കാഞ്ഞങ്ങാട്: നിര്‍ദ്ദിഷ്ട കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് ജില്ലാതല പര്‍ച്ചേസിംഗ് കമ്മിറ്റി നിര്‍ണ്ണയിച്ച വില സംസ്ഥാന പര്‍ച്ചേസ് കമ്മറ്റി യോഗം അംഗീകരിച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാനതല പര്‍ച്ചേസിംഗ് കമ്മിറ്റിയാണ് ഭൂമിയുടെ വില അന്തിമമായി തീരുമാനിച്ചത്. ഇതനുസരിച്ച് സംസ്ഥാന പാതയോട് ചേര്‍ന്ന ഒന്നാം കാറ്റഗറിയില്‍പ്പെട്ട സ്ഥലം ഒരു സെന്റിന് 11,54,145 രൂപ വില ലഭിക്കും.
ഗരസഭ റോഡിനോട് ചേര്‍ന്ന രണ്ടാം കാറ്റഗറിയില്‍പ്പെട്ട സ്ഥലം സെന്റിന് 8,65,610 രൂപയും, റോഡ് സൗകര്യമില്ലാത്ത മൂന്നാം കാറ്റഗറിയില്‍പ്പെട്ട സ്ഥലം സെന്റിന് 6,92,487 രൂപയുമാണ് വില നിശ്ചയിച്ചിട്ടുള്ളത്. ഭൂമി വിലയ്ക്ക് പുറമെ കെട്ടിടങ്ങള്‍ക്കും, ഫല വൃക്ഷങ്ങള്‍ക്കും സര്‍ക്കാര്‍ നിരക്കനുസരിച്ചുള്ള വിലയും ഉടമകള്‍ക്ക് ലഭ്യമാകും. ഈ വര്‍ഷം ഫെബ്രുവരി 19 ന് അന്നത്തെ ജില്ലാ കളക്ടര്‍ മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലാതല പര്‍ച്ചേസിംഗ് കമ്മിറ്റി അംഗീകരിച്ച വിലയില്‍ പിന്നീട് ചുമതലയേറ്റ ജില്ലാ കളക്ടര്‍ ദേവദാസ് കുറവ് വരുത്തിയിരുന്നു. ഇപ്പോഴത്തെ ജില്ലാ കളക്ടര്‍ ജീവന്‍ബാബു ചുമതലയേറ്റ ശേഷമാണ് ഭൂമി വില വീണ്ടും പഴയ നിരക്കില്‍ തന്നെ നിശ്ചയിച്ചത്.
ഗവ: ചീഫ് സെക്രട്ടറി, റവന്യൂ ബോര്‍ഡ് സെക്രട്ടറി, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല പര്‍ച്ചേസിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.
മൊത്തം രണ്ടര ഏക്കര്‍ ഭൂമിയാണ് മേല്‍പ്പാലത്തിന് വേണ്ടി ഏറ്റെടുക്കുന്നത്. സ്ഥലം ഉടമകളായ 25 പേരില്‍ മൂന്ന് പേരൊഴികെ മറ്റെല്ലാവരും ഭൂമി സര്‍ക്കാറിന് വിട്ട് നല്കാന് സമ്മത പത്രം നല്‍കിയിട്ടുണ്ട്. സ്ഥലമുടകളായ ഓരോരുത്തരില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ വില പ്രത്യേകമായി കണക്കാക്കി സംസ്ഥാനതല പര്‍ച്ചേസിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുന്നതോടെ ഭൂമി ഏറ്റെടുത്ത് കൊണ്ടുള്ള വിജ്ഞാപനമിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: