രാജപുരം: വിദ്യാര്‍ഥിയുടെ ചെകിടടിച്ച് പൊട്ടിച്ചെന്നാരോപിച്ച് അധ്യാപകനെതിരെ രക്ഷിതാവ് ചൈല്‍ഡ് ലൈനിലും പൊലിസിലും പരാതി നല്കി. രാജപുരം ഹോളിഫാമിലി ഹയര്‍സെക്കണ്ടറി സ്കൂള്‍ എട്ടാംതരം വിദ്യാര്‍ഥിയുടെ പിതാവ് രാജപുരം മുണ്ടോട്ട് ബെന്നി തോമസ് കഴുങ്ങടിയാണ് പരാതി നല്‍കിയത്. അധ്യാപകന്റെ അക്രമണത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സ്കൂള്‍ പ്രവര്‍ത്തന സമയത്താണ് സംഭവം നടന്നത്. ബുധനാഴ്ച സ്കൂള്‍ നിശബ്ദസമയത്ത് സംസാരിച്ചതിന് പിഴയായി വിദ്യാര്‍ഥിയോട് ഇനി ഞാന്‍ മിണ്ടില്ലെന്ന് 100 തവണ എഴുത്ത് ശിക്ഷ നല്‍കിയിരുന്നു. വ്യാഴാഴ്ച രാവിലെ എഴുതാതെ സ്കൂളിലെത്തിയ വിദ്യാര്‍ഥിയോട് പിഴ ശിക്ഷയായി 1000 തവണ എഴുതണമെന്ന് ആവശ്യപ്പെട്ടു. 1000 തവണ എഴുതണോ എന്ന് വിദ്യാര്‍ഥി തിരിച്ചുചോദിച്ചതില്‍ പ്രകോപിതനായ അധ്യാപകന് അടിക്കുകയായിരുന്നെന്ന് രക്ഷിതാവ് പറയുന്നു.
സ്കൂള്‍ വിട്ട് വൈകിട്ട് വീട്ടിലെത്തിയ വിദ്യാര്‍ഥി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ ചെവിയുടെ കര്‍ണപടം തകര്‍ന്നതായി ഡോക്ടര്‍ പറഞ്ഞതായി പിതാവ് പറഞ്ഞു. രക്ഷിതാക്കള്‍ വിവരം നല്‍കിയതനുസരിച്ച് പ്രധാനാധ്യാപകന് കുട്ടിയുടെ വീട്ടിലെത്തി ചികിത്സയ്ക്ക് പണം നല്‍കാമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ പ്രധാനാധ്യാപകനും കുറ്റാരോപിതനായ അധ്യാപകനും ജില്ലാ ആശുപത്രിയിലെത്തി. ഒരു ലക്ഷം രൂപ കുട്ടിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ പരാതിയില്ലാതെ തീര്‍ക്കാമെന്നും രക്ഷിതാവ് പറഞ്ഞു.
പണം നല്‍കാതെ അധ്യാപകന് സ്ഥലം വിട്ടതോടെയാണ് പരാതി നല്‍കിയതെന്ന് പരുക്കേറ്റ വിദ്യാര്‍ഥിയുടെ പിതാവ് പറയുന്നു. അതേ സമയം പരാതി പ്രകാരമുള്ള സംഭവം നടന്നിട്ടില്ലെന്നും ചികിത്സക്കാവശ്യമുളള പണം നല്‍കാമെന്ന് പറഞ്ഞിരുന്നതായും മറിച്ചുളള ആരോപണങ്ങള്‍ പണം കൈക്കലാക്കാനുള്ള തന്ത്രമാണെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു. കുറ്റാരോപിതനായ അധ്യാപകന് അജേഷിനെതിരെ രാജപുരം പൊലിസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: