മുളംകുന്നത്തുകാവ്: അധികാരവികേന്ദ്രീകരണത്തെക്കുറിച്ചും പങ്കാളിത്ത ആസൂത്രണത്തെക്കുറിച്ചും പഠിക്കുന്നതിനു ഉത്തര്‍പ്രദേശില്‍നിന്നുള്ള ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥന്മാരുടേയും സംഘം കിലയിലെത്തി. യു.പി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അഭയ്കുമാര്‍ സാഹി, പഞ്ചായത്ത് രാജ് അഡീഷ്ണല്‍ ഡയറക്ടര്‍ രാജേന്ദ്രസിംഗ്, പഞ്ചായത്ത് വകുപ്പിന്റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ സുനിതാസിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ പതിനഞ്ചുപേരുണ്ട്.
സംഘാംഗങ്ങള്‍ക്കു കിലയില്‍ സംഘടിപ്പിച്ച പരിശീലനപരിപാടി കില ഡയറക്ടര്‍ ഡോ.പി.പി. ബാലന് ഉദ്ഘാടനം ചെയ്തു. കോര്‍ഡിനേറ്റര്‍ കെ.എം.തോമസ് സംസാരിച്ചു. സി.രാധാകൃഷ്ണന്, ഡോ.സണ്ണി ജോര്‍ജ്, ഡോ.ജെ.ബി.രാജന് തുടങ്ങിയവരാണ് അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനപരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നത്.
യു.പി.യില്‍ 58,000 ഗ്രാമപഞ്ചായത്തുകളുണ്ടെങ്കിലും കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ അധികാരങ്ങളോ ചുമതലകളോ ഇല്ല. ഒരു പഞ്ചായത്തിലെ ജനസംഖ്യ 1200 ആണ്. കെട്ടിടനികുതി ഉള്‍പ്പെടെ മറ്റ് നികുതികളൊന്നുമില്ല. സെക്രട്ടറി മാത്രമാണ് ഏക ഉദ്യോഗസ്ഥന്. ഓരോ വര്‍ഷവും സംസ്ഥാനസര്‍ക്കാര്‍ 12 ലക്ഷം രൂപ വീതം ഗ്രാന്റ് നല്‍കും. തങ്ങള്‍ക്കു കൂടുതല്‍ അധികാരങ്ങള്‍ വേണമെന്നും തനതു ഫണ്ടു സ്വരൂപിക്കുന്നതിനു അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിവരുന്ന സാഹചര്യത്തിലാണ് ഇതേക്കുറിച്ച് കൂടുതലറിയാനും പഠിക്കാനുമായി ഔദ്യോഗിക സംഘം കിലയിലെത്തിയത്.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്, തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത്, തളിക്കുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും സംഘം സന്ദര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: