പീരുമേട്: അന്വേഷണം നടന്നിട്ടും ഏലപ്പാറയില്‍ മരംമുറിച്ച് കടത്തുന്നത് വര്‍ദ്ധിക്കുന്നു.
സമീപവാസികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഹെലുബറിയ എസ്റ്റേറ്റില്‍ നിന്ന് മരംമുറിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയിരുന്നു. പീരുമേട് തഹസില്‍ദാര്‍ 250 കാറ്റാടിമരുവും 500 യൂക്കാലി മരവും മുറിക്കുന്നതിനാണ് ഇവിടെ പെര്‍മ്മിറ്റ് നല്‍കിയത്. എന്നാല്‍ ദിവസവും നിരവധി ലോഡുകളാണ് ഇവിടെ നിന്നും കയറിപോകുന്നത്. ഒരു യൂക്കാലി മരംപോലും ഇല്ലാത്ത എസ്‌റ്റേറ്റില്‍ നിന്നും മൂവായിരത്തിലധികം മറ്റുമരങ്ങളാണ് മുറിച്ച് കടത്തിയിരിക്കുന്നത്. റോഡരികില്‍ നിരവധി മരത്തിന്റെ മുട്ടികള്‍ കൂട്ടിയിട്ടിട്ടുണ്ട്. പ്രദേശത്തെ ഒരു സിപിഐയുടെ നേതാവും എംഎല്‍എയും ഉള്‍പ്പെടുന്ന വന്‍ സംഘം തന്നെ ഇതിന് പിന്നില്‍ ഉള്ളതായി ശക്തമായ ആരോപണം ഉണ്ട്. പരിസ്ഥിതി ദുര്‍ബല പ്രദേശമായ ഇവിടെ നിന്നും കോടികള്‍ വിലവരുന്ന മരങ്ങളാണ് ഇതുവരെ മുറിച്ച് കടത്തിയത്. അടുത്തിടെ ദൃശ്യമാധ്യമങ്ങളിലുള്‍പ്പെടെ ഇത് വാര്‍ത്തയായിരുന്നു. ബ്രിട്ടീഷ് കമ്പനിയുടെ പേരിലുള്ള ഇവിടെ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്ക് എത്തിയിരുന്നെങ്കിലും മരം മുറിച്ച് കടത്തുന്നതിന് ഒത്താശ ചെയ്യുകയാണ് ചെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് സംബന്ധിച്ച് വനംവകുപ്പിലും വിജിലന്‍സിലും പരാതി നല്‍കിയെങ്കിലും നാളിതുവരെ യാതൊരു നടപടിയുമില്ലെന്ന് പരാതിക്കാരനായ ക്രിസ്റ്റഫര്‍ തന്നെ പറയുന്നു. അധികൃതര്‍ അടിയന്തിരമായി ഇടപെട്ട് മരംമുറി തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
















