മുഹമ്മ: ഉപയോഗ ശൂന്യമായ വസ്ത്രങ്ങള്‍ കൊണ്ടുവന്നാല്‍ ആകര്‍ഷകമായ സഞ്ചികളുമായി വീടുകളിലേയ്‌ക്ക് മടങ്ങാം. മുഹമ്മ ഗ്രാമപഞ്ചായത്താണ് പുതിയ പദ്ധതിയുമായി രംഗത്ത് വന്നിട്ടുള്ളത്. പരിസ്ഥിതിയ്‌ക്ക് ആഘാതമാകുന്ന പ്ലാസ്റ്റിക് കിറ്റുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തുണി സഞ്ചി വ്യാപകമാക്കുന്നത്.
പഴയ വസ്ത്രങ്ങള്‍ ശേഖരിച്ച് പുതിയ സഞ്ചികളാക്കി തിരികെ നല്‍കുന്ന പദ്ധതിയ്‌ക്ക് നവംബറില്‍ തുടക്കമാകും. ഏ ട്രീ പരിസ്ഥിതി സംഘടനയുടെ പ്രവര്‍ത്തകരാണ് പഴയ തുണികള്‍ ആകര്‍ഷകമാക്കി സഞ്ചികളാക്കാനുള്ള പരിശീലനം നല്‍കുന്നത്. ഷര്‍ട്ട്, റ്റീ-ഷര്‍ട്ട്,മുണ്ടുകള്‍, ജീന്‍സ്, ടോപ്പ്, പവാട തുടങ്ങിയവയാണ് തുണി സഞ്ചികളാക്കി മാറ്റുക. പഞ്ചായത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുഖേനയാണ് തുടക്കത്തില്‍ വീടുകളില്‍ നിന്ന് തുണികള്‍ ശേഖരിക്കുക. പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങള്‍ ഇവ തയിച്ച് സഞ്ചികളാക്കി വല്‍പ്പന നടത്തും. കടകള്‍, റിസോര്‍ട്ടുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്.
ഓരോ ദിവസവും വീടുകളില്‍ സാധനങ്ങള്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കിറ്റുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി പരിസ്ഥിതി സൗഹൃദ തുണി സഞ്ചികള്‍ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെ .ജയലാല്‍ പറഞ്ഞു.
















