പത്തനംതിട്ട: യാത്രയ്ക്കിടയില്‍ വാഹനത്തില്‍ നിന്നും തെറിച്ചുപോയ അഞ്ചര പവന് സ്വര്‍ണ്ണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള രേഖകളും വഴിയില്‍ നിന്നും ഏനാത്ത് പോലീസ് കണ്ടെടുത്ത് ഉടമയ്ക്ക് തിരിച്ചു നല്കി. എംസി റോഡില്‍ ഏനാത്ത് ഫെഡറല്‍ബാങ്ക് എടിഎംന് സമീപത്തായാണ് തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള ബാഗ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. മൂകാബികക്ഷേത്ര ദര്‍ശനം നടത്തി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഓട്ടോയില്‍ വീട്ടിലേക്ക്പോയ പൂവറ്റൂര്‍ വിനോദ് വിഹാറില്‍ വിനോദ്, ഭാര്യ ദിവ്യ എന്നിവരടങ്ങിയ സംഘത്തിന്റെ ബാഗാണ് യാത്രയ്ക്കിടെ തെറിച്ച് റോഡില്‍ വീണത്. നൈറ്റ് പട്രോളിംഗ് നടത്തിയ പോലീസ് റോഡില്‍ കിടന്ന ബാഗ് എടുത്ത് പരിശോധിച്ചപ്പോഴാണ് നാല് പവന്റെയും ഒരു പവന്റെയും സ്വര്‍ണ്ണമാല, അരപവന്റെ ചെയിന്‍ എന്നിവയും, പാന്‍കാര്‍ഡ്, എടിഎം കാര്‍ഡ് ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങളും കണ്ടെത്തിയത്. ബാഗില്‍ നിന്നും ലഭിച്ച മേല്‍വിലാസത്തില്‍ ബന്ധപ്പെട്ട പോലീസ് ഇവരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തിരികെ ഏല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: