കാഞ്ഞങ്ങാട്: ഹൊസ്ദൂര്‍ഗ് ലക്ഷ്മിവെങ്കടേഷ് ക്ഷേത്രത്തില്‍ ചാതുര്‍മാസ വ്രതത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ പുലരുവോളം നടന്ന ദിഗ്വിജയ ഘോഷയാത്രയ്ക്ക് ശേഷം ക്ഷേത്രത്തിലെ സ്വയംസേവകര്‍ മുന്നിട്ടിറങ്ങി നടത്തിയ നഗരശുചീകരണം ഘോഷയാത്രയോടൊപ്പം തന്നെ ചരിത്രത്തിന്റ ഭാഗമായി. ദിഗ്വിജയഘോഷയാത്ര കഴിഞ്ഞ് തെല്ലും വിശ്രമിക്കാതെ സ്വയംസേവകര്‍ ചാക്കുകളുമായി നഗര ശുചീകരണത്തിനിറങ്ങുകയായിരുന്നു. ഇത് നാടിന്റെ ശുചിത്വം നമ്മുടെ തന്നെ കടമയാണെന്ന ഓര്‍മ്മപ്പെടുത്തലായി. അക്ഷരാര്‍ത്ഥത്തില്‍ ക്ഷേത്രത്തിലെ സ്വയംസേവകര്‍ക്കും സേവികമാര്‍ക്കും വിശ്രമമില്ലാത്ത ദിനമായിരുന്നു ഘോഷയാത്ര നടന്ന കഴിഞ്ഞ ഞായറാഴ്ച്ച.
കാശി മഠാധിപതി സംയമീന്ദ്ര തീര്‍ത്ഥയുടെ ചാതുര്‍മാസ വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായാണ് ദിഗ്വിജയഘോഷയാത്ര സംഘടിപ്പിക്കപ്പെട്ടത്. കാശിമഠാധിപതിയായി സ്ഥാനാരോഹിതനായ ശ്രീമദ് സംയമീന്ദ്ര തീര്‍ത്ഥയുടെ ആദ്യത്തെ ദിഗ്വിജയ ഘോഷയാത്ര ആയതിനാല്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനു ഭക്തരെത്തുമെന്ന് സംഘാടകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കാഞ്ഞങ്ങാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഘോഷയാത്ര കാണാന്‍ നാട്ടുകാര്‍ മുഴുവനും ഒഴുകിയെത്തിയതോടെ സംഘാടകരുടെ എല്ലാ കണക്കൂട്ടലുകളും തെറ്റുകയായിരുന്നു. ഘോഷയാത്രയില്‍ കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യാന്‍ വിവിധ സ്ഥലങ്ങളില്‍ ഏര്‍പ്പാടുചെയ്തിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനാണ് പത്ത് മണിക്കൂര്‍ നീണ്ട ഘോഷയാത്രയുടെ ക്ഷീണം വകവെക്കാതെയാണ് എച്ച്.വിനോദ് കിണി, പി.ശോഭന്‍ ഭക്ത, നാമദേവ ഷേണായ് എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം സ്വയംസേവകര്‍ മുന്നിട്ടിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: