തിരുവല്ല: അപ്പര്‍കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ തെങ്ങോലകളിലും വാഴകളിലും മറ്റ് ഇടവിളകളിലും കറുപ്പ് നിറം വ്യാപിക്കുന്ന അജ്ഞാത രോഗത്തെക്കുറിച്ച് പഠനം നടത്തുന്നതിനായി വിദഗ്ധ സംഘം കൃഷിഭൂമികളില്‍ പരിശോധന നടത്തി.
കേരള കാര്‍ഷിക സര്‍വകലാശാല കര്‍ഷക സാന്ത്വനം പദ്ധതിയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ.സാം ടി കുറുന്തോട്ടിക്കല്‍, കായംകുളം തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.എ. ജോസഫ് രാജ്കുമാര്, ഡോ.ചന്ദ്രികാ മോഹന്‍, ഡോ.സുജ, ഡോ.സി.ആര്.റിനി എന്നിവരുടെ നേതൃത്വത്തിലാണ് സംഘം പരിശോധനയ്ക്ക് എത്തിയത്. ചാത്തങ്കരി, മുട്ടാര്‍ ഭാഗങ്ങളിലെ രോഗബാധയേറ്റ ഓലകളും മറ്റും കൂടുതല്‍ പരിശോധനയ്ക്കായി സംഘം ശേഖരിച്ചു. ഒരുതരം വെള്ളീച്ചകള്‍ പരത്തുന്ന രോഗമാണിതെന്നാണ് സംഘത്തിന്റെ പ്രാഥമിക നിഗമനം. ജൈവ കീടനാശിനി ഉപയോഗത്തിലൂടെയും കഞ്ഞിവെള്ള ലായനി ഇലകളില്‍ തളിച്ചും കീടങ്ങളെ നശിപ്പിക്കാവുന്നതാണെന്നും സംഘാംഗങ്ങള്‍ പറഞ്ഞു. മറ്റു ശക്തിയേറിയ കീടനാശിനികള്‍ ഉപയോഗിച്ചാല്‍ മിത്രകീടങ്ങളും നശിക്കും. മഴ കുറഞ്ഞതും കാലാവസ്ഥാ വ്യതിയാനവുമെല്ലാം രോഗബാധയ്ക്ക് ആക്കംകൂട്ടിയിട്ടുണ്ട്.
നവംബര്‍ ആദ്യവാരം കൃഷി വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വിപുലമായ കര്‍ഷക സമ്പര്‍ക്ക പരിപാടി നടത്തുവാനും തീരുമാനിച്ചു. ജില്ല പഞ്ചായത്തംഗം സാം ഈപ്പന്, ബ്ലോക്ക് മെമ്പര്‍ സതീഷ് ചാത്തങ്കരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ക്രിസ്റ്റഫര്‍ ഫിലിപ്പ്, മെമ്പര്‍മാരായ ആനി എബ്രഹാം, പി.ബി.സന്ദീപ്കുമാര്‍, കൃഷി അസി.ഡയറക്ടര്‍ ഷീലാ എ.ഡി, കൃഷി ഓഫിസര്‍ മാത്യൂസ് കോശി എന്നിവരും വിദഗ്ദ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: