ആനാദികാലം മുതല്‍ തികഞ്ഞ ശാസ്ത്രബോധം പുലര്‍ത്തിയിരുന്നവരാണ് നമ്മുടെ പൂര്‍വ്വികര്‍. അക്ഷരങ്ങള്‍ അജ്ഞാതമായിരുന്ന കാലത്തുപോലും അവര്‍ പ്രകൃതിയുടെ മഹത്വം കണ്ടറിഞ്ഞു. വാമൊഴികളിലൂടെ അത് തലമുറകളിലേക്ക് പകര്‍ന്നുകൊടുത്തു. നാടിന്റെ മുക്കാല്‍ഭാഗവും കൊടുംകാടായിരുന്ന കാലത്തും കാനനപ്പച്ചയുടെ പ്രസക്തി അവര്‍ മനസ്സിലാക്കിയിരുന്നു. ഓരോ ഗ്രാമത്തിന്റെയും ജനപഥത്തിന്റെയും ഐശ്വര്യവും സമൃദ്ധിയും പ്രകൃതിയുമായുള്ള സഹവാസത്തില്‍ അധിഷ്ഠിതമാണെന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തു.
അങ്ങിനെയാണ് ഗ്രാമത്തിലും ജനപഥങ്ങളിലുമൊക്കെ വനങ്ങള്‍ ജനിച്ചത്. അവയുടെ സംരക്ഷണത്തിന് ദൈവികപരിവേഷം നല്കി സംരക്ഷണം ഉറപ്പാക്കപ്പെട്ടു. നാഗങ്ങളെയും ദേവതമാരെയും അധിഷ്ഠാന ദേവതകളാക്കി സങ്കല്പിച്ച് അവയെ വിശുദ്ധ വനങ്ങളാക്കി ജനമനസ്സുകളില്‍ ഊട്ടിയുറപ്പിച്ചു. അവയെ കാവുകളെന്ന് വിളിച്ചാരാധിച്ചു. പൂര്‍വ്വികരുടെ ആ ദീര്‍ഘവീക്ഷണത്തിന് നാം നമോവാകമര്‍പ്പിക്കുക.
കൂറ്റന്‍ മരങ്ങളും കുറ്റിച്ചെടികളും കെട്ടുപിണഞ്ഞുകിടക്കുന്ന കാട്ടുവള്ളികളും നിറഞ്ഞ കുട്ടിവനങ്ങളായിരുന്നു കാവുകള്‍. കൊടുംചൂടിലും തണുപ്പ് തളംകെട്ടിനിന്ന അന്തരീക്ഷം. നട്ടുച്ചയ്ക്കുപോലും വെളിച്ചം കടക്കാത്ത കാവിന്റെ ഉള്ളറകളില്‍ കൂമനും കഴുകനും ഉപ്പനുമൊക്കെ കൂടുകെട്ടി പ്രജനനം നടത്തി. പാമ്പും കീരിയും നിര്‍ഭയം അവിടെ വിഹരിച്ചു. തേനീച്ചയും കടന്നലും ചിലന്തികളും പിന്നെ നൂറ് നൂറ് പേരറിയാചെറുജീവികളും അവിടെ സുലഭമായിരുന്നു. മണ്ണിരകള്‍ കാവിന്റെ മണ്ണ് ഫലപുഷ്ടമാക്കി. ഔഷധച്ചെടികള്‍ മനുഷ്യന് ആരോഗ്യം പ്രദാനം ചെയ്തു. മിക്ക കാവുകളും ഗ്രാമത്തിന്റെ തണ്ണീര്‍ത്തടങ്ങള്‍ കൂടിയായിരുന്നു. വറ്റാത്ത തണ്ണീര്‍ത്തടങ്ങള്‍. അവ ഗ്രാമത്തിലെ കിണറുകളെ ഒരിക്കലും വറ്റാതെ കാത്തു. തണുത്ത കാറ്റും ചാറ്റല്‍മഴയും കൊണ്ട് കര്‍ഷകന്റെ മനം കുളിര്‍പ്പിച്ചു. പച്ചമരുന്നുകളുടെയും വിറകിന്റെയും വെള്ളത്തിന്റെയും അമൂല്യ സ്രോതസ്സായിരുന്നു കാവ്. ജൈവവൈവിദ്ധ്യത്തിന്റെ അമൂല്യ കലവറ.
ഓരോ ഗ്രാമത്തിന്റെയും സമൂഹത്തിന്റെയും വിശ്വാസപ്രമാണങ്ങള്‍ക്ക് അനുസൃതമായി പലതരം കാവുകളാണ് നാട്ടിന്‍പുറങ്ങളില്‍ നിലനിന്നത്. ഒരുനൂറ്റാണ്ടു മുന്‍പ് ലഭ്യമായ കണക്കുപ്രകാരം കാല്‍ലക്ഷത്തോളം വിശുദ്ധ വനങ്ങള്‍ കേരളത്തിലുണ്ടായിരുന്നുവത്രെ. ഓരോ തറവാടുകളിലുമുണ്ടായിരുന്നു വിശുദ്ധവനങ്ങള്‍. കാവിന്റെ വിശ്വാസ ദേവത ആരായിരുന്നാലും കേരളത്തിലെ കാവുകളിലെ സസ്യ-ജീവി വൈവിദ്ധ്യം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. അത്തി, ഇത്തി, ഇലഞ്ഞി, ഏഴിലംപാല, കാട്ടുമുല്ല, കരിമ്പന, കാട്ടുനാരകം, പുന്ന, മരോട്ടി, ഈട്ടി, വേങ്ങ തുടങ്ങിയ വൃക്ഷങ്ങള്‍ മുതല്‍ ശംഖുപുഷ്പം, തെറ്റി, തുളസി തുടങ്ങിയ ചെറുചെടികള്‍ വരെ നീളുന്ന സസ്യവൈവിദ്ധ്യം. നരയന്‍ കൊറ്റി, മടിയന്‍ വവ്വാല്, പ്രാപ്പിടിയന്‍, വെള്ളവാലന്‍, മഞ്ഞക്കിളി, കരിങ്കുയില്, തൂക്കണാംകുരുവി, കരിയിലക്കിളി, ചെമ്പരുന്ത്, തേന്‍കുരുവി, മൂങ്ങ, ഉപ്പന്‍, പുള്ള്, മൈന, കൊക്ക്, കരിംകൊക്ക്, വെള്ളക്കൊക്ക്, കുയില്‍, കാട്ടുമൈന, ചെമ്പന്‍ നത്ത്, പൊന്മാന്, ഇരട്ടത്തലച്ചി, മോതിരതത്ത, കുളക്കോഴി തുടങ്ങിയ പക്ഷിവര്‍ഗ്ഗങ്ങള്‍. തവള, ഓന്ത്, അരണ, പല്ലി, ഉടുമ്പ്, പച്ചിലപ്പാമ്പ്, ചേര, നീര്‍ക്കോലി, വെള്ളിക്കെട്ടന്, മൂര്‍ഖന്‍ തുടങ്ങിയ ഉരഗവര്ഗവും, പോക്കാച്ചിത്തവള, കല്ലന്തവള, മരത്തവള, മാക്കാന്തവള തുടങ്ങിയ തവളക്കൂട്ടവും, പരല്‍മീന്‍, മാനത്തുകണ്ണി, നീര്ത്തുമ്പി, നീര്ച്ചിലന്തി തുടങ്ങിയ ജലജീവികളും, വവ്വാല്, കുറുക്കന്, കുരങ്ങ്, മുയല്, ചുണ്ടെലി, മരപ്പട്ടി, വെരുക്, എലി, തുരപ്പന്‍ തുടങ്ങിയ ചെറുജീവികളും ഒക്കെ കാവുകളുടെ ജൈവവൈവിദ്ധ്യത്തെ എന്നെന്നും സമ്പുഷ്ടമാക്കി പരിപാലിച്ചു..
ജീവജാതികളുടെയും സസ്യവര്ഗത്തിന്റെയും വര്‍ഗീകരണത്തിന്റെ പരിധിയില്‍പോലും കാണാത്ത അപൂര്‍വ്വസസ്യങ്ങളും അപൂര്‍വ്വജീവികളും കാവിന്റെ മാത്രമായ തുളസികളും, കറുകയും, തുമ്പികളും, പൂമ്പാറ്റകളുമൊക്കെ ചേര്‍ന്ന് ആ ജീവമണ്ഡലത്തെ കമനീയമാക്കി സൂക്ഷിച്ചു.
കാവുകളുടെ ശാസ്ത്രീയതയെക്കുറിച്ച് സാധാരണക്കാരായ ഗ്രാമീണര്‍ ബോധവാന്മാരായിരുന്നില്ല. അവര്‍ അതിനെ കണ്ടത് തങ്ങളുടെ ദേവതയുടെ വാസസ്ഥാനമായാണ്. വിശ്വാസത്തിന്റെ കേന്ദ്രമായിരുന്നു അവര്‍ക്ക് കാവുകള്‍. വിഷഭയം സര്‍വ്വസാധാരണമായിരുന്ന ഒരുകാലഘട്ടത്തില്‍ നാഗാരാധനയ്ക്ക് വലിയ പ്രാധാന്യമാണ് ഉണ്ടായിരുന്നത്. അതിനാല്‍ കാവുകളുടെ അധിഷ്ഠാന ദേവതയായി ജനങ്ങള്‍ നാഗത്തെ സങ്കല്പിച്ചു. നാഗങ്ങളുടെ ആവാസകേന്ദ്രത്തെ ഭക്തിപൂര്‍വ്വം പരിരക്ഷിച്ചും കാലാകാലങ്ങളില്‍ അവയ്ക്ക് നൂറും പാലും നല്‍കിയും മഞ്ഞള്‍പൊടി സമര്‍പ്പിച്ചും ആളുകള്‍ നാഗര്കാവുകളെ കാത്തു. പകരം കാവുകള്‍ അവരെയും. വിഷഭയത്തില്നിന്നുമാത്രമല്ല, വറുതിയില്‍ നിന്നും കീടങ്ങളില്‍ നിന്നും വരള്‍ച്ചയില്‍ നിന്നുമൊക്കെ.
ഗ്രാമസമൂഹത്തിന് ശുദ്ധവായു നല്‍കിയും ഒരിക്കലും വറ്റാത്ത ശുദ്ധജലം നല്‍കിയും നാടന്‍ ചികിത്സയ്ക്ക് നാട്ടുമരുന്നുകള്‍ നല്‍കിയും കാവുകള്‍ നമ്മെ കാത്തു. തുമ്പികള്‍ക്കും തേന്‍കുരുവികള്‍ക്കും തേനീച്ചകള്ക്കുമൊക്കെ അഭയം നല്കിയ വിശുദ്ധവനം സസ്യപരാഗണം ശക്തമാക്കിയതിലൂടെ കാര്‍ഷിക ഉല്പാദനം വര്‍ധിക്കാന്‍ സഹായിച്ചു. കെട്ടുപിണഞ്ഞ കാട്ടുവള്ളികളും കരിയിലമെത്തയും ഒഴുക്കുവെള്ളത്തെ തടുത്ത് ഭൂഗര്‍ഭജലം റീചാര്‍ജ് ചെയ്തു. മണ്ണൊലിപ്പ് തടഞ്ഞ് കൃഷിടിയത്തെ സംരക്ഷിച്ചു. ഊഷ്മാവ് ഒരിക്കലും അധികമാകാതെ ഗ്രാമത്തെ കാത്തുരക്ഷിച്ചു.
ഗ്രാമവയലുകളിലെ പ്രകൃതിദത്തമായ ജൈവകീടനിയന്ത്രണത്തിന്റെ ആണിക്കല്ലും വിശുദ്ധ വനങ്ങളായിരുന്നു. ചേരയും നീര്‍ക്കോലിയും തവളയും മൂങ്ങയുമൊക്കെ ചേര്‍ന്നാണ് അന്ന് കീടങ്ങളെ നിയന്ത്രിച്ചിരുന്നത്. വിഷത്തിന്റെ വാഴ്ച അന്ന് ആരംഭിച്ചിട്ടില്ല. ജൈവകൃഷിയും ജൈവ കീടനിയന്ത്രണവുമായിരുന്നു നെല്‍കൃഷിയുടെ പ്രത്യേകത. അതിന്റെ ആണിക്കല്ലാവട്ടെ കാവുകളും. അതിലൊക്കെ പ്രധാനം ഗ്രാമത്തിലെ ജൈവവൈവിദ്ധ്യത്തിന്റെ സംരക്ഷണമായിരുന്നു. പേരറിയാത്ത ചെടികളും കണ്ണിന് കാണാന്‍ കിട്ടാത്ത ജീവികളും സൂക്ഷ്മദര്ശിനിയില് മാത്രം ലഭ്യമാകുന്ന ശതകോടി സൂക്ഷ്മാണുക്കളും നൂറ്റാണ്ടുകളായി അല്ലലറിയതെ ജീവിച്ചുവന്നത് ഈ വിശുദ്ധ വനങ്ങളിലായിരുന്നു.
ആധുനികയുഗം കാവുകളെ അന്ധവിശ്വാസമായി പരിഗണിച്ചതോടെയാണ് വിശുദ്ധ വനങ്ങളിലാകെ കോടാലി വീണുതുടങ്ങിയത്. കാവുകളിലെ മരങ്ങള്‍ മുച്ചൂടും വെട്ടി നശിപ്പിച്ചു. പാവം ജന്തുക്കളെ തുരത്തി ഓടിച്ചു. കാവിനുള്ളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിനുള്ളിലെ സൂക്ഷ്മ കാലാവസ്ഥയ്ക്ക് ഭംഗം വരുത്തി. അപൂര്വ്വജീവികള്ക്ക് അഭയസ്ഥാനം നഷ്ടമായതോടെ അവയില്‍ പലതിന്റെയും വംശം കുറ്റമറ്റു. ചേരയും മൂങ്ങയും തവളയുമൊക്കെ നശിച്ചുതുടങ്ങിയതോടെ കീടങ്ങളുടെ ജൈവനിയന്ത്രണ സംവിധാനവും താറുമാറായി. കുടിവെള്ളം കിട്ടാക്കനിയായി. കാവുകളിലെ ഓലികളും കുളങ്ങളും മാലിന്യം നിക്ഷേപിച്ച് ഇല്ലാതാക്കാനുള്ള ശ്രമവും നടന്നു. വിശ്വാസത്തെ സംരക്ഷിച്ചുകൊണ്ട് തന്ത്രപരമായി വിശുദ്ധ വനങ്ങളെ കൊല്ലാക്കൊലചെയ്ത ബുദ്ധിമാന്മാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഏക്കര്‍ കണക്കിന് വിശുദ്ധ വനം വെട്ടിവെളുപ്പിച്ച് വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടി മാറ്റിയ ഇക്കൂട്ടര്‍ കാവിനുള്ളിലെ വിഗ്രഹങ്ങളെ കേവലം അരസെന്റ് സ്ഥലം മതില്‍കെട്ടി ഒറ്റമരച്ചുവട്ടില്‍ കുടിയിരുത്താനും മറന്നില്ല.
പ്രധാന വയലേലകളോട് ചേര്‍ന്ന് നിര്‍ബന്ധമായും കാവുകള്‍ കാണപ്പെട്ടിരുന്നു. പലകാവുകളും ജൈവവളവും പച്ചിലവളത്തിന്റെയും കേന്ദ്രമായിരുന്നു. നെല്‍വയലുകളുടെ വിസ്തൃതി കുറഞ്ഞുവന്നതിന് ആനുപാതികമായാണ് കാവുകളും മണ്മറഞ്ഞത് എന്നുപറഞ്ഞാലും തെറ്റില്ല.
ഒരുനൂറ്റാണ്ടുമുന്‍പ് കാല്‍ലക്ഷത്തോളം വിശുദ്ധ വനങ്ങളുണ്ടായിരുന്ന കേരളത്തില്‍ ഇന്ന് ശേഷിക്കുന്നത് കേവലം 2000 കാവുകള്‍ മാത്രം. അവയില്‍ പലതിന്റെയും വിസ്തൃതി കേവലം രണ്ടോ മൂന്നോ ചതുരശ്രമീറ്റര്‍ മാത്രമാണെന്നുകൂടി നാം അറിയണം. സര്‍പ്പക്കാവ്, ശാസ്താംകാവ്, കാളികാവ് തുടങ്ങിയ പേരുകളിലാണ് കേരളത്തില്‍ ശേഷിക്കുന്ന കാവുകള്‍. വിസ്തീര്‍ണത്തിന്റെ കാര്യത്തില്‍ ഇന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ കാവ് എണാകുളം ജില്ലയില്‍ പെടുന്ന ഇരിങ്ങോള്‍ കാവാണ്. ഏതാണ് 45 ഏക്കര്‍. കൃത്യമായി പറഞ്ഞാല്‍ ഇരുപതിനായിരം ചതുരശ്രമീറ്റര്‍. തൊട്ടടുത്ത് നില്‍ക്കുന്നത് കാസര്‍ഗോഡ് ജില്ലയിലെ തെയ്യോട്ട് കാവ്. വിസ്തീര്‍ണ്ണം 44 ഏക്കര്‍ അഥവാ 180000 ചതുരശ്രമീറ്റര്‍. മണ്ണാറശാല, ലോകനാര്‍കാവ്, മുച്ചിലോട്ട്, പള്ളിയറക്കാവ്, ചെറുവങ്ങോട്ട്കാവ് തുടങ്ങി നമുക്ക് പരിചിതമായ നിരവധി കാവുകള്‍ നമുക്കുചുറ്റും ഇന്നും നിലനില്‍ക്കുന്നുണ്ട്.
ഇന്ത്യയിലൊട്ടാകെ ഏതാണ്ട് പതിനായിരത്തോളം കാവുകള്‍ ശേഷിക്കുന്നതായാണ് ഔദ്യോഗിക കണക്കുകള്‍. ഭാരതത്തില്‍ അങ്ങോളമിങ്ങോളമുള്ള വിശുദ്ധ വനങ്ങളുടെ യെല്ലാം പേരുകള്‍ ദേവതകളുമായി ബന്ധപ്പെട്ടതാണെന്ന പ്രത്യേകത സംസ്കാരത്തിന്റെ വിശ്വാസപ്രമാണത്തിന്റെ അപൂര്‍വതയിലേക്ക് വിരല്‍ചൂണ്ടുന്നു. ഗ്രാമീണര്‍ക്ക് വിശുദ്ധ വനങ്ങള്‍ ദേവഭൂമിയാണ്. ഛത്തീസ്ഗഢില്‍ ദേവ്ലാസ് അഥവാ മന്ദാര് എന്ന പേരില്‍ അറിയപ്പെടുന്ന കാവുകള്‍ ഉത്തരാഞ്ചലില്‍ ദേവഭൂമിയാണ്. മറ്റ് സംസ്ഥാനങ്ങളിലും ഈ സമാനത തുടരുന്നു. ദേവഭൂമി (ഹിമാചല്‍ പ്രദേശ്), ദേവാരകാട് (കര്‍ണാടക), ദേവാകാട്, ദേവസ്ഥലി (മധ്യപ്രദേശ്), ദേവ്രായ്സ് (മഹാരാഷ്ട്ര), കോവില്‍കാട് (പോണ്ടിച്ചേരി), ജോഗ്മായ (രാജസ്ഥാന്), കോവില്‍കാട് (തമിഴ്നാട്), ദേവഭൂമി (ഉത്തരാഞ്ചല്‍), ഹരിതന്‍, ഗരാംതന്‍ ( പശ്ചിമബംഗാള്‍) എന്നിങ്ങനെ പോകുന്നു വിശുദ്ധ വനത്തിന്റെ വിളിപ്പേരുകള്‍.
ബുദ്ധവിഹാരങ്ങളുമായി ബന്ധപ്പെട്ട് മേഘാലയയിലും മറ്റും ഏതാനും വിശുദ്ധ വനങ്ങള്‍ ഉള്ളത് മാറ്റി നിര്‍ത്തിയാല്‍ എല്ലാ വിശുദ്ധ വനങ്ങളും ഹൈന്ദവ വിശ്വാസപ്രമാണങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നതെന്നുകാണാം. മലഞ്ചെരുവിലും കൃഷിഭൂമിയിലും തീരപ്രദേശത്തും മരുഭൂമിയിലുമൊക്കെ വിശുദ്ധ വനങ്ങളുണ്ട്. ആകെയുള്ള വ്യത്യാസം അവയിലെ ജൈവസമ്പത്തിന്റെ സമൃദ്ധിയിലും വൈവിധ്യത്തിന്റെ കാര്യത്തിലും മാത്രം. പക്ഷേ എല്ലാ പ്രദേശങ്ങളിലെ കാവുകളും കടുത്ത വെല്ലുവിളി നേരിടുകയാണെന്ന സത്യം മറച്ചുവെയ്ക്കാനാവില്ല. പ്രധാന കാരണം ജനപ്പെരുപ്പം തന്നെ. അടുത്തത് മനുഷ്യന്റെ അടങ്ങാത്ത ദുര അഥവാ ആര്‍ത്തി.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കാലിമേച്ചിലും കാവുകളുടെ ഉള്ളോളമെത്തിയപ്പോള് അന്യജാതിയില്‍പ്പെട്ട അക്രമിസസ്യങ്ങളും ജന്തുക്കളും കാവിനുള്ളിലേക്ക് നുഴഞ്ഞുകയറി. ഇതും അതിനുള്ളിലെ ജൈവവ്യവസ്ഥ തകരാന്‍ കാരണമായി. ചുരുക്കത്തില്‍ വിശുദ്ധ വനത്തിനുള്ളിലെ ജൈവവൈവിദ്ധ്യം മാത്രമല്ല, ജൈവവ്യവസ്ഥയും തകര്‍ച്ചയുടെ വക്കിലാണിന്ന്. വേനലില്‍ നാട്ടിന്‍പുറത്തെ ചൂട് ക്രമാതീതമായി ഉയരുമ്പോഴും കിണറുകളും കുളങ്ങളും പാടെ വറ്റി വരളുമ്പോഴും കീടശല്യം ക്രമാതീതമായി കൂടുമ്പോഴും നാട്ടറിവിന്റെ മര്‍മ്മമായ കാവുകളുടെ സംരക്ഷണം അടിയന്തിര പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ട ഒരു പുണ്യകര്‍മ്മമാണെന്ന് സമൂഹം മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സമൃദ്ധമായ ഈ ജൈവവൈവിധ്യം അന്യംനിന്നു പോകാതിരിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. ഒപ്പം വരുംതലമുറയോടുള്ള നമ്മുടെ ധര്‍മ്മവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: