പത്തനംതിട്ട’: ജില്ലയിലെ ശബരിമല ഇടത്താവളങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അടിസ്ഥാന സൗകര്യമൊരുക്കും. ജില്ലാ കളക്ടര്‍ ആര്. ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. കുടിവെള്ളം, വെളിച്ചം, ടോയ്ലറ്റ് സംവിധാനങ്ങള്‍ക്കാവശ്യമായ ക്രമീകരണം ഉടന്‍ ഒരുക്കും. ജില്ലയിലെ 11 പഞ്ചായത്തുകളിലും പന്തളം, പത്തനംതിട്ട നഗരസഭകളിലുമാണ് ഇടത്താവളങ്ങളുള്ളത്.
ശബരിമല പാതയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുകയും റോഡരികിലെ കാട് വെട്ടിത്തെളിക്കുകയും ചെയ്യും. തിരുവാഭരണ പാതയിലും വെളിച്ചത്തിനാവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തും. ഇടത്താവളങ്ങളിലെ ശുചിമുറികള്‍ വൃത്തിയാക്കാന്‍ പ്രത്യേകം തൊഴിലാളികളെ നിയോഗിക്കും. ഇടത്താവളങ്ങളില്‍ പോലീസിനും സൗകര്യമൊരുക്കും. ശബരിമല പാതയിലെ കടവുകളില്‍ വെളിച്ചത്തിനും ആഴം ഉള്‍പ്പടെ രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിക്കുന്നതിനും നടപടിയുണ്ടാവും. ഇറിഗേഷന്‍ വകുപ്പ് ആഴം നിശ്ചയിച്ചു നല്‍കും. കടവുകളില്‍ ലൈഫ് ഗാര്‍ഡിനെ നിയോഗിക്കും. ചെറുകോല്‍ പഞ്ചായത്തിലെ പേരൂച്ചാല്‍ കടവിന്റെ തിട്ട ഇടിഞ്ഞ സാഹചര്യത്തില്‍ അറ്റകുറ്റപ്പണി സാധ്യമായില്ലെങ്കില്‍ കടവ് അടയ്ക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികളും യോഗം വിലയിരുത്തി.
ഇടത്താവളങ്ങളിലെ മാലിന്യം നീക്കം ചെയ്യാനും പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ഭക്ഷണശാലകളിലും ശക്തമായ നിരീക്ഷണം നടത്തും. ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തും.
തദ്ദേശസ്ഥാപന പ്രതിനിധികള്‍, ദുരന്ത നിവാരണം ഡെപ്യുട്ടി കളക്ടര്‍ ജി.ബാബു, നഗരസഭ സെക്രട്ടറിമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: