കാസര്‍കോട്: കേരളീയത സംരക്ഷിക്കണമെന്നും മാതൃഭാഷയുടെ മഹത്വവും പ്രാധാന്യവും കാത്തു സൂക്ഷിക്കണമെന്നും ആഹ്വാനം ചെയ്ത് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനമായ ഇന്നലെ മലയാള ദിനമായി ആഘോഷിച്ചു. ഭരണഭാഷാ വാരാഘോഷത്തിനും തുടക്കമായി. കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് സാഹിത്യവേദിയുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം പി കരുണാകരന് എം പി നിര്‍വ്വഹിച്ചു. കേരളം അറുപതാണ്ടിനകം കൈവരിച്ച നേട്ടങ്ങള്‍ മാതൃകാപരമാണെന്ന് പി കരുണാകരന് എം പി പറഞ്ഞു. ലോകത്തെവിടേയും കേരളീയരെ കാണാം. കാസര്‍കോടും ഒട്ടും പിന്നിലിലല്ല. സ്വാതന്ത്ര്യ സമരത്തിലും സാഹിത്യത്തിലും അതുല്യ സംഭാവനകളാണ് കാസര്‍കോട് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മലയാളഭാഷയെ പരിപോഷിപ്പിക്കുന്നതില്‍ പോരായ്മകളുണ്ടായെന്ന് പരിശോധിക്കണം. ഇതര ഭാഷകളില്‍ നിന്ന് വാക്കുകളും പദപ്രയോഗങ്ങളും സ്വീകരിച്ചാണ് മലയാളവും വളര്‍ന്നതെന്ന് എം.പി.കൂട്ടിച്ചേര്‍ത്തു. കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി വി രമേശന് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു മലയാളദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പച്ചപ്പാണ് കേരളത്തിന്റെ സംസ്കാരമെന്നും അത് കാത്തു സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അറുപതാണ്ടിനകം കേരളം പല മേഖലകളിലും വളര്‍ന്നിട്ടുണ്ട്. എന്നാല്‍ പരിസ്ഥിതിയും സംസ്ക്കാരവും ശോഷിക്കുകയാണ്.
ഭാഷയ്ക്കും സാഹിത്യത്തിനും നല്കിയ സംഭാവനയ്ക്ക് കെ ബാലകൃഷ്ണന് നമ്പ്യാര്‍, പ്രൊഫ. എ ശ്രീനാഥ എന്നിവരെ സബ്കളക്ടര്‍ മൃണ്മയി ജോഷി പൊന്നാടയണിച്ച് പുരസ്ക്കാരം നല്കി ആദരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി. എഡിറ്റര്‍ എം മധുസൂദനന് ആദരണീയരെ പരിചയപ്പെടുത്തി. പുരസ്ക്കാര ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി. നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി വി പുഷ്പജ, കോളേജ് യൂണിയന് ചെയര്മാന് എം അജേഷ് എന്നിവര്‍ സംസാരിച്ചു. ശ്രീരഞ്ജ്, കീര്‍ത്തന എന്നിവര്‍ കവിതാലാപനം നടത്തി. ഭാഷ-മാതൃഭാഷ-ഭരണഭാഷ എന്ന വിഷയത്തില്‍ ഡോ. അംബികാസുതന്‍ മാങ്ങാട്, വാസു ചോറോട് എന്നിവര്‍ പ്രഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന് ഇ വി സ്വാഗതവും നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് സാഹിത്യവേദി സെക്രട്ടറി ഗ്ലോറിന്‍ നന്ദിയും പറഞ്ഞു. നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് സാഹിത്യവേദി വിദ്യാര്‍ത്ഥിനികള്‍ തിരുവാതിരയും സ്വാഗതഗാനവും അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: