കല്‍പ്പറ്റ : റേഷന്‍ സമ്പ്രദായം അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി ഇന്ന് ജില്ലാ സപ്ലെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. നിരവധി തവണ കേന്ദ്രം മുന്‍ഗണന ലിസ്റ്റ് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനാസ്ഥ കാണിക്കുകയാണ്. ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ലിസ്റ്റില്‍ വ്യാപകമായ ക്രമക്കേടാണ് ഉള്ളത്. അനര്‍ഹരായ പല ആളുകളും ലിസ്റ്റില്‍ ഉള്‍പ്പെട്ടപ്പോഴും അര്‍ഹതപ്പെട്ട പലയാളുകളും ലിസ്റ്റില്‍ നിന്നും തഴയപ്പെട്ടിരിക്കുകയാണ്. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഗുണമുള്ളഭക്ഷ്യധാന്യം ലഭ്യമാക്കുക എന്നതാണ് ഭക്ഷ്യസുരക്ഷാനിയമത്തിന്റെ ലക്ഷ്യം. അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തേണ്ട ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കാണ്. യുഡിഎഫ് ഭരണകാലത്ത് എപിഎല്‍, ബിപിഎല്‍ ലിസ്റ്റുകളിലെ അപാകതകള്പരിഹരിച്ച് അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്താനോ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനോ യാതൊരുവിധ നടപടികളും സ്വീകരിച്ചില്ല. തുടര്‍ന്നുവന്ന എല്‍ഡിഎഫ് ഗവണ്മെന്റും ഇതേ നിലപാടുകള്‍ തുടരുകയാണ്. വര്‍ഷങ്ങളായി റേഷന്‍കാര്‍ഡ് പുതുക്കിനല്‍കാനുള്ള നടപടികള്‍ ഇതുവരേയും പൂര്‍ത്തിയായിട്ടില്ല. മറ്റ് സംസ്ഥാനങ്ങള്‍ കുറ്റമറ്റരീതിയില്‍ നടപ്പാക്കിയ പദ്ധതി കേരളത്തില്‍ അട്ടിമറിച്ചിരിക്കുകയാണ്. ഭക്ഷ്യധാന്യം ലഭിക്കുക എന്ന പൗരന്റെ അവകാശം ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ബിജെപി നടത്തും.
രാവിലെ പത്തരക്ക് ബിജെപി ഓഫീസ് പരിസരത്തുനിന്നും മാര്‍ച്ച് ആരംഭിക്കും. സമരത്തില്‍ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: