അടൂര്‍: പുതുശേരിഭാഗം ശ്രീമഹാദേവര് ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയും ദേവസ്വം ഓഫീസും കുത്തിത്തുറന്ന് മോഷണം.
എംസി റോഡ് സൈഡിലുള്ള കാണിക്കമണ്ഡപത്തിന്റെ പൂട്ട് തകര്‍ത്ത് അതിനുള്ളില്‍ വച്ചിരുന്ന വഞ്ചി ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള നടപ്പന്തലില്‍ കൊണ്ടുപോയി പൂട്ട് തകര്‍ത്തശേഷം നാണയങ്ങള്‍ ഉപേക്ഷിച്ച് നോട്ടുകള്‍ മാത്രം അപഹരിക്കുകയായിരുന്നു.
തുടര്‍ന്ന് ദേവസ്വം ഓഫീസിന്റെ വാതില്‍ കുത്തിതുറന്ന് അലമാരകളും മേശയും പൊളിച്ച് മോഷണ ശ്രമം നടത്തി. മുറിക്കുള്ളിലുണ്ടായിരുന്ന വഞ്ചിയും കുത്തിപൊളിച്ച് നോട്ടുകള്‍ അപഹരിച്ചു. ഇന്നലെ പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനാണ് നടപ്പന്തലില്‍ വഞ്ചി കുത്തിത്തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് ക്ഷേത്രഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് അടൂര്‍ ഡിവൈഎസ്പി എസ്. റഫീക്ക്, എസ്പിയുടെ ഷാഡോ പോലീസിലെ എസ്ഐ അശ്വിത് എസ്. കാരായ്മയില്‍, പത്തനംതിട്ടയില്‍ നിന്നും വിരലടയാള വിദഗ്ധര്‍ എന്നിവരെത്തി തെളിവുകള്‍ ശേഖരിച്ചു.
ഉദ്ദേശം പതിനായിരത്തോളം രൂപ അപഹരിച്ചതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ നാലിന് സമീപത്തുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മായയക്ഷിക്കാവ് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നും മോഷണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: