രാമാഞ്ഞാല്‍, ഇരുട്ടു പോയാല്‍ വെളിച്ചമായി. എന്നുവെച്ചാല്‍ തെളിച്ചമായി. ഈ തെളിച്ചം ഇല്ലാത്തത് വല്ലാത്ത പ്രശ്നമാണ്. തെളിച്ചത്തിലേക്ക് നയിക്കേണ്ടവര്‍ വാസ്തവത്തില്‍ അതിനു തയാറാവുന്നില്ല. അഥവാ തയാറായാല്‍ തന്നെ മൊത്തക്കണക്കില്‍, അല്ലെങ്കില്‍ ഒരു പൊതു അഭിപ്രായ പ്രകടനത്തില്‍ ആയത് ഒതുക്കുന്നു. ഉദാഹരണത്തിന് കണ്ണൂര്‍ എടുക്കുക. കരുണയുടെ ഊരാവേണ്ടിയിരുന്ന കണ്ണൂര്‍ ഇപ്പോള്‍ കണ്ണീരിന്റെ ഊരായിരിക്കുന്നു.
ആ കണ്ണൂരില്‍ ഇരു വിഭാഗത്തിലുള്ളവര്‍ പരസ്പരം വെട്ടിക്കൊല്ലുന്നു. ഇരുകൂട്ടരും കൊലപാതകം നിര്‍ത്തണം എന്നിങ്ങനെ അഭിപ്രായപ്പെടുന്നു എന്നു കരുതുക. വാസ്തവത്തില്‍ അത് ശരിയാണോ? 1969 മുതല്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി അസഹിഷ്ണുതയുടെ അസ്ത്രമുനകളുമായി തിറയാട്ടം നടത്തുകയാണവിടെ. എല്ലാം വരുത്തിക്കൂട്ടി, തങ്ങള്‍ മാനവികതയുടെ വക്താക്കളാണെന്ന് തൊണ്ടപൊട്ടുമാറുച്ചത്തില്‍ ആര്‍ത്തുവിളിക്കുന്നു. എന്നാല്‍ സ്ഥിതിയെന്താണ്?
ജനാധിപത്യസംവിധാനം നടമാടുന്ന സംസ്ഥാനത്ത് സ്വന്തം ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കാനും സ്വയം പാലിക്കാനും അവകാശമില്ലെന്നു വന്നാല്‍ എന്തു ചെയ്യും? വടിവാളും ബോംബും കൈമഴുവുമായി വരുന്നവനോട് വേദമോതാന്‍ പറ്റുമോ? നിലനില്‍പ്പിന്റെ അവസാന നെല്ലിപ്പലകയും തകരാന്‍ തുടങ്ങുമ്പോള്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തെ കൊലപാതകമായി വ്യാഖ്യാനിക്കാന്‍ കഴിയുമോ? അങ്ങനെ ചെയ്യുന്നവര്‍ ശരിക്കും രാവിലൂടെ യാത്ര ചെയ്യുന്നവരാണ്. അവരുടെ മനസ്സില്‍ നിന്ന് ‘രാ’മാഞ്ഞിട്ടില്ല, കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. അങ്ങനെ സമൂഹത്തിലേക്ക് ‘രാ’വിന്റെ അണുക്കളെ പടര്‍ത്തിവിടുന്നവര്‍ അറിയാനായി ചെറിയൊരു സംഭവഗതിയിലേക്കു യാത്ര പോവാം. നമ്മുടെ ഈ കേരളത്തില്‍ തന്നെയുള്ള ഒരു പ്രദേശത്ത് ‘രാ’മാഞ്ഞതിന്റെ നേര്‍ചിത്രമാണ് അത്.
ആനേശ്വരത്തപ്പന്റെ കൃപാകടാക്ഷങ്ങള്‍ക്ക് പാത്രീഭൂതരായ തൃപ്രയാറിനടുത്ത ചെമ്മാപ്പിള്ളി ഗ്രാമവാസികളുടെ ഒരു ചടങ്ങാണ് വിഷയം. രാമായണ കാലത്തിന്റെ സുകൃത സാന്നിധ്യത്തിലേക്ക് അവിടെയുള്ളവര്‍ മുഴുവന്‍ എത്തുന്ന അനുഭൂതിയാണ് ഇക്കഴിഞ്ഞ ഒക്ടോ. 12 ന് ഉണ്ടായത്. അവിടത്തെ ശ്രീരാമന്‍ചിറയില്‍ സേതുബന്ധനത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്ന ചിറകെട്ട് ചടങ്ങില്‍ ആബാലവൃദ്ധം ജനങ്ങള്‍ അത്യുത്സാഹത്തോടെ പങ്കെടുത്തു. അവിടത്തുകാരില് നിന്ന് നേരത്തെ തന്നെ രാ മാഞ്ഞതിന്റെ പ്രത്യക്ഷ ഉദാഹരണമാണല്ലോ ആനേശ്വരത്തപ്പന്റെ പ്രിയപ്പെട്ട കരിംകയുടെ ജീവിതം. വ്രതപുണ്യത്തിന്റെ വിശുദ്ധിയും ശൈവചൈതന്യത്തിന്റെ തുടിപ്പും ചേര്‍ന്ന ഒരു വ്യക്തിത്വമായി അദ്ദേഹം ഈ ചടങ്ങിലൊക്കെ ഒളിപരത്തിക്കൊണ്ടിരുന്നു എന്നാണ് സേതുബന്ധനചടങ്ങ് സംഘാടക സമിതിയിലെ സജീവ സാന്നിദ്ധ്യമായ ഗിരീഷ് അറിയിച്ചത്. കരിംകയുടെ സ്നേഹമസൃണമായ ഫോണ്‍വിളി ചിലപ്പോഴൊക്കെ കാലികവട്ടത്തെ തേടിയെത്താറുണ്ട്. നന്മയുടെ ആകാര വടിവുകളില്‍ നിന്നുള്ള വാത്സല്യത്തിന്റെ ചന്ദന ഗന്ധം അപ്പോഴൊക്കെ അരികിലുണ്ടാവാറുമുണ്ട്.
ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ചിറയില്‍ സേതുബന്ധനം നടത്തുന്ന ചടങ്ങില്‍ പങ്കെടുത്തവര്‍ നെഞ്ചേറ്റിയത് സ്നേഹസമര്‍പ്പണത്തിന്റെ ഗരിമയാണ്. ഇതിനെക്കുറിച്ചുള്ള ഗിരീഷിന്റെ ഇ മെയ്ല് കുറിപ്പില്‍ ഹൃദയസ്പൃക്കായി അത് വിവരിക്കുന്നുണ്ട്. നോക്കുക: ഓരോ ഭക്തനും അല്പ സമയമെങ്കിലും സ്വയം അണ്ണാറക്കണ്ണനായി മാറുന്ന ഒരു ദിനം! സേതുബന്ധനത്തിന് ഭഗവാനെ സഹായിച്ച് ഭഗവത്കൃപ മൂന്നുവരകളായി തന്റെ ദേഹത്ത് ചേര്‍ത്ത്, ആത്മഹര്ഷത്തോടെ ഭഗവത് ലീലകളോരോന്നായി നമ്മെ ഓര്‍മ്മിപ്പിക്കുന്നു അതേ അണ്ണാറക്കണ്ണന്. മാനവരും വാനവരും വാനരരും ഒരു മനസ്സായി ലക്ഷ്യം കൈവരിക്കുവാന്‍ നടത്തിയ വലിയൊരു ശ്രമത്തിന് തന്റേതായ സംഭാവന നല്കിയ അണ്ണാറക്കണ്ണനാകാന്‍ ഒരുപിടി മണ്ണുമായി ഭക്തര്‍ കന്നിയിലെ തിരുവോണ നാളില്‍ (ഒക്ടോ 11) ചെമ്മാപ്പിള്ളി ഗ്രാമത്തിലെ ശ്രീരാമന്ചിറയിലെത്തുകയായി.
കഴിഞ്ഞ രണ്ടായിരത്തിലധികം വര്‍ഷങ്ങളായി തുടരുന്ന ഒരു പുണ്യ പ്രവൃത്തിയുടെ തുടര്‍ച്ച. വര്‍ഷാവര്‍ഷം സേതുബന്ധിച്ച് ഈ സ്മരണ പുതുക്കുമ്പോള്‍ ഭഗവത് കാരുണ്യം നിറയ്ക്കാന്‍ മുതലപ്പുറമേറി തൃപ്രയാറപ്പന് ആ മണ്ണിലെത്തുന്നു. അത് വിശ്വാസമാണ.് ആ വിശ്വാസത്തിന്റെ നിറച്ചാര്‍ത്ത് ആനേശ്വരത്തപ്പന്റെ മണ്ണില്‍ ആര്‍ക്കുവേണമെങ്കിലും ദര്‍ശിക്കാവുന്നതുമാണ്. രാമായണത്തിന്റെ അദൃശ്യ സാന്നിധ്യത്താല്‍ ഇവിടെയുള്ള ഇരുട്ട് മറഞ്ഞുപോവുകയും സ്നേഹസൂര്യന്‍ അവിടെയൊക്കെ ഒളി പരത്തുകയും ചെയ്യുന്നു.
ഇത്തവണത്തെ ചടങ്ങുകളില്‍ ശബരി സല്‍ക്കാരമായിരുന്നു പ്രത്യേകത. അന്ന് രാവിലെ 11.30ന് വിവിധ ജാതി മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒത്തുകൂടി തമ്മില്‍തമ്മില്‍ ഭക്ഷണം കൈമാറിക്കഴിച്ച അപൂര്‍വ സുന്ദരമായ ഒരുത്സവം തന്നെയായിരുന്നു അത്. അതിന് വഴിവെച്ചത് മത്സ്യക്കച്ചവടക്കാരനായ പോക്കാക്കില്ലത്ത് പി. ഐ. ഹൈദ്രു എന്ന ഹൈദ്രുക്കയായിരുന്നു. വരുന്ന ഭക്തര്‍ക്ക് ഭക്ഷണം നല്‍കിക്കൂടേയെന്നും അതിന് തന്റെ വിഹിതം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. വരും വര്‍ഷങ്ങളിലും അന്നദാനത്തിനുള്ള ചിലവ് വഹിക്കാമെന്നും അറിയിച്ചു. അത് വല്ലാത്തൊരനുഭൂതിയുണ്ടാക്കിയെന്ന് സംഘാടകര്‍.
മറ്റൊരാളെ സല്‍ക്കരിക്കുന്നത് ദൈവതുല്യ പ്രവൃത്തിയായാണ് കണ്ടത്. അതേപോലെ ശ്രീരാമന് ചിറയിലേക്കുള്ള ഘോഷയാത്രയ്ക്ക് ചെമ്മാപ്പിള്ളി നൂറുല്‍ഹുദാ മദ്രസയിലെ പൂര്‍വ വിദ്യാര്‍ത്ഥികളും ഇര്‍ഷാദിയ കലാവേദി ഭാരവാഹികളും ചേര്‍ന്ന് ഹൃദ്യമായ വരവേല്‍പ്പ് നല്‍കുകയും ചെയ്തു. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പത്മനാഭന് നമ്പൂതിരിപ്പാട് സേതുബന്ധനച്ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ശ്രീരാമനെ ചിറ കെട്ടാന്‍ സഹായിച്ച അണ്ണാറക്കണ്ണനെ ഓര്‍മ്മിച്ചുകൊണ്ട്, ഭക്തര്‍ ഒരുപിടി മണ്ണ് സമര്‍പ്പിച്ച് സേതുബന്ധന വന്ദനം നടത്തി. ആ ഒരു പിടിമണ്ണില്‍ ഓരോരുത്തരുടേയും മനസ്സുണ്ട്. ആ മനസ്സില്‍ നിന്ന് ‘രാ’മാഞ്ഞിരിക്കുന്നു.
അവിടെയുള്ളത് സദാ സര്‍വഥാ നിറഞ്ഞു കത്തുന്ന സ്നേഹദീപം മാത്രം. ചെമ്മാപ്പിള്ളിയെന്ന ഗ്രാമവും അവിടെ നിന്നുയരുന്ന മാനവികതയുടെ ആര്‍ദ്രത ഉറവ പൊട്ടുന്ന സംസ്കാരവും നമ്മെ ആനന്ദിപ്പിക്കുന്നില്ലേ? ആനേശ്വരത്തപ്പന്റെ സന്തതസഹചാരിയായ കരിംകയെന്ന മനുഷ്യന്റെ പ്രചോദനാത്മകമായ പ്രവൃത്തികള്‍ നമുക്ക് ഊര്‍ജം പകരുന്നില്ലേ? കലുഷകാലത്തിന്റെ വഴിയിറമ്പില്‍ പ്രതീക്ഷാ ഭരിതമായ വിഭാതത്തിലേക്ക് മിഴി പായിച്ച് കരിംകയ്ക്കൊപ്പം ഹൈദ്രുക്കയുണ്ട്. അവരുടെ കൂടെ നൂറുല്‍ഹുദാ മദ്രസയിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍, ഇര്‍ഷാദിയ കലാവേദി ഭാരവാഹികള്‍, ഫ്ളാറ്റ് പണിയാന്‍ സൗകര്യമുള്ള വിശാലമായ സ്വന്തം സ്ഥലമായിരുന്നിട്ടും സേതുബന്ധനച്ചടങ്ങു നടക്കുന്നതുകൊണ്ടു മാത്രം അതിന് ശ്രമിക്കാത്ത മുസ്ലിം സഹോദരങ്ങള്‍. ആരുപറഞ്ഞു കനിവും കരുതിവെപ്പും ഇല്ലാതായെന്ന്? കോരിത്തരിപ്പിക്കുന്ന അനുഭവങ്ങള്‍ പകര്‍ന്നു നല്കുന്ന ആ ഗ്രാമവാസികള്‍ക്ക് കാലികവട്ടത്തിന്റെ ശതകോടി പ്രണാമങ്ങള്‍. അടുത്ത വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് ചിറകെട്ടുത്സവം. അതില്‍ പങ്കാളിയായി ശ്രീരാമസ്വാമിയുടെ അനുഗ്രഹം വാങ്ങാന്‍ സകല ഭക്തര്‍ക്കും സാധിക്കുമാറാകട്ടെ.
തൊട്ടുകൂട്ടാന്‍
ഒരിക്കലെങ്കിലും ജീവിതത്തില്‍
കണ്ടിരിക്കണം എന്നു പറയുന്ന
എത്രയോ കാഴ്ചകള്‍
കാണപ്പെടാതെ ബാക്കിയിരിക്കെ
ഹന്ത കഷ്ടം
അഹോ അഹോ അഹോ അയ്യോ
ഇതാ എന്റെ കണ്ണടയുകയാണല്ലോ…..
-രവി
കവിത: അയ്യോ
മാധ്യമം ആഴ്ചപ്പതിപ്പ് (ഒക്ടോ.24)
പ്രതികരിക്കാൻ ഇവിടെ എഴുതുക: