പന്തളം: പന്തളം- മാവേലിക്കര റോഡില്‍ നഗരസഭാ കാര്യാലയത്തിനു സമീപം സിപിഎം പ്രവര്‍ത്തകയുടെ അനധികൃത കൈയ്യേറ്റം സംരക്ഷിച്ചുകൊണ്ട് ഓട നിര്‍മ്മിക്കാനുള്ള നഗരസഭാ ഭരണകക്ഷിയായ സിപിഎമ്മിന്റെ ശ്രമം ബിജെപി വീണ്ടും തടഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ഇവിടെ ഓടപണിയുന്നതിന് തുടക്കം കുറിച്ചത്. നഗരസഭാ കാര്യാലയത്തിന്റെ മതിലും വളപ്പിലുണ്ടായിരുന്ന കിണറും പൊളിച്ചെങ്കിലും പാര്‍ട്ടിയംഗത്തിന്റെ കൈയ്യേറ്റം സംരക്ഷിക്കാനായി പാര്‍ട്ടി നേതൃത്വം ഇടപെട്ട് നിലവിലുള്ള ഓട പുതുക്കി പണിയാനാണ് ശ്രമിച്ചത്. അന്ന് ബിജെപി അടൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് എം.ബി. ബിനുകുമാര്‍, നഗരസഭാ കമ്മിറ്റി പ്രസിഡന്റ് സുഭാഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബിജെപി കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും ചേര്‍ന്ന് തടയുകയും താലൂക്ക് സര്‍വ്വേയര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് താലൂക്ക് സര്വ്വേയറെത്തി അളക്കുകയും അതിന്‍പ്രകാരം അപകടകരമായ വളവ് നിവര്‍ത്തി ഓട നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചിരുന്നതുമാണ്. എന്നാല്‍ ഇന്നലെ പണി പുനരാരംഭിച്ചപ്പോള്‍ വീണ്ടും പഴയരീതിയില്‍ത്തന്നെ ഓട പണിയാനുള്ള ശ്രമമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ എം.ബി. ബിനുകുമാര്‍, ബിജെപി പന്തളം ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് അരുണ്‍കുമാര്‍, യുവമോര്‍ച്ച നഗരസഭാ കമ്മിറ്റി പ്രസിഡന്റ് ശരത് കുരമ്പാല എന്നിവരോടൊപ്പം സിപിഐക്കാരനായ നഗരസഭാ കൗണ്‍സിലര്‍ ജയനും ചേര്‍ന്ന് തടയുകയും നേരത്തേ നിശ്ചയിച്ച രീതിയില്‍ത്തന്നെ ഓട നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കുറേ നേരം ഓടപണി നിലച്ചെങ്കിലും പ്രതിഷേധക്കാരുടെ ആവശ്യത്തിനു വഴങ്ങി മുമ്പ് അടയാളപ്പെടുത്തിയ രീതിയില്‍ത്തന്നെ ഓടപണി തുടരുവാന്‍ അധികൃതര്‍ നിര്‍ബ്ബന്ധിതരാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: