തിരുവല്ല: വാഹന യാത്രക്കിടയില്‍ ഉണ്ടാകുന്ന ഒരു നിമിഷത്തെ അശ്രദ്ധയില്‍ ഒരു ജീവന് കൂടി പൊലിഞ്ഞു . മകള്‍ ഓടിച്ച സ്കൂട്ടറിന് പിന്നിലിരുന്ന് സഞ്ചരിക്കവേ അശ്രദ്ധമായി തുറന്ന കാറിന്റെ ഡോറില്‍ തട്ടി നിയന്ത്രണം വിട്ട ഇരുചക്ര വാഹനത്തില്‍ നിന്നും തെറിച്ച് വീണ് സ്വകാര്യ ബസിനടിയില്‍ പെട്ട് കവിയൂര്‍ കോട്ടൂര്‍ ചക്കാലയില്‍ സി.എം ജോസഫ് (67) നാണ് കഴിഞ്ഞ ദിവസം ദാരുണാന്ത്യം സംഭവിച്ചത്.
തിരുവല്ല-മല്ലപ്പളളി റോഡില്‍ ബഥേല്പടിക്കും പായിപ്പാട് മല്‍സ്യ മാര്‍ക്കറ്റിനും മധ്യേ ഇന്നലെ രാവിലെ 9.40 ഓടെ ആയിരുന്നു അപകടം. അപകടം അറിഞ്ഞ് നാടിന്റെ പല ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് ആള്ക്കാര് സംഭവ സ്ഥലത്ത് തടിച്ചുകൂടി. ഇതേ തുടര്‍ന്ന് തിരുവല്ല-മല്ലപ്പളളി റോഡില്‍ ഒരു മണിക്കൂര്‍ നേരത്തോളം ഗതാഗതം തടസപ്പെട്ടു. തിരുവല്ലയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘം വെളളം പമ്പ് ചെയ്താണ് റോഡില്‍ കെട്ടിനിന്ന രക്തവും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്തത്. നിയന്ത്രണം വിട്ട് മറിഞ്ഞ സ്ക്കൂട്ടറില്‍ നിന്നും തെറിച്ച് വീണ ജോസഫിന്റെ തലയില്‍ കൂടി ബസിന്റെ മുന്‍ചക്രം കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു. സ്കൂട്ടര്‍ ഓടിച്ചിരുന്ന മകള്‍ ജിഷ ജോസഫ് നിസാര പരുക്കുകളോടെ രക്ഷപെട്ടു. ജിഷയെ കുറ്റപ്പുഴയിലെ സ്വകാര്യ ആശുപത്രയില്‍ പരിശോധനയ്ക്ക് വിധേയയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജോസഫ്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതി ആള്‍ട്ടോ കാറിന്റെ മുന്‍ വാതില്‍ തുറക്കുന്നതിനിടെ ഡോറില്‍ തട്ടി നിയന്ത്രണം നഷ്ടമായ സ്ക്കൂട്ടറില്‍ നിന്നും തെറിച്ച് വീണ ജോസഫ് എതിര് ദിശയില്‍ നിന്നും വന്ന ബസിനടയിലേക്ക് പതിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന കല്ലൂപ്പാറ സ്വദേശി ഷിജു മാത്യുവിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് തിരുവല്ല പോലീസ് കേസെടുത്തു. കോട്ടയം എംജി കോളേജിന് മുന്‍ വശത്ത് കഴിഞ്ഞ ആഴ്ച്ച സമാനമായ തരത്തില്‍ ഉണ്ടായ അപകടത്തില്‍ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്തിരുന്ന അധ്യാപിക കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: