പന്തളം: തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസ്സില്‍ നിന്നും 70,845 രൂപയുടെ ടിക്കറ്റുകള്‍ മോഷ്ടിച്ചുകൊണ്ട് യാത്രക്കാരന് കടന്നു. ചെവ്വാഴ്ച പുലര്‍ച്ചെ 3 മണിക്ക് പന്തളത്തു വച്ചാണ് സംഭവം.
തൂത്തുക്കുടിയില്‍ നിന്നും ചങ്ങനാശ്ശേരിക്കു പോകുകയായിരുന്നു ബസ്. തെങ്കാശിയില്‍ നിന്നും കയറിയ യാത്രക്കാരന് ആദ്യം കൊട്ടാരക്കരയ്ക്കു ടിക്കറ്റെടുക്കുകയും കൊട്ടാരക്കരയെത്തിയപ്പോള്‍ പന്തളത്തിനു ടിക്കറ്റെടുക്കുകയുമായിരുന്നു. മദ്യപിച്ചിരുന്ന ഇയാള്‍ ബസ്സില്‍ ബഹളമുണ്ടാക്കിയതോടെ കണ്ടക്ടര്‍ ഏനാത്ത് പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസ് സംഘത്തെ വിവരമറിയിച്ചു. പോലീസുകാര്‍ യാത്രക്കാരനെ താക്കീത് ചെയ്തു. ബസ് പന്തളത്ത് നിര്‍ത്തിയപ്പോള്‍ കണ്ടക്ടര്‍ ബോക്സില്‍ സൂക്ഷിച്ചിരുന്ന ടിക്കറ്റുകളെടുത്ത് ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. പോലീസ് താക്കീത് ചെയ്തതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു.
കണ്ടക്ടര്‍ പോള്‍രാജ് ഇയാളെ കുറെ പിന്തുടര്ന്നെങ്കിലും പിടിക്കാനായില്ല. ഓട്ടത്തിനിടയില്‍ ഇയാള്‍ ഉപേക്ഷിച്ച 24,300 രൂപയുടെ ടിക്കറ്റുകള്‍ തിരികെ കിട്ടി. ബസില്‍ യാത്രക്കാരുള്ളതിനാല്‍ യാത്ര മുടക്കാതെ ചങ്ങനാശ്ശേരിയിലെത്തിയ ബസ് തിരികെ വരുംവഴി പന്തളത്തെത്തി കെഎസ്ആര്‍ടിസി അധികൃതരുടെ സഹായത്തോടെ കണ്ടക്ടര്‍ പന്തളം പോലീസില്‍ പരാതി നല്കി.
കഴിഞ്ഞ 21ന് രാത്രി 10.20ന് തിരുവനന്തപുരത്തു നിന്നും വൈക്കത്തിനു പോയ ബസ്സിനു നേരെ കുരമ്പാല ജംഗ്ഷനില്‍ വച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ കല്ലെറിഞ്ഞതിനു ശേഷം രക്ഷപെട്ടിരുന്നു. കല്ലേറില്‍ ബസ്സിന്റെ ചില്ലുപൊട്ടി ഡ്രൈവര്‍ വിനോദിനു നിസ്സാര പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: