കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ഐസി ഭണ്ഡാരി റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന ബിവറേജ് കോര്‍പ്പറേഷന്റെ കീഴിലുള്ള മദ്യവില്‍പ്പനശാല അണങ്കൂരില്‍ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് അണങ്കൂര്‍ മദ്യവിരുദ്ധ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. താലൂക്ക് ആയുര്‍വേദ ആശുപത്രിയുടെ 50 മീറ്ററിനകത്താണ് മദ്യവില്പനശാല ആരംഭിക്കാനുദ്ദേശിക്കുന്ന കെട്ടിടം സ്ഥിതിചെയ്യുന്നത്. മഹാലസ നാരായണി ക്ഷേത്രം, പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റല്‍, എംജി കോളനി, വെറ്റിനറി ഹോസ്പിറ്റല്‍ എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കാണ് മദ്യവില്‍പ്പനശാല മാറ്റി സ്ഥാപിക്കാന്‍ ഗൂഢ നീക്കം നടന്നിട്ടുള്ളത്. 300 ലേറെ കുടുംബങ്ങള്‍ പ്രസ്തുത കെട്ടിടം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് താമസിക്കുന്നുണ്ട്. നിരവധി വിദ്യാര്‍ത്ഥികളും സ്ത്രീകളും ഇതുവഴി കടന്നു പോകുന്നുണ്ട്. മദ്യവില്‍പ്പനശാല ആരംഭിക്കുകയാണെങ്കില്‍ ഈ പ്രദേശത്തുകാരുടെ സൈ്വര ജീവിതത്തിന് തടസ്സമുണ്ടാകുമെന്നും സമരസമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ധാരാളം ഇടറോഡുകളും നടപ്പാതകളും, ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും ഈ പ്രദേശത്തുണ്ട്. മദ്യം വാങ്ങുന്ന ആളുകള്‍ അവിടെത്തന്നെ അത് കഴിക്കുന്നതിനുള്ള സാധ്യതയും കൂടുതലാണ്. ഇത് മദ്യപാനികള്‍ തമ്മിലുള്ള സംഘട്ടനത്തിലെത്താനുള്ള സാധ്യതയുണ്ട്. കാസര്‍കോടിന്റെ പ്രത്യേക സാഹചര്യത്തില്‍ ഇത്തരം സംഘര്‍ഷ സാധ്യതകള്‍ ഒഴിവാക്കേണ്ടതാണ്. ബിവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ അണങ്കൂര്‍ മദ്യവില്‍പ്പനശാലക്കെതിരെ പ്രദേശത്തുകാര്‍ നേരത്തെ തന്നെ എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു. പ്രദേശവാസികളെ ഉള്‍പ്പെടുത്തി ജനകീയ സമിതി രൂപീകരിക്കുകയും, പരാതി നല്‍കുകയും ചെയ്തിരുന്നു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അടക്കമുള്ളവര്‍ ഇത്തരത്തില്‍ മദ്യവില്‍പ്പനശാല ആരംഭിക്കാന്‍ സാധ്യതയില്ലെന്ന് അറിയിച്ചിരുന്നതായും ഭാരവാഹികള്‍ പറയുന്നു.
നിലവില്‍ തടസങ്ങളില്ലാതെ വര്‍ഷങ്ങളായി ഐസി ഭണ്ഡാരി റോഡില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പനശാല അവിടെ നിന്ന് മാറ്റുന്നതിന് പിറകിലുള്ള സാംഗത്യം അന്വേഷിക്കണമെന്ന് മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. എതിര്‍പ്പുകളുണ്ടായിട്ടും മദ്യവില്‍പ്പനശാല ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ പ്രക്ഷോഭം രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് കൂടുതല്‍ ശക്തമാക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ മദ്യശാല വിരുദ്ധസമിതി കണ്‍വീനര്‍ എ.സതീശ്, കുഞ്ഞികൃഷ്ണന്, വേണുകണ്ണന്‍, സജിമാത്യു, ജാനകി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: