പാലക്കാട്: കഥകളിയുടെ വ്യാകരണമെന്ന് പ്രസിദ്ധി നേടിയ കോട്ടയം കഥകളില്‍ ഏറ്റവുമധികം പരിചിതമായ കല്യാണസൗഗന്ധികം കഥയുടെ അവതരണമാണ് കഥകളിയുത്സവത്തിന്റെ നാലാം ദിനത്തെ ഹൃദ്യമാക്കിയത്. കള്ളച്ചൂതില്‍ തോല്പിച്ച് കാട്ടിലേയ്ക്കയക്കുകയും പാഞ്ചാലിയെ സഭയില്‍വച്ച് അപമാനിക്കുകയും ചെയ്ത ദുര്യോധനനോടുള്ള കോപവും പ്രതികാരവാഞ്ഛയും കത്തിനില്‍ക്കുന്ന ഭീമന്റെ രംഗപ്രവേശത്തോടെയാണ് കല്യാണസൗഗന്ധികം കഥ ആരംഭിച്ചത്. ‘ശൗര്യഗുണം’ എന്നു പ്രസിദ്ധി നേടിയ ഈ ഭാഗത്തിനു ശേഷം പാഞ്ചാലിയുടെ ആഗ്രഹം സാധിപ്പിക്കുന്നതിനായി സൗഗന്ധിക പുഷ്പം തിരഞ്ഞുപോകുന്ന ഭീനസേനന് വഴിയില്‍ സഹോദരനായ ഹനുമാനെ കണ്ടുമുട്ടുന്ന കഥാഭാഗത്തിന്റെ രംഗാവിഷ്കാരമായിരുന്നു.
ശൗര്യഗണത്തിലെ ഭീമനായി അരങ്ങിലെത്തിയത്ത കോട്ടയ്ക്കല്‍ സി.എം.ഉണ്ണികൃഷ്ണനും തുടര്‍ന്നുള്ള കഥാഭാഗത്തില്‍ ഭീമനായി വേഷമിട്ടത് കലാമണ്ഡലം ബാലസുബ്രഹ്മണ്യനുമാണ്. ഹനുമാനായി കോട്ടയ്ക്കല്‍ നന്ദകുമാരന്നായര് രംഗത്തുവന്നു. യുവകഥകളിസംഗീതജ്ഞരില് മുമ്പനായ കോട്ടയ്ക്കല്‍ മധുവും സംഘവും ഒരുക്കിയ സംഗീതം കല്യാണസൗഗന്ധികത്തിന്റെ പ്രൗഢിയും സൗന്ദര്യവും പലമടങ്ങ് വര്‍ദ്ധിപ്പിച്ചു.
കഥകളിയും ആധുനിക തിയേറ്റര്‍ സങ്കേതങ്ങളും തമ്മിലുള്ള സവിശേഷമായ ബന്ധം ആസ്വാദകരെ പരിചയപ്പെടുത്തുന്ന സോദാഹരണപ്രഭാഷണത്തോടെയായിരുന്നു നാലാംദിനത്തിന്റെ ആരംഭം. കോഴിക്കോട് സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയും പ്രസിദ്ധ കലാമര്‍മ്മജ്ഞനുമായ ഡോ.എം.വി.നാരായണനാണ് പീശപ്പിള്ളി രാജീവിന്റെ സഹകരണത്തോടെ ഈ സോദാഹരണപ്രഭാഷണം നയിച്ചത്. ആധുനിക തിയേറ്ററിന്റെ സങ്കേതങ്ങള്‍ കഥകളിയില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും നടന്റെ ശരീരം എങ്ങനെ സ്ഥലത്തെയും സമയത്തെയും എങ്ങനെ പ്രയോജനപ്പെടുത്തുന്നുവെന്നും നാരായണന് സോദാഹരണം വിശദീകരിച്ചു. കഥകളിക്കു മുമ്പായി കല്യാണസൗഗന്ധികം കഥകളിയുടെ സങ്കേതങ്ങളും സവിശേഷതകളും സദസ്സിനു പരിചയപ്പെടുത്തുന്ന ഡെമോണ്സ്ട്രേഷന് പീശപ്പിള്ളി രാജീവും കലാമണ്ഡലം ജയപ്രകാശനും നേതൃത്വം നല്കി.
സദനം സദാനന്ദന്, ആര്.എല്‍.വി.പ്രമോദ് (വേഷം), പനയൂര്‍ കുട്ടന്, കോട്ടയ്ക്കല്‍ സന്തോഷ് (പാട്ട്), സദനം രാമകൃഷ്ണന്, കൃഷ്ണപ്രവീണ്‍ പൊതുവാള് (ചെണ്ട), കലാനിലയം പ്രകാശന്, കലാമണ്ഡലം വേണു (മദ്ദളം), കയ്യണ്ടം നീലകണ്ഠന്, കലാനിലയം പത്മനാഭന് (ചുട്ടി) എന്നിവര്‍ സോദാഹരണപ്രഭാഷണത്തിലും കഥകളിയിലും പങ്കെടുത്തു. മാങ്ങോട് അപ്പുണ്ണിത്തരകനും സംഘവും അണിയറ നിയന്ത്രിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: