കാസര്‍കോട്: അണങ്കൂരില്‍ താലൂക്ക് ആയുര്‍വേദ ആശുപത്രി, അംഗന്‍വാടി തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന ജനവാസ കേന്ദ്രത്തില്‍ ബിവറേജ് കോര്‍പ്പറേഷന്റെ വിദേശ മദ്യ വില്‍പ്പന ശാല തുറയ്ക്കാന്‍ നീക്കം. ഇതിനെതിരെയുള്ള ജനകീയ സമരം എട്ട് ദിവസങ്ങള്‍ പിന്നിട്ട് കഴിഞ്ഞു. അണങ്കൂരിലെ ബിവറേജ് മദ്യശാലക്കെതിരെ ജനകീയസമരം ശക്തമായി മുന്നോട്ടു പോകുന്നതിനിടെയാണ് സന്ധ്യയോടെ മദ്യവുമായി വീണ്ടും ഇവിടെ ലോറിയെത്തിയത്. ക്ഷുഭിതരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനക്കൂട്ടം ലോറി തടഞ്ഞിട്ടു. ഇതേ തുടര്‍ന്ന് മദ്യം ഇറക്കാനാകാതെ ലോറി തിരിച്ചു പോയി. സ്കൂള്‍ കേളേജ് വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍ തുടങ്ങി നൂറ് കണക്കിന് ആളുകള്‍ കാല് നടയായും വാഹനങ്ങളിലും ദേശീയ പാതയിലേക്ക് വരാന്‍ ആശ്രയിക്കുന്ന വഴിയിലാണ് മദ്യശാല തുറയ്ക്കാന്‍ ശ്രമിക്കുന്നത്. മംഗലാപുരത്തും മറ്റുമുള്ള ദൂര സ്ഥലങ്ങളില്‍ പഠനത്തിനും മറ്റും പോകുന്നവര്‍ക്ക് മദ്യവില്‍പ്പന ശാല തുറയ്ക്കുന്നതോടെ ഇരുട്ട് നിറഞ്ഞ ഈ വഴിയിലൂടെ രാത്രി സമയത്ത് യാത്ര ചെയ്യാന്‍ പ്രായാസമായിരുക്കുമെന്ന് വീട്ടമ്മമാര്‍ പറയുന്നു. ദൂരസ്ഥലങ്ങളില്‍ നിന്ന മദ്യം വാങ്ങാന്‍ വാഹനങ്ങളില്‍ വരുന്നവരും മദ്യപാന്മാരും ഇവിടെ തമ്പടിക്കുകയും അത് യാത്രക്കാര്‍ക്ക് ശല്യമായി തീരുകയും ചെയ്യുമെന്ന ഭീതിയിലാണ് ജനങ്ങള്‍.
മദ്യ വില്‍പ്പനശാല തുറയ്ക്കാന്‍ ശ്രമിക്കുന്ന കെട്ടിടത്തിന് തൊട്ട് അടുത്ത് തന്നെ പിഎസ്സി ജില്ലാ ഓഫീസ് സ്ഥാപിക്കാനായി സ്ഥലം മാര്‍ക്ക് ചെയ്ത് വെച്ചിട്ടുണ്ട്. മൃഗാശുപത്രിയുചെ ജില്ലാ വെറ്റിനറി സെന്റര്‍ പ്രവര്‍ത്തിക്കുന്നത് ഇതിന് അടുത്താണ്. നഗരത്തില്‍ നിന്ന് മാറ്റി മദ്യ വില്‍പ്പന ശാല ജനവാസ കേന്ദ്രത്തില്‍ തന്നെ സ്ഥാപിക്കണമെന്ന് വാശി പിടിക്കുന്നതിന് പിന്നില്‍ ഒരു വ്യക്തിയുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു. മദ്യ വില്‍പ്പന ശാലയ്ക്കെതിരല്ല സമരം അത് ജനവാസ കേന്ദ്രത്തില്‍ സ്ഥാപിക്കുന്നതിനെതിരെയാണ് സമരം. ബലപ്രയോഗത്തിലൂടെ തുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ജനകീയ മാര്‍ഗ്ഗത്തിലൂടെ ശക്തമായി അതിനെ നേരിടുക തന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ്, വൈസ് പ്രസിഡണ്ട് അഡ്വ.സദാനന്ദ റൈ, ഒബിസി മോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് എന്‍.സതീഷ്, കൗണ്‍സിലര്‍മാരായ ജാനകി, ശങ്കര, സീനിയര്‍ സിറ്റിസണ്‍ പോറം കാസര്‍കോട് മുനിസിപ്പല്‍ കമ്മറ്റി സെക്രട്ടറി ഫാദര്‍ മുസ്തഫ, അബ്ദുള്ള, ജനകീയ പ്രക്ഷോഭ സമര സമിതി ജനറല്‍ കണ്‍വീനര്‍ എ.സതീഷ്, കണ്‍വീനര്‍ സജിമാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
ജനവാസകേന്ദ്രമായ അണങ്കൂരില്‍ മദ്യശാല പ്രവര്‍ത്തനം തുടങ്ങുന്നതിനെതിരെ സ്ത്രീകള്‍ അടക്കമുള്ള പ്രദേശവാസികള്‍ കഞ്ഞിവെപ്പ് അടക്കമുള്ള സമര പരിപാടികളില്‍ ഏര്‍പ്പെട്ടുവരികയാണ്. കാസര്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ബിവറേജ് മദ്യശാലയാണ് അണങ്കൂരിലേക്ക് മാറ്റിയത്. മദ്യശാല അണങ്കൂരില്‍ നിന്നും മാറ്റുന്നതുവരെ സമരരംഗത്ത് ഉറച്ചുനില്‍ക്കാനാണ് നാട്ടുകാരുടെ തീരുമാനം. മദ്യവുമായി വന്ന ലോറി സമരക്കാര്‍ തടഞ്ഞ വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ നിന്നും പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ജനകീയസമരം കാരണം ഇവിടെ ബിവറേജ് മദ്യശാല ഇതുവരെ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ദിവസം കഴിയുന്തോറും സമരം കൂടുതല്‍ ശക്തമാകുകയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകളാണ് ദിവസവും സമരപ്പന്തലിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: