ഇരിങ്ങാലക്കുട : വിത്തുകിട്ടാത്തതിനെ തുടര്‍ന്ന് പാടത്ത് വിതയ്ക്കാനാകാതെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. ചെമ്മണ്ട കടുംപാട്ട് പാടശേഖരത്തിലാണ് കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുന്നത്. കൃഷിയിറക്കാന്‍ തയ്യാറായി നിലമൊരുക്കി പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും കൃഷി ഭവന് വിത്തുനല്കാത്തതിനാല് വിതയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. പലരും വലിയ തുക നല്കി സ്വകാര്യ വ്യക്തികളില്‍ നിന്നും വിത്ത് വാങ്ങി വിതച്ചു.
കൃഷി ഭവന് വഴിയല്ലാതെ പുറത്തുനിന്നും വിത്ത് വാങ്ങുന്നവര്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ സബ്സീഡിയും ബോണസ്സും കിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. സാധാരണ ഒക്ടോബര്‍ ആദ്യവാരത്തില്‍ തന്നെ കൃഷിയിറക്കണം. എന്നാല്‍ വിത്ത് ലഭിക്കാഞ്ഞതിനാല്‍ ഒക്ടോബര്‍ പകുതി പിന്നിട്ടിട്ടും കൃഷിയിറക്കാന്‍ സാധിച്ചിട്ടില്ല. കൃഷി ഭവനുമായി ബന്ധപ്പെട്ടെങ്കിലും ഇന്നുവരും നാളെവരുമെന്ന് പറയുന്നതല്ലാതെ വിത്ത് ലഭ്യമായിട്ടില്ലെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി. എന്നാല്‍ നാഷണല്‍ സീഡ് കോര്‍പ്പറേഷനില്‍ നിന്നും വിത്ത് വരാന്‍ വൈകിയാതാണ് തടസ്സമായതെന്ന് കാറളം കൃഷി ഭവന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സെപ്തംബറില്‍ തന്നെ വിത്ത് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നെങ്കിലും എന്‍.എസ്.സിയില്‍ വിത്ത് ലഭ്യമല്ലാതിരുന്നതാണ് വൈകാന്‍ കാരണം. ഇപ്പോള്‍ വിത്ത് എത്തിയിട്ടുണ്ടെന്നും വ്യാഴാഴ്ച വിത്ത് വിതരണം ആരംഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉമ, ജ്യോതി ഇനത്തില്‍പ്പെട്ട വിത്തുകളാണ് കൃഷി ഭവന് വഴി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: