നീലേശ്വരം: കേള്‍വി ശക്തി നഷ്ടപ്പെട്ട് തൊഴിലുപേക്ഷിക്കേണ്ടി വന്നപ്പോഴും ജീവിതത്തിനു മുന്നില്‍ പതറാതെ മറ്റൊരു തൊഴില്‍ കണ്ടെത്തി നാട്ടുകാര്‍ക്ക് മുന്നില്‍ വിസ്മയമാകുകയാണ് പിലിക്കോട് പഞ്ചായത്ത് വെള്ളച്ചാല്‍ തെക്കിലെ കെ.സുധാകരന്. കഠിനാധ്വാനമുള്ള ജോലി സ്വന്തം കേള്‍വി ശക്തി നഷ്ടപ്പെടുത്തിയപ്പോള്‍ വിധിയുടെ മുന്നില്‍ പകച്ചു നിന്നതാണ് സുധാകരന്. എന്നാല്‍ വിധിയല്ലിത് ജീവിതമാണെന്ന് കാണിച്ച് ഇദ്ദേഹം ഒരുക്കുന്ന കരകൗശല വസ്തുക്കള്‍ക്ക് മുന്നില്‍ ഇന്ന് വിസ്മയിച്ചു നില്ക്കാനെ ആര്‍ക്കും സാധിക്കു. ഈ പ്രതിഭയുടെ കൈകളിലെ കുരുത്തോലകളില്‍ വിരിയുന്ന പൂക്കളും ചെടികളും യാഥാര്‍ഥ്യത്തെയും വെല്ലുന്നതാണ്.
ചെങ്കല്‍ തൊഴിലാളിയായിരുന്നു സുധാകരന്. ജീവിതം കരുപ്പിടിപ്പിക്കാന്‍ വര്‍ഷങ്ങളോളം കല്ലുവെട്ടു യന്ത്രം കയ്യിലെടുത്തു. എന്നാല്‍ ആറുവര്‍ഷം മുമ്പ് കല്ലുവെട്ട് യന്ത്രത്തിന്റെ ശബ്ദമലിനീകരണം കൊണ്ട് ഇദ്ദേഹത്തിന്റെ കേള്‍വി ശക്തി പൂര്‍ണ്ണമായും നഷ്ടമായി. മംഗളൂരുവിലും കോഴിക്കോടും ലക്ഷങ്ങള്‍ ചെലവിട്ട് നടത്തിയ ചികിത്സയില്‍ കാതുകളില്‍ ഒന്നിലൂടെ ഇപ്പോള്‍ ചെറുതായി ശബ്ദങ്ങള്‍ കേള്‍ക്കാം. എന്നാല്‍ വലിയ ശബ്ദങ്ങള്‍ വല്ലാതെ അലോസരപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ മറ്റു തൊഴിലുകളൊന്നും ചെയ്യാനാകാതെ വന്നതോടെയാണ് കരകൗശല നിര്‍മാണ മേഖലയിലേക്ക് തിരിഞ്ഞത്. ഇന്ന് സുധാകരന് തന്റെ ജീവിനോപാധിയാണ് കുരുത്തോല, ചിരട്ട, ചകിരി, തേങ്ങ തുടങ്ങിയവ.
കുരുത്തോലകള്‍ പ്രത്യേക രീതിയില്‍ സംസ്കരിച്ചാണ് ചെടികളുടെ ഇലകളും മറ്റും നിര്‍മ്മിക്കുന്നത്. ഒറ്റ നോട്ടത്തില്‍ പ്ലാസ്റ്റിക് ഷീറ്റുകളാണെന്ന് തോന്നുമെങ്കിലും സൂക്ഷ്മതയോടെ നിരീക്ഷിച്ചാല്‍ മാത്രമേ കുരുത്തോലയിലെ വിസ്മയമാണിതെന്ന് മനസിലാകൂ. ചിരട്ടകൊണ്ടുള്ള വീട്ടുപകരണങ്ങളും നിര്‍മിച്ചുനല്‍കുന്നുണ്ട്. സുധാകരന് സഹായമായി ഭാര്യ ഷീജയും മക്കളായ ശ്രീലക്ഷ്മിയും ശ്രീരാഗും കൂടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: