മരണമാണെങ്കിലും ജനനമാണെങ്കിലും അത് കണക്കുമായി ബന്ധപ്പെട്ട സംഗതിയല്ലേ? അല്ലെന്ന് എങ്ങനെ പറയാനാവും. നമ്മുടെ നാട്ടുമ്പുറത്ത് പണ്ട് (ഇപ്പോഴും വലിയ വ്യത്യാസമില്ല) ആരെയെങ്കിലും പരാമര്‍ശിക്കേണ്ടിവരുമ്പോള്‍-പ്രത്യേകിച്ച് സ്ത്രീകളെ- ഓള് പത്ത് പെറ്റ പെണ്ണാ എന്ന് പറയാറുണ്ട്. അതില്‍ ശ്ലീലാശ്ലീലങ്ങളുടെ വിളയാട്ടമൊന്നും ആരും കാണാറില്ല. നാട്ടുപ്രയോഗത്തിന്റെ സുന്ദരമായ മുഖം അതിലങ്ങനെ വിടര്‍ന്നു വിലസി നില്ക്കുകയല്ലേ? ഇപ്പോള്‍ അതൊരു വേണ്ടാതീനം ആയിട്ടുണ്ടോ? അല്ല, അങ്ങനെ തോന്നിയിട്ടുണ്ടോ? എന്തായാലും നമ്മുടെ ബാലന് മന്ത്രി പറയുന്നത് മനസാ വാചാ കര്‍മണാ താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നാണ്. കാര്യം കാര്യംപോലെ പറഞ്ഞു. അതിലെന്താ തെറ്റ്?
ഇതവിടെ നില്ക്കട്ടെ. അല്പം വഴിമാറി നടക്കാം. പച്ച മലയാളത്തില്‍ പറയുന്ന ചമലവാക്കുകളുണ്ട്. അത് പക്ഷേ അത്ര ശുദ്ധമായല്ല ആരും കേള്‍ക്കുക, പറയുക, മനസ്സിലാക്കുക. അതിലൊന്ന് തള്ള എന്നതാണ്; മറ്റൊന്ന് തന്ത. നിന്റെ തന്തയ്ക്ക് സുഖമാണോ എന്നൊരാള്‍ ചോദിച്ചെന്നിരിക്കട്ടെ. എന്താവും തോന്നുക? നല്ല മലയാളത്തില്‍ സംസാരിച്ചതിന് ഒരു മുട്ടന്‍ തെറി. അല്ലെങ്കില്‍ മുറിപ്പത്തല് കൊണ്ട് വീക്ക് ഉറപ്പ്. അതേപോലെയാണ് തള്ളേവിളിയും. എത്ര നല്ല മലയാളമാണെന്നു പറഞ്ഞാലും അതങ്ങ് ദഹിക്കാന്‍ ച്ചിരി പണിയാണ്. എന്നുകരുതി ആ വാക്കുകള്‍ തീരെ വേണ്ട എന്നുവെക്കാമോ? അതേപോലെയുള്ള ഒരു ഊരാക്കുടുക്കില്‍ നമ്മുടെ ബാലന് മന്ത്രിയും വീണുപോയി എന്നേയുള്ളു. കഴിയുന്നത്ര മലയാളം പറയണം. കഴിയുന്ന രീതിയില്‍ മലയാളിയായി ജീവിക്കണം. എന്നൊക്കെയുള്ള ശാഠ്യങ്ങളാണ് അദ്യത്തെ മുമ്പോട്ടു നയിക്കുന്നത്. മലയാളം വിട്ടൊരു കളിയില്ല ബാലേട്ടന്. എന്നിട്ട് മോന് അങ്ങ് വിദേശത്ത് ശൂന്യാകാശ വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമ പഠനം നടത്തിയതോ എന്നൊന്നും ചോദിച്ചേക്കരുത്. വൈരുദ്ധ്യങ്ങളെ സമഞ്ജസമായി കൂട്ടിക്കുഴച്ച് ചെങ്കൊടിയില്‍ പുതപ്പിച്ച് മണ്ണിനടിയില്‍ കുഴിച്ചിട്ട് വര്‍ഷങ്ങള്‍ക്കു ശേഷം പുറത്തെടുത്ത് വീര്യം കാണിച്ചുതരലാണ് അദ്യത്തിന്റെയൊരു രീതി. അങ്ങനെയുള്ള ഒരാള്‍ ആരെയെങ്കിലും അപമാനിച്ചുവെന്ന് പറഞ്ഞാല്‍ നമുക്ക് വെള്ളം കൂട്ടാതെ വിഴുങ്ങാനാവുമോ?
വാസ്തവത്തില്‍ യുഡിഎഫിന്റെ കാലത്ത് കേരളത്തില്‍ മൊത്തം അരാജകത്വമായിരുന്നു. പക്ഷേ, ആരും അത് തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ നമ്മുടെ ബാലേട്ടന് ഒക്കെ എഴുതിവെച്ചിരുന്നു. അതിന്റെ ഗുണമാണിപ്പോള്‍ സഭയില്‍ മണിമണിപോലെ ഉതിര്‍ന്നുവീഴുന്നത്. ഉമ്മച്ചന്റെ കാലത്ത് വനവാസി മേഖലയിലുണ്ടായ പ്രശ്നങ്ങള്‍ക്ക് പിണറായിക്കാലം എന്തു പിഴച്ചു എന്നേ ചോദിച്ചുള്ളു. വളരെ ഭവ്യതയോടെയാണ് ബാലേട്ടന് കാര്യങ്ങള്‍ വിശദീകരിച്ചത്. രണ്ട് പെറ്റു, രണ്ട് ചത്തു, മൂന്ന് തീര്‍ന്നു എന്നൊക്കെ പറയുമ്പോള്‍ മലയാള ഭാഷയ്ക്കുണ്ടാകുന്ന ആ ചാരുതയുണ്ടല്ലോ, അത് കണേണ്ടതു തന്നെയാണ്. അതിനെക്കുറിച്ച് പറയുകയാണെങ്കില്‍ തുഞ്ചത്തെഴുത്തച്ഛന്‍ സര്‍വകലാശാലയ്ക്ക് (അതേന്ന്, മലയാളം സര്‍വകലാശാല തന്നെ) നല്ലൊരു ഗവേഷണത്തിനുള്ള വകുപ്പൂണ്ട്. എന്തു ചെയ്യാം, നല്ല മലയാളം പറയണമെന്നും അത് നാട്ടുകാരൊക്കെ മനസ്സിലാക്കണമെന്നും ആഗ്രഹിച്ച് നടന്ന നമ്മുടെ പാവം ബാലേട്ടന് പഴി തന്നെ. ആകെ ആശ്വസിക്കാനുള്ളത് എന്താണെന്നുവെച്ചാല്‍ പിണറായിക്കൊപ്പം സൊറ പറഞ്ഞിരിക്കാനുള്ള അവസരം ലഭിച്ചു; ച്ചാല്‍ രണ്ടാമനായീന്ന്. രണ്ടാമന് പക്ഷേ എന്നും മനോദുഃഖവും ആധിയും വ്യഥയും മാത്രമേയുള്ളു എന്നതാണ് ഫലശ്രുതി. എം.ടിയുടെ രണ്ടാമൂഴത്തില്‍ ഭീമനെ ഓര്‍മ്മയുള്ളവര്‍ അതൊക്കെയൊന്ന് കുടഞ്ഞിട്ട് നോക്കുക. വല്ലതും തടയാതിരിക്കില്ല.
ചിലരുടെ രൂപഭാവങ്ങള്‍ക്ക് എത്ര പൊടുന്നനെയാണ് മാറ്റങ്ങളുണ്ടാവുന്നത്. ഇതു വരെ പറഞ്ഞതൊന്നും ഒന്നുമല്ല. ഇനി വല്ലതും പറഞ്ഞിരുന്നോ എന്നു പോലും സംശയമാണ്. ആയുധത്തിന്റെ മൂര്‍ച്ച നോക്കിയത്, അത് അന്യന്റെ കഴുത്തിലേക്ക് തറഞ്ഞുകയറുമ്പോള്‍ ആഹ്ലാദിച്ചത്, അന്യന്റെ വീട് തകര്‍ത്തെറിയുമ്പോള്‍ അനുഭവിച്ച കുളിര് എന്നുവേണ്ട എന്തൊക്കെ സുഖദമായ ഓര്‍മ്മകളായിരുന്നു. അതിന്റെയൊക്കെ ലഹരിയില്‍ നെഞ്ചു വിരിച്ചു നടക്കുമ്പോള്‍ ലോകം തന്നെ വെട്ടിപ്പിടിച്ച പ്രതീതിയായിരുന്നു. പക്ഷെ, സ്ഥിതിഗതികള്‍ ആകെ മാറി മറിയുന്നു. വെട്ടെടാ, എറിയെടാ, കൊല്ലെടാ എന്നൊക്കെ പറഞ്ഞ് ഹരം കയറ്റിയ വിദ്വാന്. അതാ ഒരറ്റത്തിരുന്ന് ജപിക്കുന്നു. ഉജ്വലമായ വേദാന്തം പറയുന്നു. ആരും ശത്രുവല്ല. ഇന്ന് നമ്മുടെ കൂടെയുള്ളയാള്‍ നാളെ നമ്മുടെ കൂടെ വരേണ്ടയാള്‍ അങ്ങനെയുള്ള ചിന്തയുണ്ടാവണം. അക്രമം പാടില്ല. ആര്‍ക്കുവേണ്ടിയാണിങ്ങനെ ചോര ചിന്തുന്നത്….. ഇത്യാദി ഉദീരണങ്ങള്‍ കേട്ടവാറെ പാടത്ത് പണിയും വരമ്പത്ത് കൂലിയുമായി കാത്തിരുന്നവര്‍ ഞെട്ടിത്തരിച്ചു നില്‍പ്പാണ്. എന്താണ് ക്യാപ്റ്റന്‍ പറ്റിയത്. 1969ലെ അതേ ചോര തന്നയല്ലേ ഞരമ്പിലൂടെ പതഞ്ഞൊഴുകുന്നത്. പിന്നെ എന്താണിങ്ങനെ ട്രാക്ക് മാറ്റി പിടിക്കുന്നത്. ഏതായാലും തല്ക്കാലം ക്യാപ്റ്റന്റെ കൂടെ നില്‍ക്കലാണ് തടി കേടാകാതിരിക്കാന്‍ നല്ലത്. ക്യാപ്റ്റന്റെ നടപ്പു രീതിയും അതുകണ്ട് പരിഭ്രമിച്ചു നില്ക്കുന്ന ദ്വാരപാലകന്മാരുടെ മനോവ്യാപാരങ്ങളും നമ്മുടെ ഗോപീകൃഷ്ണന് അതാ സണ്‍ഡേ സ്ട്രോക്ക്സില് വരച്ചിട്ടിരിക്കുന്നു. അതില്‍ ആട്ടിന്തോലും പുള്ളിപ്പുലി നഖവും മറ്റും കാണുന്നുവെങ്കില്‍ സദയം ക്ഷമിച്ചാലും.
ചൈനയില്‍ നിന്നുള്ള വാര്‍ത്തകള്‍ അടുത്തിടെ നമുക്കത്ര ശുഭകരമായി തോന്നിയിരുന്നില്ല. പ്രത്യേകിച്ച് നമ്മുടെ പട്ടാളം പാകിസ്ഥാന്റെ തീവ്രവാദ വിളവെടുപ്പുകേന്ദ്രങ്ങളില് നല്ല കൊയ്ത്തു നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍. വ്യാളീരാഷ്ട്രീയം സര്‍വ ഭീകരതയോടെ നില്ക്കുമ്പോള്, അവര്‍ക്ക് ഒത്താശയുമായി നമ്മുടെ നാട്ടില്‍ തന്നെ ചിലരുണ്ടാവുമ്പോള്‍ സ്ഥിതിഗതികളെക്കുറിച്ച് കൂടുതല്‍ പറയേണ്ടതില്ലല്ലോ. എന്നാല്‍ നമ്മുടെ വിപ്ലവക്കൂട്ടങ്ങള്‍ക്ക് കണക്കു പുസ്തകത്തില്‍ എഴുതിവെക്കാന്‍ ചില കാര്യങ്ങള്‍ ആ രാജ്യത്തു നിന്നു കേള്‍ക്കുന്നു. ചൈനയില്‍ ‘പാര്‍ട്ടി അഴിമതി’ പത്തു ലക്ഷം കവിഞ്ഞുവത്രെ. എന്നുവെച്ചാല്‍ മൂന്നു വര്‍ഷത്തിനിടെ അഴിമതിക്ക് ശിക്ഷിക്കപ്പെട്ടത് 10 ലക്ഷത്തിലേറെ പാര്‍ട്ടി ഭാരവാഹികള്‍. ബെയ്ജിങ്ങില്‍ നാലു ദിവസമായി നടന്ന പാര്‍ട്ടി പ്ലീനവുമായി ബന്ധപ്പെട്ടാണ് ഈ വിവരം പുറത്തു വന്നത്. നമ്മുടെ നാട്ടിലെ പാര്‍ട്ടി തമ്പ്രാക്കന്മാര് ഇതറിഞ്ഞോ ആവോ? വ്യവസായത്തില്‍ തുടങ്ങി വനവാസി മേഖലയില്‍ എത്തി നില്ക്കുന്ന വിവാദങ്ങളിലേക്കൊക്കെ ഒന്ന് ചുഴിഞ്ഞിറങ്ങിയാല്‍ എന്തൊക്കെ കാണുമെന്നതിനെക്കുറിച്ച് ഒന്നും പറയാനാവില്ല. ഇപ്പോഴും പാലോറമാതയും പുന്നപ്ര വയലാറും ഊര്‍ജം നല്‍കുന്നുണ്ടെങ്കിലും അതിന് അത്ര ഉള്ളുറപ്പ് പോര. പിന്നെ ആശ്വസിക്കാനുള്ളത്, ചൈനയില്‍ നിന്നുള്ള എല്ലാ സാധനങ്ങള്‍ക്കും വൈകാരികമായ ഒരു നിരോധനം നമ്മുടെ രാജ്യത്ത് വ്യാപകമായുണ്ട് എന്നതാണ്. അഴിമതിക്കെതിരയുള്ള നിലപാടും അതില്പെടുത്തിയാല് ബഹുത് ഖുശി ഹൈ…..ഹോ….ഹും.
നേര്‍മുറി
ഗുണ്ടകളെ നിയന്ത്രിക്കാന്‍ പ്രത്യേക
പൊലീസ് സംഘത്തെ നിയോഗിക്കും:
മുഖ്യമന്ത്രി
അവരെ നിയന്ത്രിക്കാന്‍ പാര്‍ട്ടിയും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: