏലത്തോട്ടത്തിന്റെ പ്രവര്‍ത്തനം കുറച്ചുകൊണ്ടുവരികയും ഈറ്റവെട്ടല്‍ നിര്‍ത്തലാക്കുകയും ചെയ്തതോടെ വരുമാന മാര്ഗ്ഗങ്ങളടഞ്ഞ നൂറുകണക്കിന് കുടുംബങ്ങള്‍ ദാരിദ്ര്യത്തിലാണ്. തൊഴിലാളി ലയങ്ങളില്‍ നിന്ന് ഇറക്കിവിട്ടാല്‍ തലചായ്ക്കാന്‍ ഇടമില്ലാതെ വന്നതോടെയാണ് കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി ഭൂസമരസമിതി രൂപീകരിക്കുകയും പ്രക്ഷോഭം ആരംഭിക്കുന്നതെന്നും അവര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ഗവി ഭൂസമരസമിതി ജനറല്‍ കണ്‍വീനര്‍ ഷാജി ആര്.നായര്‍, കണ്‍വീനര്‍മാരായ പി.വി.ബോസ്, പി.പുണ്യരാജ്, ഐ.കേശവന്, തങ്കപ്പന് ടി.സി, പി.കലേശ്, കെ.ത്യാഗു, കെ.രാജേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: