അടൂര്‍ : കല്ലുകൊത്താനും, ഇരുമ്പുരാകാനുമെന്ന വ്യാജേന പകല്‍ വീടുകളില്‍ കയറി പരിസരം മനസിലാക്കി രാത്രിയില്‍ മോഷണം നടത്തുന്ന സംഘം പൊലീസ് കസ്റ്റഡിയില്‍. തമിഴ്നാട് മധുര പശുമല അണ്ണാനഗര്‍ തെരുവില്‍ ഡോര്‍നമ്പര്‍ 777 ല്‍ മണികണ്ഠന് (49), മകന് തമിഴ്അരശന് (22), ബന്ധു കുമാര്‍ (22) എന്നിവരെയാണ് കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയത്.
ശൂരനാട് പൊലീസ് മറ്റൊരു കേസില്‍ പിടികൂടിയപ്പോഴാണ് അടൂര്‍ സ്റ്റേഷന് അതിര്‍ത്തിയില്‍ ഇവര്‍ നടത്തിയ മോഷണവും തെളിഞ്ഞത്. ഇതിനെ തുടര്‍ന്നാണ് ഇവരെ അടൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് തെളിവെടുക്കും.
സെപ്തംബര്‍ 5 ന് പുലര്‍ച്ചയോടെ ഏനാദിമംഗലം മാരൂര്‍ ഒഴുകുപാറ കിഴക്കേ ചരുവ് വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ മിനിയുടെ കഴുത്തില്‍ കിടന്ന രണ്ടരപവന്റെ സ്വര്‍ണ്ണമാലയും, 6 ന് പുലര്‍ച്ചെ 2.30 ന് പള്ളിക്കല്‍ ജയഭവനം വീട്ടില്‍ സൗമ്യയുടെ കഴുത്തില്‍കിടന്ന രണ്ടര പവന്റെ സ്വര്‍ണ്ണമാലയും അപഹരിച്ച കേസിലാണ് അറസ്റ്റ്. പന്നിവിഴയിലുള്ള രണ്ട് വീടുകളില്‍ നടന്ന മോഷണവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. വീടിന്റെ അടുക്കള വാതില്‍ തിക്കിപൊളിച്ച് അകത്തുകയറി അലമാരയിലെ വിലപിടിപ്പുള്ള സാധനങ്ങളും ഉറങ്ങികിടക്കുന്ന സ്ത്രീകളുടെ കഴുത്തില്‍ കിടക്കുന്ന മാലകളും അപഹരിക്കുന്ന ശൈലിയാണ് ഇവരുടേതെന്ന് പൊലീസ് പറഞ്ഞു.
സി. ആര്. ബിനു, എസ്. ഐ ആര്. മനോജ് കുമാര്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: