കല്‍പ്പറ്റ : 1980 നവംബര്‍ ഒന്നിന് രൂപീകൃതമായ വയനാട് ജില്ല ഇന്ന് 37ാം പിറന്നാളില്‍. വയനാടിന് കൈവന്ന പുരോഗതിക്കപ്പുറംവാഗ്ദാനലംഘനങ്ങളുടെ പെരുമഴ ക്കാലമായിരുന്നു 37വര്‍ഷം. ഭൂരിഭാഗം വനവാസികളും ഒരുതുണ്ട് ഭൂമിക്കുവേണ്ടി സമരപഥങ്ങളിലാണ്. സാംസ്ക്കാരിക പൈതൃകം നിലനിര്‍ത്തുന്നതിനും പ്രാഥമിക വിദ്യാഭ്യാസഅവകാശങ്ങള്ക്കുവേണ്ടിയും നിരവധി സമരങ്ങളാണ് ജില്ലയിലെ വനവാസികള്‍ നടത്തിയത്. കാലാവസ്ഥാവ്യതിയാനം ജില്ലയില്‍ ആശങ്കകള്‍ സൃഷ്ടിച്ചിരിക്കുന്നു. കര്‍ഷകരുടെ സ്ഥിതി ദയനീയം. വയനാട്ടിലെ കബനിജലം കര്‍ണാടകയില്‍ സ ംഭരിക്കുമ്പോള് കബനിതീരത്തെ നെല്‍വയലുകള്‍ വരണ്ടുണങ്ങുകയാണ്. അര്‍ബുദ രോഗികളും വൃക്ക രോഗികളും കൂടുന്നു. രാത്രിയാത്രാ വിലക്ക്, ചുരം ബദല്‍ പാത, ബൈരക്കുപ്പ പാലം, വന്യമൃഗശല്യത്തില്നിന്നുള്ള പരിരക്ഷ, വെറ്ററിനറി സര്‍വ്വകലാശാല ആസ്ഥാനം നഷ്ടപ്പെടുത്തുന്നസ്ഥിതി തുടങ്ങിയവയെല്ലാം ഇവിടുത്തെ നീറുന്ന പ്രശ്നങ്ങള്‍. എങ്ങുമെത്താത്ത കാരാപ്പുഴ-ബാണാസുര സാഗര്‍ പദ്ധതികള്‍, കടലാസിലൊതുങ്ങുന്ന മെഡിക്കല്‍ കോളേജ്, ശ്രീചിത്തിര കേന്ദ്രം തുടങ്ങിയവയ്ക്കൊന്നും പരിഹാരമായില്ല. വയനാട്റെയില്വേയ്ക്ക് ചരിത്രത്തിലാദ്യമായി കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അലംഭാവം തുടരുന്നു. ജില്ലയിലെ ഏകവിളതോട്ടങ്ങള് കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്നു. സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടില്‍. ചരിത്ര-സാംസ്ക്കാരിക നായകരോടുള്ള സര്‍ക്കാരിന്റെ ചിറ്റമ്മനയം തുടരുന്നു. പഴശ്ശിക്കുമാത്രം നാമമാത്ര സ്മാരകം, പുല്‍പ്പള്ളിയിലെ സ്മാരകം കടലാസില്‍. തലക്കര ചന്തുവിന്റെ സ്മാരകം അനാഥമാകുന്നു. സാമൂഹ്യവിരുദ്ധരുടെ താവളമാണിവിടം. ഭൂമി കയ്യേറ്റം വ്യാപകം. എടച്ചേന കുങ്കന് സ്മാരകമില്ല. കരിന്തണ്ടന് അനുസ്മരണം സര്‍ക്കാര്‍ അവഗണിക്കുന്നു. വനവാസികളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കുന്നതിനോ ആശിക്കും ഭൂമി പദ്ധതിയിലെ അഴിമതി അന്വേഷിക്കുന്നതിനോ, വനവാസികളുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതിനോ, സര്‍ക്കാരിന് മിണ്ടാട്ടമില്ല. വനവാസികളെ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ മൂന്നാംകിട പൗരന്മാരായി മാത്രമാണ് കണ്ടത്. ആംബുലന്‍സിലും റോഡ് നീളെയും പ്രസവിക്കാനുള്ള ഭാഗ്യവും ഇക്കാലയളവില്‍ വനവാസികള്ക്കുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: