പ്രണയമറിയാത്ത മനസ്സുകളുണ്ടാകില്ല. പ്രണയമെഴുതാത്ത എഴുത്തുകാരും. എത്രയെടുത്താലും ഉറവവറ്റാത്ത ഒരരുവിയാണ് പ്രണയം. എത്രയെഴുതിയാലും തീരില്ല, ഏത് വായനയിലും മടുക്കില്ല. കാരണം പ്രണയം ആരെഴുതിയാലും വായനയുടെ ആഴങ്ങളില്‍ ഓരോരുത്തരും അതില്‍ തങ്ങളുടെ പ്രണയമാണ്, പ്രണയിയെയാണ് ദര്‍ശിക്കുന്നത്. ഒരുപക്ഷേ, പ്രണയത്തിനു മാത്രം അവകാശപ്പെടാവുന്ന ഒന്ന്. അതുകൊണ്ടുതന്നെയാണല്ലോ ലോകമുണ്ടായ കാലം മുതലുള്ളതായിട്ടും പ്രണയമിപ്പോഴും അതിന്റെ കൗമാരം കടക്കാത്തത്, ഏതു പ്രായക്കാരേയും തന്റെ കൈപിടിച്ചു കൗമാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്.
എല്ലാവര്ക്കും വേദ്യമായ കുറച്ച് അക്ഷരങ്ങള്‍, അവയെത്രഭംഗിയായി കോര്‍ത്തുവെയ്ക്കുന്നു എന്നതിലാണ് എഴുത്തിന്റെ മാധുര്യമിരിക്കുന്നത്. അത് കവിതയായാലും കഥയായാലും ലേഖനമായാലും. നമുക്ക് ചിരപരിചിതമായ കുറച്ച് അക്ഷരങ്ങളെ, വാക്കുകളെ പ്രണയത്തിന്റെ നൂലില്‍ അതിമനോഹരമായി കോര്‍ത്തുവച്ചിരിക്കുകയാണ് നിന്നെ തേടിയ പ്രണയഭാവങ്ങള്‍ എന്ന കവിതാസമാഹാരത്തില്‍ അനുപമ എം. ആചാരി. അനുഭവിക്കാത്തവര്‍ക്ക് വെറുതേ വായിച്ചുപോകാവുന്നവ. എന്നാല്‍ ഒരിക്കലെങ്കിലും പ്രണയമറിഞ്ഞവര്ക്ക് ആ മനോഹരലോകത്തുനിന്ന് മടങ്ങാന്‍ മനസ്സുതോന്നിക്കാത്തത്ര മധുരമായവ.
ഓരോ കവിതകളും ഓരോ കഥകള്‍ തന്നെയാണ്. മറ്റുള്ളവരുടെ പ്രണയത്തില്‍ നിന്ന് കടംകൊണ്ടത് എന്ന് എഴുത്തുകാരി പറയുമ്പോഴും പ്രണയമുള്ള മനസ്സിനല്ലാതെ മറ്റുള്ളവരുടെ പ്രണയത്തെ ഇത്ര ഭംഗിയായി നോക്കിക്കാണാനാകില്ലായെന്ന സത്യം നിലനില്ക്കുന്നു. എനിക്ക് നിന്നോട് കാമമില്ലായെന്നു വിളിച്ചുപറയുന്ന അതേ കാമിനിതന്നെയാണ് അവനോടുള്ള പ്രണയം അഗ്നിയായി സിരകളില്‍ ആളുന്നുവെന്നു തന്റെ പ്രണയിയോടു പറയുന്നതും. ലോകം അവനിലേക്ക് ചുരുങ്ങി പൂവിലും പൂമ്പാറ്റയിലും പുഴുവില്‍പ്പോലും തന്റെ പ്രണയം കാണുന്ന ലോലഹൃദയയായ കാമുകിയും, ഭോഗവസ്തുക്കളെല്ലാം ഭസ്മമാണെന്ന തിരിച്ചറിവില്‍ അഭിനിവേശമെന്ന കാമുകന്റെ ശവത്തിനുമേല്‍ നൃത്തം ചെയ്യാനാഗ്രഹിക്കുന്ന അഘോരിണിയും ഒരേ തൂലികയില്‍ നിന്ന് പിറന്നുവീഴുന്നതിന്റെ വിരോധാഭാസവും ഈ കവിതകളില്‍ നമുക്ക് കാണാന്‍ കഴിയും.
അഞ്ചുപുരുഷന്മാരുടെ പ്രണയം മനസ്സിലും ശരീരത്തിലും ഏറ്റുവാങ്ങിയപ്പോഴും അനാഥയായി ജീവിക്കേണ്ടിവന്ന ദ്രൗപതിയും കവിതയിലെ കാഴ്ചയാണ്. കൂടാതെ പ്രണയമെഴുതിയ കുറച്ചു ലേഖനങ്ങളും. വായനയെ ഇഷ്ടപ്പെടുന്നവര്‍ക്ക്, പ്രണയം കാത്തുവച്ചൊരു മനസ്സുള്ളവര്‍ക്ക് ഒരിക്കലും നഷ്ടമാകില്ല ഈ വായനയ്ക്ക് വേണ്ടി ചിലവിടുന്ന ഇത്തിരി സമയം. www.cottonkappy.com എന്ന വെബ്സൈറ്റില്‍ നിന്ന് ഈ പുസ്തകം വാങ്ങാം. വില 120 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക: