തൊടുപുഴ: കോലാനിയ്‌ക്ക് സമീപം നടുക്കണ്ടം മേഖലയില്‍ കുടിവെള്ളം മുടങ്ങിയിട്ട് ഒന്നരമാസം. തൊടുപുഴ – പൊന്‍കുന്നം റോഡിന്റെ നിര്‍മ്മാണം തുടങ്ങിയതിന് ശേഷമാണ് മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായത്. പണി തുടങ്ങിയിട്ട് രണ്ട് വര്‍ഷം പിന്നിടുമ്പോഴും നാട്ടുകാരുടെ അവസ്ഥ ഇത് തന്നെയാണ്. പണി തുടങ്ങിയ ശേഷം ഇടക്കിടയ്‌ക്ക് മാസങ്ങളോളം വെള്ളം കിട്ടാറില്ല. കഴിഞ്ഞ വേനല്‍ക്കാലത്തും ഇത് തന്നെയായിരുന്നു അവസ്ഥ. പണി നടക്കുന്നതുകൊണ്ട് പൈപ്പ് ഇടയ്‌ക്കിടെ പൊട്ടുന്നതാണ് വെള്ളം മുടങ്ങാന്‍ കാരണം.
മേഖലയില്‍ ഏകദേശം 500 ഓളം വീടുകളുണ്ട്. ഇതില്‍ കൂടുതല്‍ പേരും പൈപ്പ് വെള്ളത്തെ മാത്രമാണ് ആശ്രയിക്കുന്നത്. നാട്ടുകാര്‍ നിലവില്‍ 1500 ലിറ്റര്‍ വച്ച് വെള്ളം ലോറിയ്‌ക്ക് പണം നല്‍കി എത്തിക്കുകയാണ്. ഇതിന് ഓരോതവണയും 400 രൂപ വീതം നല്‍കണം. 4 അംഗങ്ങളുള്ള കുടുബത്തിന് ഇത് മൂന്ന് ദിവസത്തേക്ക് മാത്രമാണ് തികയുക. ഇത്തരത്തില്‍ പതിനായിരക്കണക്കിന് രൂപയാണ് ഇവിടെ നിന്നും വെള്ളം വില്‍ക്കുന്നതിലൂടെ സ്വകാര്യ വ്യക്തികള്‍ സമ്പാദിക്കുന്നത്. സാധാരണക്കാര്‍ താമസിക്കുന്ന പ്രദേശമാണിവിടം. പൊട്ടിയ പൈപ്പുകള്‍ നന്നാക്കി കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേ സമയം പ്രധാന റോഡിന് സമീപത്തെ വീടുകളില്‍ വെള്ളം എത്തുന്നുണ്ടെന്നും സമീപത്തായി നിരവധി ഇടങ്ങളില്‍ പൈപ്പ് പൊട്ടി കിടക്കുന്നത് മൂലമാണ് ഇവിടെ വെള്ളം എത്താത്തതെന്നുമാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
















