ഇരിങ്ങാലക്കുട : ആലിസ് ബോണര്‍ എന്ന സ്വിസ്സ് കലാപണ്ഡിത ഇന്‍ഡ്യയില്‍ നടത്തിയിട്ടുള്ള കലാഗവേഷണ പഠനങ്ങളെക്കുറിച്ച് ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തില്‍ ഒക്ടോബര്‍ അവസാനം സമാപിച്ച പ്രദര്‍ശനത്തില്‍ കേരളീയ കലകളെ സംബന്ധിക്കുന്ന അത്യപൂര്‍വ്വ ശേഖരം ഉള്‍പ്പെടുത്തിയതായി കൂടിയാട്ടം അചാര്യനും രംഗകലാ ഗവേഷകനുമായ വേണുജി പറഞ്ഞു.
1930 മെയ് മാസത്തില്‍ വിഖ്യാത നര്ത്തകന് ഉദയശങ്കറുമൊന്നിച്ച് കേരളം സന്ദര്‍ശിച്ച ആലിസ് ബോണര്‍, മഹാകവി വള്ളത്തോള്‍ കേരളകലാമണ്ഡലത്തിന്റെ ധനശേഖരണാര്‍ത്ഥം ഗുരുവായൂരില്‍ സംഘടിപ്പിച്ച ടിക്കറ്റ് വെച്ച് നടത്തിയ കഥകളി ഉത്സവം കാണാനാണ് ആദ്യമായി എത്തിയത്. ഈ വേദിയില്‍ ഗുരു കുഞ്ചുക്കുറുപ്പിന്റേയും കുറിച്ചി കുഞ്ഞന്‍ പണിക്കരുടേയും മറ്റും വേഷങ്ങള്‍ കണ്ട് തത്സമയം നിമിഷങ്ങള്‍കൊണ്ട് അവര്‍ രേഖപ്പെടുത്തിയ ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫുകളും കഥകളിയുടെ ചരിത്രരേഖകളാണ്.
തുടര്‍ന്ന് 1933 ലും 35 ലും അവര്‍ കഥകളിയെപ്പറ്റി ലണ്ടനില്‍ നിന്നുള്ള ഇന്ത്യന്‍ ആര്‍ട് ആന്റ് ലറ്റേഴ്സ്, ജേണല്‍ ഓഫ് ഇന്‍ഡ്യന്‍ സൊസൈറ്റി ഓഫ് ഓറിയന്റല്‍ ആര്‍ട്സ് എന്നിവയില്‍ എഴുതിയിട്ടുളള ലേഖനങ്ങള്‍ കഥകളിയെക്കുറിച്ച് ലോകശ്രദ്ധയാകര്‍ഷിച്ച ആദ്യകാല രചനകളാണ്. ആലിസ് ബോണര്‍ പില്ക്കാലത്ത് ഭാരതീയ ശില്പശാസ്ത്രത്തെ സംബന്ധിച്ച് ആധികാരികമായി പഠിക്കുകയും ചില ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.
ഭാരത സര്‍ക്കാര്‍ അവര്‍ക്ക് പത്മഭൂഷണ്‍ ബഹുമതി നല്കി ആദരിക്കുകയും ഉണ്ടായി. തുടര്‍ന്ന് അവര്‍ വീണ്ടും കേരളത്തിലുടനീളം സഞ്ചരിക്കുകയും തന്നെ ആകര്‍ഷിച്ച കലാകാരന്മാരുടെ അഭിനയം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നാഷണല്‍ മ്യൂസിയത്തിലെ പ്രദര്‍ശനത്തില്‍ ആലിസ് ബോണറുടെ കഥകളി സ്കെച്ചുകളും രസാഭിനയവിഭാഗത്തില് പള്ളിപ്പുറം ഗോപാലന് നായര്‍, ചമ്പക്കുളം പാച്ചുപിള്ള, കുടമാളൂര്‍ കരുണാകരന് നായര്‍, മാങ്കുളം വിഷ്ണു നമ്പൂതിരി എന്നിവരുടെ ചെറുപ്പക്കാലത്തെ ഭാവാഭിനയ ചിത്രങ്ങള്‍ വീഡിയോ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചത് ഏതാണ്ട് അഞ്ച് പതിറ്റാണ്ടു “മുമ്പുള്ള കഥകളിയുടെ അപൂര്‍വ്വ രേഖയാണ്.
ഈ കലാകാരന്മാരുടെ ഇത്രയും ജീവസ്സുള്ള ചിത്രങ്ങള്‍ കേരളത്തിലാരും സൂക്ഷിച്ചിട്ടില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. സ്വിറ്റ്സര്‍ലന്റിലെ റിത്ബര്ഗ് മ്യൂസിയവുമായി സഹകരിച്ച് ആലിസ് ബോണറുടെ സംഭാവനകളില്‍ പ്രത്യേക പഠനം നടത്തിയിട്ടുള്ള വേണുജി അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: