ഗവി: വനവാസി കുട്ടികള്‍ക്കും തോട്ടം തൊഴിലാളികളുടെ കുട്ടികള്‍ക്കും അഞ്ചാംക്ലാസ് മുതല്‍ വിദ്യാഭ്യാസം നേടണമെങ്കില്‍ 36 കിലോമീറ്റര്‍ താണ്ടി വണ്ടിപ്പെരിയാറിലെത്തണം.
ഗവിയിലുള്ളത് എല്‍പി സ്കൂളാണ്. ഒന്നുമുതല്‍ നാലുവരെയാണ് ഇവിടെ ക്ലാസുകള്‍. കെഎസ്ഡിസിയുടെ കെട്ടിടത്തിലാണ് ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഗവിയില്‍ സ്കൂള്‍ പണി നടക്കുന്നു. ഓരോവര്‍ഷവും ഓരോ നിലവീതമാണ് നിര്‍മ്മിക്കുന്നത്. രണ്ടുനില നിര്‍മ്മിച്ച് മൂന്നാംനിലയില്‍ ഷീറ്റിടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അപ്പോഴേക്കും ആദ്യനിലയുടെ ഷെയ്ഡുകളെല്ലാം നിര്‍മ്മാണത്തിലെ അപാകതമൂലം തകര്‍ന്നു. ജനാലകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് കെട്ടിടം മൊത്തം ചോരുകയുമാണ്. ഫലത്തില്‍ ലക്ഷങ്ങള്‍ ചിലവഴിച്ചിട്ടും ഇതുവരേയും കുട്ടികള്‍ക്ക് ഇവിടെ പടിക്കാന് യോഗമുണ്ടായിട്ടില്ല.
സീതത്തോട് പഞ്ചായത്താണ് സ്കൂള്‍ കെട്ടിടം പണിയുന്നത്. നിര്‍മ്മാണത്തിലെ അപാകതയെപ്പറ്റി വിജിലന്‍സ് അന്വേഷണവുമുണ്ട്.
വണ്ടിപ്പെരിയാറിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ ഗവിയിലെത്തുന്നതിനും ഏറെ ബുദ്ധിമുട്ടാണ്.
വള്ളക്കടവ് ചെക്ക് പോസ്റ്റില്‍ വൈകിട്ട് ആറുമണി കഴിഞ്ഞാല്‍ വാഹനങ്ങള്‍ കടത്തിവിടാത്തതിനാല്‍ പലപ്പേഴും കുട്ടികള്‍ വന്യമൃഗങ്ങളുള്ള കാട്ടിലൂടെ നടന്നുവേണം ഗവിയിലെത്താന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: