കോഴിക്കോട്: ജില്ലയിലെ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ബയോമെട്രിക് കാര്‍ഡ് വിതരണവും മത്സ്യബന്ധന ബോട്ടുകളുടെ കളര്‍കോഡിംഗും പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ എന്‍.പ്രശാന്ത് ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റില്‍ ചേര്‍ന്ന തീരസുരക്ഷാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യബന്ധന തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന വിവിധ ആനുകൂല്യങ്ങള്‍ ബയോമെട്രിക് കാര്‍ഡുമായി ബന്ധിപ്പിക്കുകയാണ്. കാര്‍ഡുകളുടെ വിതരണം അറുപത് ശതമാനത്തിലധികം പൂര്‍ത്തിയായിട്ടുണ്ട്. ശേഷിക്കുന്നവര്‍ക്ക് കൂടി കാര്‍ഡു നല്‍കുന്നതിനായി ക്യാമ്പുകള്‍ സംഘടിപ്പിക്കും. മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് കൈവശം ബയോമെട്രിക് കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ തീരസുരക്ഷയുമായി ബന്ധപ്പെട്ട് നടത്തുന്ന പരിശോധനകള്‍ എളുപ്പമാവും. കാര്‍ഡ് ലഭ്യമായിട്ടുളളവര്‍ ഒറിജിനല്‍ കാര്‍ഡുകള്‍ തന്നെ കൈവശം കരുതേണ്ടതാണ്.
വടകര തീരദേശ പോലീസ് സ്റ്റേഷന്റെ പണി പൂര്‍ത്തിയായിവരുന്നതായും വൈളളയില്‍ പൊലീസ് സ്റ്റേഷന്റെ പണി നടന്നു വരുന്നതായി ബന്ധപ്പെട്ടവര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ 20 കേന്ദ്രങ്ങളിലാണ് മത്സ്യബന്ധന ബോട്ടുകള്‍ക്ക് അടുക്കാന്‍ അനുമതി നിശ്ചയിച്ചിട്ടുളളത്. മറ്റിടങ്ങളില്‍ വളളങ്ങള്‍ അടുക്കുന്നത് കര്‍ശനമായി തടയാന്‍ നടപടി സ്വീകരിക്കും. മത്സ്യതൊഴിലാളികള്‍ക്കായി നവംബര്‍ മാസത്തില്‍ ബേപ്പൂര്‍, വടകര, കൊയിലാണ്ടി, പുതിയാപ്പ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുളളതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു.
സബ് കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, ഡെപ്യൂട്ടി കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍, അസി. കളക്ടര്‍ കെ. ഇമ്പശേഖര്‍, ഓഫീസര്‍ ഓണ്‍ ജോയിന്റ് ഓപ്പറേഷന്‍സ് സി.വി. ടോമി എന്നിവര്‍ പങ്കെടുത്തു.
















