എം.ടി.വാസുദേവന്‍ നായര്‍ക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചപ്പോള്‍ ഒഎന്‍വി ഇങ്ങനെ കുറിച്ചു. ”എംടിയുടെ കൃതികള്‍ പ്രവാസികളായ കേരളീയരുടെ പാഥേയങ്ങളാണ്. എന്റെ കുട്ടിക്കാലത്ത്, യുദ്ധവും പഞ്ഞവും വിഷൂചികയും കൈകോര്ത്താടിയ നാല്പതുകളിലൊരിക്കല്, പാട്ടാളത്തില്‍ പോയി മരിച്ച, അയല്‍ക്കാരനായ ചെറുപ്പക്കാരന്റെ തുരുമ്പിച്ച തകരപ്പെട്ടി ബന്ധുക്കള്‍ തുറന്നു നോക്കുന്ന ഒരു രംഗത്തിന് മൂകസാക്ഷിയായി ഞാന്‍ നിന്നിട്ടുണ്ട്. ആ പെട്ടിയുടെ മൂലയ്ക്ക് കൊച്ചുബുക്കില്‍ തെന്നിത്തെറിച്ച കൈയക്ഷരത്തില്‍ പകര്‍ത്തിവച്ച ചങ്ങമ്പുഴയുടെ രമണനുണ്ടായിരുന്നു. കുറേനാള്‍, ഏതോ പട്ടാളത്താവളത്തിലിരുന്ന് രമണന് വായിക്കുന്ന ആ ചെറുപ്പക്കാരന്റെ ചിത്രം ഞാന്‍ എന്റെ മനസ്സില്‍ നൊമ്പരത്തോടെ കൊണ്ടുനടന്നിരുന്നു. പ്രവാസികള്‍ക്കു സാന്ത്വനമാകാന്‍ കഴിയുന്നവന്റെ ആത്മാവ് ‘അന്തമറ്റ സുകൃതഹാരങ്ങള്‍’ക്ക് അര്‍ഹത നേടുന്നു.
ബാലനായിരുന്ന കാലത്ത്, പൊരിവെയിലില്‍ അഞ്ചോ ആറോ മൈല്‍ നടന്നുപോയി സുഹൃത്തിന്റെ കൈയില്‍നിന്ന് രമണന് വാങ്ങി വീട്ടില്‍ കൊണ്ടുവന്ന് രാവെളുപ്പോളം തറയിലിരുന്ന് ചിമ്മിനിവിളക്കിന്റെ വെട്ടത്തില്‍, പെന്‍സില്‍കൊണ്ട് ഒരു നോട്ടുബുക്കില്‍ പകര്‍ത്തിയതും, ഉറക്കച്ചടവോടെ പിറ്റേന്ന് രാവിലെ നടന്നുപോയി പുസ്തകം തിരിച്ചേല്പിച്ചതും എം.ടി.വാസുദേവന്‍ നായര്‍ പലതവണ അനുസ്മരിച്ചിട്ടുണ്ട്. അതിലുപരി ചങ്ങമ്പുഴയെപ്പോലെ ഒരു കവിയാകാനായിരുന്നു തനിക്ക് മോഹമെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ആരായിരുന്നു ചങ്ങമ്പുഴ? വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ അറുപതോളം കൃതികള്‍ രചിച്ചശേഷം 37-ാമത്തെ വയസ്സില്‍ ഈ മണ്ണിനോട് വിട പറഞ്ഞ അതുല്യപ്രതിഭാശാലി! അദ്ദേഹം മലയാള കവിതയില്‍ സൃഷ്ടിച്ച വിപ്ലവം ഇന്നും കെട്ടടങ്ങിയിട്ടില്ല. കാലം 1936. സി.കൃഷ്ണപിള്ള എന്ന യുവാവ് എറണാകുളം മഹാരാജാസ് കോളജില്‍ ഇന്റര്‍മീഡിയറ്റിന് പഠിക്കുകയാണ്. തന്റെ ആത്മസുഹൃത്തും നാട്ടുകാരനും കവിയുമായ ഇടപ്പള്ളി രാഘവന്‍പിള്ള പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്ത വാര്‍ത്ത തികച്ചും ആകസ്മികമായിട്ടാണ് അദ്ദേഹത്തിന്റെ കാതില്‍ വന്നുപതിച്ചത്. തുടര്‍ന്നുള്ള കുറേ ദിവസങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഭ്രാന്തനെപ്പോലെ തള്ളിനീക്കി. വേദനയും വിഷാദവും ദുഃഖവുമെല്ലാം വാക്കുകളില്‍ ആവാഹിച്ചു നിമിഷംകൊണ്ടു വികാരസാന്ദ്രമായ കവിതയാക്കുന്നതില്‍ അസാമാന്യ വൈഭവമുണ്ടായിരുന്ന ചങ്ങമ്പുഴ, ആ സംഭവത്തെ പുരസ്കരിച്ച് ആദ്യം എഴുതിയത് ‘തകര്‍ന്ന മുരളി’ എന്ന കവിതയാണ്. 1936 ജൂലൈ 20-ാം തീയതിയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പ്രസ്തുത കവിതയ്ക്ക് ഇങ്ങനെ ഒരു അടിക്കുറിപ്പും കൊടുത്തിരുന്നു.
”കുട്ടിക്കാലം മുതല്‍ എന്നോടൊരുമിച്ചു വളര്‍ന്നുവന്ന എന്റെ ഓമന ചങ്ങാതിയും ആധുനിക ഭാഷാസാഹിത്യത്തിലെ ഒരു ഉജ്ജ്വല നക്ഷത്രവും ഇന്നോളം ആദര്‍ശപരമായ ജീവിതം നയിച്ച് കേവലം അവിചാരിതമായി, അതിനെ മരണത്തിന്റെ മുന്നില്‍ സമര്‍പ്പിച്ചിട്ട്, എന്നന്നേക്കുമായി വേര്‍പെട്ടുപോയ ഒരാത്മസുഹൃത്തുമായ ശ്രീമാന്‍ ഇടപ്പള്ളി ആര്.രാഘവന്‍പിള്ളയുടെ പ്രാണത്യാഗത്തിലുള്ള അനുശോചനം”
”തകര്‍ന്ന മുരളി” പ്രതീക്ഷിച്ചതിലേറെ പ്രശംസിക്കപ്പെട്ടെങ്കിലും കവിയുടെ ഹൃദയത്തിന്റെ വിങ്ങല്‍ അവസാനിച്ചില്ല. അങ്ങനെയാണ് ഒരു വിലാപകാവ്യം (ുമേെീൃമഹ ഋഹലഴ്യ) എഴുതുന്നതിനുള്ള തീരുമാനത്തിലെത്തിയത്. ഏതാനും ദിവസങ്ങള്‍കൊണ്ട് ‘രമണന്’ എന്നു പേരിട്ട് കാവ്യം പൂര്‍ത്തിയാക്കി, 1936 ഒക്ടോബറിലാണ് രമണന് പുറത്തിറങ്ങിയത്. ഇതിന് അത്യന്തം ഹൃദയസ്പര്‍ശിയായ സമര്‍പ്പണവും എഴുതി.
”ശ്രീമാന്‍ ഇടപ്പള്ളി രാഘവന്‍പിള്ള! ഒരു ഗദ്ഗദ സ്വരത്തിലല്ലാതെ കൈരളിക്ക് ഒരിക്കലും ഉച്ചരിക്കാന്‍ സാധിക്കാത്ത ഒന്നാണ് ആ നാമധേയം! ആയിരത്തി ഒരുനൂറ്റി പതിനൊന്നാമാണ്ട് മിഥുനമാസം ഇരുപത്തിമൂന്നാം തീയതി (21.11.1111) ശനിയാഴ്ച രാത്രി കേവലം ആകസ്മികമായി ആ ‘മണിനാദം’ ദയനീയമാംവിധം അവസാനിച്ചു! അന്ധമായ സമുദായം-നിഷ്ഠുരമായ സമുദായം-അദ്ദേഹത്തിന്റെ ചിതാഭസ്മത്തെപ്പോലും ഇതാ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു! പക്ഷേ, ആ പ്രണയഗായകന്റെ ആത്മാവ് ഏതു ഭൗതികാക്രമണങ്ങള്ക്കും അതീതമായ നിത്യശാന്തിയെ പ്രാപിച്ചുകഴിഞ്ഞു! ആ ഓമനചങ്ങാതിയുടെ പാവനസ്മരണയ്ക്കായി, അദ്ദേഹത്തിന്റെ ശവകുടീരത്തിനുമുന്നില്‍ ഈ സൗഹൃദോപഹാരം ഞാനിതാ കണ്ണീരോടുകൂടി സമര്‍പ്പിച്ചുകൊള്ളുന്നു.”
ഇത്രയും ആയപ്പോഴാണ് ഏറ്റവും വലിയ കീറാമുട്ടി! സ്വന്തമായി പണംമുടക്കി പ്രസിദ്ധീകരിക്കാനുള്ള കഴിവ് തനിക്കില്ല. വിദ്യാര്‍ത്ഥിയായ തന്റെ കവിത പണംമുടക്കി ആര് പ്രസിദ്ധീകരിക്കും? ഒടുവില്‍, എ.കെ.മുഹമ്മദ് എന്ന സഹൃദയനായ തുണിക്കച്ചവടക്കാരന് ധൈര്യപൂര്‍വം അതിന് തയ്യാറായി മുമ്പോട്ടുവന്നു. ആലുംകടവിലുള്ള പ്രകാശം പ്രസ്സില്‍ ആയിരം കോപ്പി അച്ചടിച്ചു. വിതരണമാണ് അടുത്ത പ്രശ്നം. ഇന്നത്തെപ്പോലെ മുഴത്തിന് മൂവായിരം പുസ്തകക്കടകള്‍ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത്, ഒരു കൃതി എത്ര ഉത്കൃഷ്ടമാണെന്നു പറഞ്ഞാലും വില്പന അത്ര എളുപ്പമുള്ള കാര്യമല്ല. ആദ്യഘട്ടത്തില്‍ കവി തന്നെ തോളില്‍ ചുമന്നുകൊണ്ടു നടന്നാണ് വില്പന നടത്തിയത്. വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും ഒക്കെ അദ്ദേഹം നേരിട്ടു കയറിയിറങ്ങി പുസ്തകം വിറ്റു. ‘ബാഷ്പാഞ്ജലി’ എന്ന തന്റെ പ്രഥമ കാവ്യസമാഹാരത്തിലൂടെ കൈവന്നിരുന്ന പ്രശസ്തി, വില്പനയ്ക്ക് ഒട്ടൊക്കെ സഹായകമാകുകയും ചെയ്തു. ചുരുക്കത്തില്‍, അന്നോളം ഒരു കൃതിക്കും ലഭിക്കാത്ത സ്വീകരണമാണ് രമണന് ലഭിച്ചത്. രമണനിലെ വരികള്‍ യുവജനങ്ങള്‍ മനസ്സിലിട്ടു താലോലിച്ചു കൊണ്ടുനടന്നു. പട്ടാളത്തിലും പരദേശങ്ങളിലും ജോലി തേടിപ്പോയവര്‍ രമണനെ മാറത്തടുക്കി കടിന്നുറങ്ങി നിര്‍വൃതിപൂണ്ടു! എന്തിനേറെ, രമണന്റെ കര്‍ത്താവെന്ന പരിവേഷം സി.കൃഷ്ണപിള്ള എന്ന വിദ്യാര്‍ത്ഥിയെ മറ്റൊരാളാക്കിത്തീര്‍ത്തു! ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ ചങ്ങമ്പുഴയുടെ കവിത ലഭിക്കാന്‍ മത്സരിച്ചു രംഗത്തുവന്നു. സിനിമയിലെ ഒരു സൂപ്പര്‍ സ്റ്റാറിനുപോലും ഇന്ന് സങ്കല്പിക്കാനാകാത്ത ആരാധനയാണ് ചങ്ങമ്പുഴയ്ക്ക് രമണനിലൂടെ ലഭിച്ചത്. യുവതികളും യുവാക്കന്മാരും മാത്രമല്ല വൃദ്ധജനങ്ങള്‍ വരെ രമണനിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ടെഴുതിയ കത്തുകള്‍ വായിക്കുന്നതുതന്നെ ഒരു വലിയ ജോലിയായി. (അക്കാലത്ത് ആശയവിനിമയത്തിനുള്ള ഏക മാര്‍ഗം കത്തു മാത്രമാണല്ലൊ). തന്റെ സര്‍ഗസിദ്ധിക്ക് ലഭിച്ച വിലപ്പെട്ട അംഗീകാരങ്ങളായി കവി അവയെ കരുതി. പ്രസിദ്ധ നിരൂപകന് പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ കണ്ടെത്തല്‍ പ്രസക്തമാണ്.
”മലയാളത്തില്‍ ഇങ്ങനെ ഒരനുഭവമോ? 1112-ല്‍ ഒന്നാംപതിപ്പ്. 15 ല്‍ രണ്ടാം പതിപ്പ്. 17 ല്‍ മൂന്നാംപതിപ്പ്. 18 ല്‍ നാലാം പതിപ്പ്. 19 ല്‍ അഞ്ചും ആറും ഏഴും എട്ടും ഒന്‍പതും പതിപ്പുകള്‍. 20 ല്‍, പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന്, പതിന്നാല്-ഇതാ പതിനഞ്ച്. (പതിനഞ്ചാം പതിപ്പിന്റെ അവതാരികയിലാണ് മുണ്ടശ്ശേരി ഇങ്ങനെ അദ്ഭുതപ്പെട്ടത്) അതോ അയ്യായിരവും പതിനായിരവും പ്രതികള്‍ വീതം! കേട്ടിട്ടു വിശ്വസിക്കാന്‍ വിഷമം…. ബീച്ചിലും ബാല്‍ക്കണിയിലും ബോട്ടുജട്ടിയിലും വണ്ടിത്താവളത്തിലും മടപ്പള്ളിയിലും മാളികമച്ചിലും കുടിലിലും കൊട്ടാരത്തിലും, വയലിലും ഫാക്ടറിയിലും, പടപ്പാളയത്തിലും കുറേനാളായിട്ട് രമണനാണ് ഒന്നാംപാഠം.”
1989 ല്‍ അമേരിക്കയിലെ ന്യൂജേഴ്സിയില്‍ രമണന്റെ ആദ്യത്തെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി. അതിന്റെ പുറംചട്ടയില്‍ കൊടുത്തിട്ടുള്ള കുറിപ്പ് ഏതൊരു മലയാളിക്കും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്.
‘””A Lovestory, so beautiful, yet so tragic, written by one of India’s finest poets. Truly, a Literary passage to India.””
കഴിഞ്ഞ കാല് നൂറ്റാണ്ടിനിടയില്‍ ആ ഇംഗ്ലീഷ് പരിഭാഷക്കുവേണ്ടി വന്ന പതിപ്പുകളുടെ എണ്ണം അമ്പരപ്പിക്കുന്നതത്രെ.
എല്ലാ അര്‍ത്ഥത്തിലും ചങ്ങമ്പുഴയുടെ ഭാഗ്യതാരകമായിരുന്നു രമണന്. അതിലെ നാലുവരിയെങ്കിലും നാവിലിട്ടു താലോലിക്കാത്ത നിരക്ഷരകുക്ഷികള്‍പോലും ഒരുകാലത്ത് കേരളത്തില്‍ ഉണ്ടായിരുന്നില്ല. ”മലരണിക്കാടുകള്‍ തിങ്ങിവിങ്ങി”…… എന്നുതുടങ്ങുന്ന രമണനിലെ അതിമനോഹരമായ, പ്രകൃതി വര്‍ണന പാഠപുസ്തകത്തില്‍ അടുത്തകാലംവരെ മുടങ്ങാതെ ചേര്ത്തിരുന്നുവല്ലൊ. ഇടപ്പള്ളി രാഘവന് പിള്ളയ്ക്കും ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്കും ഇനി മറ്റൊരു സ്മാരകത്തിന്റെ ആവശ്യമില്ല. എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ ധന്യമുഹൂര്‍ത്തത്തില്‍ രമണന് എണ്‍പതാം പതിപ്പും പിന്നിട്ടുകഴിഞ്ഞിരിക്കുന്നു!
ഈ കാല്പനിക കാവ്യത്തിന് പില്ക്കാലത്തുണ്ടായ രൂപഭേദങ്ങള്‍ ആരെയും വിസ്മയിപ്പിക്കുന്നതാണ്. കഥാപ്രസംഗം, നാടകം, നൃത്തശില്പം, ഡോക്യുമെന്ററി, സിനിമ, ബാലെ, മ്യൂസിക്കല്‍ ആല്‍ബം, ചെറുകഥ, നോവല്‍, പെയിന്റിങ്, നിഴല്നാടകം, ലേഖനങ്ങള്‍, ഗവേഷണപ്രബന്ധങ്ങള്‍, ഇപ്പോഴിതാ കഥകളിയും രമണനെ ആധാരമാക്കി ജന്മമെടുത്തിരിക്കുന്നു! ലോകത്തൊരിടത്തും ഇങ്ങനെ മറ്റൊന്നു ചൂണ്ടിക്കാണിക്കാന്‍ വേറെ ഉണ്ടെന്ന് തോന്നുന്നില്ല. സ്വന്തം കവിത, ക്ലാസിലിരുന്ന് പഠിക്കാന്‍ അപൂര്‍വ ഭാഗ്യം സിദ്ധിച്ച കവിയാണ് ചങ്ങമ്പുഴ. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ അനുശോചിച്ചുകൊണ്ട്, ഗുരുനാഥന് കൂടിയായ, മഹാകവി ജി.ശങ്കരക്കുറുപ്പു രചിച്ച ‘ചിതാ ലേഖം’ എന്ന കവിതയിലെ ചില വരികള്‍ കൂടി കാണുക.
മുത്തടര്ത്തൊരു വെറും ചിപ്പിയായ്
മലയാളം
ഉജ്ജ്വലനാളം പോയ തിരിയായ്തീര്ന്നു ഭാഷ.
ജീവിതം നറുമണം നശിച്ച
പഴമ്പുവായ്;
നാവരിഞ്ഞൊരു ജഡമണിതാനായീ കാലം!
* * * * * * * * * * * * *
മണ്ണിലെ വിളക്കുകളെരിയാം; പക്ഷേ പോയ വിണ്ണിന്റെ തങ്കസ്വപ്നമയ്യോ! പോയതുതന്നെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: