കൊടുങ്ങല്ലൂര്‍: നടപടിക്രമങ്ങള്‍ പാലിക്കാതെ നിര്‍മാണ പ്രവൃത്തികള്‍ നടത്തിച്ച് അഴിമതിക്ക് കൂട്ടുനിന്ന നഗരസഭ ചെയര്മാന് സി.സി.വിപിന്‍ചന്ദ്രന്‍ രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എല്‍ഡിഎഫ് നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതി അധികാരത്തിലേറിയ ശേഷം ചെയര്‍മാന്റെ നേതൃത്വത്തില്‍ ഭരണം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് സംസ്ഥാനസമിതിഅംഗം ഷാജുമോന്‍ വട്ടേക്കാട്, മണ്ഡലം പ്രസിഡണ്ട് എം.ജി.പ്രശാന്ത്ലാല്‍, ജില്ലാകമ്മിറ്റി അംഗം അഡ്വ. ഡി.ടി.വെങ്കിടേശ്വരന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചട്ടവിരുദ്ധമായി അഞ്ചോളം നിര്‍മാണപ്രവൃത്തികള്‍ക്ക് 20 ലക്ഷത്തോളം രൂപ ചെലവിട്ടു. കോട്ടപ്പുറം കായമാര്ക്കറ്റ്, ചന്തപ്പുര ബസ് സ്റ്റാന്റിലെ കാന, സെപ്റ്റിക് ടാങ്ക് നിര്‍മാണം, ടൗണ്‍ഹാള്‍ അടുക്കള നിര്‍മാണം എന്നീ പ്രവൃത്തികള്‍ നടത്തിയത് യാതൊരുവിധത്തിലുള്ള ചട്ടങ്ങളും പാലിക്കാതെയാണ്. 2016 ജനുവരിയില്‍ പൂര്‍ത്തീകരിച്ച ഈ പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചത് ഒക്ടോബര്‍ ആറിനാണ്. ഇതില്‍ നഗരസഭ സെക്രട്ടറിയും മറ്റുദ്യോഗസ്ഥരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാതെ ധനവിനിയോഗം നടത്തുകവഴി വന്‍ അഴിമതി നടന്നതായി നേതാക്കള്‍ കുറ്റപ്പെടുത്തി.
ചെയര്‍മാന്റെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സെക്രട്ടറി ഓംബുഡ്സ്മാനും തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്. ചെയര്‍മാന്റെ തന്നിഷ്ടപ്രവര്‍ത്തനങ്ങളില്‍ ഇടതുമുന്നണിക്കകത്തും ഭിന്നതയുണ്ടെന്ന് പറയപ്പെടുന്നു. കൊടുങ്ങല്ലൂര്‍ ഭരണിക്ക് നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളില്‍ നിന്നും പണം സമാഹരിച്ച് ഭക്ഷണവിതരണം നടത്തിയെങ്കിലും നാളിതുവരെ ഇതിന്റെ കണക്കുകള്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ ചെയര്മാന് ഒഴിഞ്ഞുമാറുകയാണ്.
കഴിവുറ്റ ഉദ്യോഗസ്ഥരായ ആശുപത്രി സൂപ്രണ്ടും നഗരസഭ സെക്രട്ടറിയും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ പക്ഷംപിടിച്ച് പ്രശ്നം വഷളാക്കുകയായിരുന്നു ചെയര്മാന്. അഴിമതിക്ക് കൂട്ടുനിന്ന ചെയര്‍മാനെതിരെ വിജിലന്‍സിനും ഓബുഡ്സ്മാനും പരാതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: