വെള്ളമുണ്ട : കര്‍ഷകരില്‍ സംഘബോധം വളര്‍ത്താനും അവരെ വികസനവീഥിയില്‍ ഒരേ ചങ്ങലയിലെ കണ്ണികളാക്കാനും കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് വെള്ളമുണ്ട കൃഷി ഓഫീസര്‍ കെ.മമ്മൂട്ടി. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ചെറുപ്പക്കാരടക്കം കര്‍ഷകരെ മണ്ണിനെ പ്രണയിക്കാന്‍ പഠിപ്പിച്ചതിന്റെ അംഗീകാരമാണ് സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസര്‍ക്കുള്ള പുരസ്കാരം തന്നെ തേടിയെത്തിയതിനു പിന്നിലെന്ന് അദ്ദേഹം കരുതുന്നു. അഞ്ച് വര്‍ഷം മുമ്പ് മമ്മൂട്ടി കൃഷി ഓഫീസറായി ചുമതലയേല്‍ക്കുമ്പോള്‍ കാര്‍ഷികമേഖലയില്‍ തളര്‍ന്നും കിതച്ചും നില്‍ക്കുകയായിരുന്നു വെള്ളമുണ്ട പഞ്ചായത്ത്. അര്‍പ്പണബോധത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും മമ്മൂട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഈ ദുഃസ്ഥിതി അകറ്റി. സംസ്കാരത്തിനും ഉപജീവനമാര്ഗത്തിനുമപ്പുറം ലാഭകരമാക്കാവുന്ന ഒരു തൊഴിലുമാണ് കൃഷിയെന്ന് ചെറുപ്പക്കാരെയടക്കം ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
നെല്‍കൃഷിയിലും പച്ചക്കറി കൃഷിയിലുമാണ് വെള്ളമുണ്ട പഞ്ചായത്തില്‍ ഹ്രസ്വകാലത്തിനിടെ പ്രകടമായ മാറ്റം കാണാനായത്. തരിശുകിടന്നിരുന്ന പാടങ്ങളിലേറെയും ഇപ്പോള്‍ വിളഭൂമിയാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കര്‍ഷകര്‍ തരിശിട്ടിരുന്ന വയലില്‍ ഏകദേശം നൂറ്റിയമ്പത് ഏക്കറിലാണ് ഈ വര്‍ഷം മാത്രം നെല്‍കൃഷി പുനരാരംഭിക്കാനായത്. പഞ്ചായത്തില്‍ രൂപീകരിച്ച കാര്‍ഷിക തൊഴില്‍ സേന യൂണിറ്റുകളെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചതാണ് ഇതിനു സഹായകമായത്. 350 ഹെക്ടര്‍ പാടമാണ് പഞ്ചായത്തിലാകെ. തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കളാണ് കാര്‍ഷിക തൊഴില്‍ സേന യൂണിറ്റുകളിലെ അംഗങ്ങള്‍. കുറഞ്ഞത് പത്ത് പേരാണ് ഒരു യൂണിറ്റില്‍. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി എണ്‍പത് തൊഴില്‍ സേന യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ കൂലി ഉറപ്പുവരുത്തിയാണ് കാര്‍ഷിക തൊഴില്‍ സേനയിലെ അംഗങ്ങളെ തരിശുകിടക്കുന്ന പാടങ്ങള്‍ പാട്ടത്തിനെടുത്ത് നെല്‍കൃഷിയിറക്കാന്‍ സന്നദ്ധമാക്കിയത്.
പച്ചക്കറി ഉത്പാദനത്തില്‍ കഴിഞ്ഞവര്‍ഷം കുതിച്ചുചാട്ടമാണ് പഞ്ചായത്തിലുണ്ടായത്. കര്‍ഷകര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പുറമേ നൂറുകണക്കിനു വിദ്യാര്‍ഥികളും പച്ചക്കറി കൃഷിയില്‍ വ്യാപൃതരായി. വിദ്യാര്‍ഥികളെ പച്ചക്കറി കൃഷിയിലേക്ക് ആകര്ഷിക്കുന്നിതിനു മമ്മൂട്ടിയുടെ ബുദ്ധിയില്‍ ഉദിച്ചതാണ് ‘വീട്ടില്‍ ഒരിടത്ത് പച്ചക്കറി’ പദ്ധതി. 9500 കുട്ടികളാണ് ഈ പദ്ധതിയുമായി സഹകരിച്ചത്. പരിസ്ഥിതി സൗഹൃദ കൃഷി പ്രോത്സാഹനമാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ ഒന്ന്. ഗ്യാസ് പ്ലാന്റ്, മണ്ണിര കമ്പോസ്റ്റ്, ഉള്ളികൃഷി, ഉരുളക്കിഴങ്ങുകൃഷി, റെഡ് ലേഡി പപ്പായത്തോട്ടം എന്നിയും മമ്മൂട്ടി മുന്‍കൈയെടുത്ത് നടപ്പിലാക്കിയ പദ്ധതികളാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 30,000 ടിഷ്യൂ വാഴക്കന്നുകളും അര ലക്ഷം ജി.എന്‍.എ റോബസ്റ്റ വാഴക്കന്നുകളും സബിസിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പയര്‍ഗ്രാമം പദ്ധതിയാണ് മമ്മൂട്ടിയുടെ സംഭാവനകളില്‍ ശ്രദ്ധേയമായ മറ്റൊന്ന്. പാടത്ത് ഇടവിളയായി പയര്‍ കൃഷി നടത്തുന്നതിനും അതുവഴി നെല്‍കൃഷി ലാഭകരമാക്കുന്നതിനും വിഭാവനം ചെയ്തതാണ് ഈ പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: