ന്യൂദല്‍ഹി: ടാറ്റ സണ്‍സിന്റെ ചെയര്മാന് സ്ഥാനത്ത് നിന്ന് സൈറസ് പലോഞ്ചി മിസ്ത്രിയെ നീക്കി. കമ്പനി ബോര്‍ഡംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം. മിസ്ത്രിക്ക് പകരം രത്തന്‍ ടാറ്റയെ ഇടക്കാല ചെയര്‍മാനായി നിയമിച്ചു. നാല് മാസത്തേയ്ക്കാണ് രത്തന്‍ ടാറ്റയെ നിയമിച്ചിരിക്കുന്നത്.
നാലു മാസത്തിനകം പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാനായി രത്തന്‍ ടാറ്റയെ ഉള്‍പ്പെടുത്തി സെലക്ഷന് കമ്മിറ്റിയും രൂപീകരിച്ചു. രത്തന്‍ ടാറ്റയെ കൂടാതെ ടിവിഎസ് ഗ്രൂപ് മേധാവി വേണു ശ്രീനിവാസന്, ബെയ്ന്‍ ക്യാപിറ്റലിന്റെ അമിത് ചന്ദ്ര, മുന്‍ നയതന്ത്രജ്ഞന് റോണെന്‍ സെന്‍, ലോര്‍ഡ് കുമാര്‍ ഭട്ടാചാര്യ എന്നിവരടങ്ങുന്ന അഞ്ചംഗ കമ്മിറ്റിയെയാണ് രൂപീകരിച്ചിരിക്കുന്നത്.
2012 ഡിസംബര്‍ 29ന് രത്തന്‍ ടാറ്റ ഒഴിഞ്ഞ ശേഷമാണ് സൈറസ് മിസ്ത്രി ടാറ്റയുടെ ചെയര്‍മാനായി എത്തുന്നത്. 2006ലാണ് മിസ്ത്രി ഡപ്യൂട്ടി ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നത്. തുടര്‍ന്ന് 2012ലാണ് ടാറ്റ സണ്‍സിന്റെ ഏറ്റവും വലിയ ഓഹരി പങ്കാളിയായ പലോന്‍ജി മിസ്ത്രിയുടെ പ്രാതിനിധ്യത്തില്‍ മകനായ സൈറസ് മിസ്ത്രി ചെയര്‍മാനാകുന്നത്. ടാറ്റാ സ്റ്റീലിന്റെ ചെയര്‍മാനായിരുന്ന റൂസി മോഡിയ്ക്കുശേഷം ടാറ്റാ കുടുംബത്തില്‍ നിന്നല്ലാതെ ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെയാളായിരുന്നു സൈറസ് മിസ്ത്രി.
അതേസമയം ചെയര്മാന് സ്ഥാനത്ത് നിന്ന് മിസ്ത്രിയെ നീക്കിയതിന്റെ കാരണം വ്യക്തമായിട്ടില്ല. എന്നാല്‍ മിസ്ത്രിയുടെ സമീപനത്തിലുള്ള ടാറ്റ സണ്‍സിന്റെ അതൃപ്തിയാണ് ചെയര്മാന് സ്ഥാനത്ത് നിന്നുള്ള മാറ്റത്തിന് വഴിവച്ചതെന്നാണ് സൂചന.
അരനൂറ്റാണ്ടോളം ടാറ്റ ഗ്രൂപ്പില്‍ സേവനമനുഷ്ഠിച്ച രത്തന്‍ ടാറ്റ തന്റെ എഴുപത്തിയഞ്ചാം വയസ്സിലാണ് വിശ്രമജീവിതത്തിനായി വിട പറഞ്ഞത്. 21 വര്‍ഷമായി ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം. ലോക ശ്രദ്ധയിലെയ്ക്ക് ടാറ്റ ഗ്രൂപ്പിനെ നയിച്ചത് രത്തന്‍ ടാറ്റയാണ്. ടാറ്റ ചായയിലൂടെയാണ് ടാറ്റ ഗ്രൂപ്പ് തുടങ്ങുന്നത്. ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടാര്‍ എന്നിവയുടെ ഗുണമേന്മയും കമ്പനിയെ ലോകോത്തര നിലവാരത്തിലേയ്ക്ക് എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: