കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളിലെ ദുരിതബാധിതരുടെ അമ്മമാര്‍ക്കായി കുടുംബശ്രീ നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന് പദ്ധതിയുടെ ഭാഗമായി (ആജീവിക) തൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബുവുമായി കുടുംബശ്രീ എന്‍ ആര് എല്‍ എം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അജിത്ചാക്കോയും പ്രോഗ്രാം മാനേജര്‍മാരായ സോയ തോമസ്, എം പ്രഭാകരന് ആര് എസ് ജിജി, കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക എന്നിവര്‍ ചര്‍ച്ച നടത്തി. കരട് റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്കി.
ടൈലറിംഗ് യൂണിറ്റ്, ഗാര്‍മെന്റ് യൂണിറ്റ്, ബേക്കറി യൂണിറ്റ്, ഫയല്‍ ബോര്‍ഡ് നിര്‍മ്മാണം, കരകൗശലനിര്‍മ്മാണം തുടങ്ങിയ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കൃഷി, പച്ചക്കറി തുടങ്ങിയ സാധ്യതകളും പരിശോധിക്കും. ബഡ്സ് സ്കൂളുകളില്‍ പോകുന്ന കുട്ടികളുടെ കൂടെ വരുന്ന അമ്മമാര്‍ക്ക് വേണ്ടി തൊഴില്‍ പരിശീലനകേന്ദ്രം ആരംഭിക്കുകയാണ് ലക്ഷ്യം. പൂര്‍ണ്ണമായും കിടപ്പിലായ രോഗികളുടെ രക്ഷിതാക്കള്‍ക്ക് വീട്ടില്‍തന്നെ ചെയ്യാവുന്ന തൊഴിലുകള്‍ക്ക് പരിഗണന നല്‍കും. ഇതിനായി പ്രത്യേകം അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കാനും പദ്ധതിയുണ്ട്. പ്രത്യേകം അയല്‍ക്കൂട്ടങ്ങളില്‍ നാലോ അഞ്ചോ അംഗങ്ങള്‍ മതിയാകും. പ്രത്യേക അയല്‍ക്കൂട്ടങ്ങളുടെ ഏകോപനത്തിന് ജില്ലാതലത്തില്‍ സംവിധാനമൊരുക്കും. ദുരിതബാധിതരുടെ അമ്മമാര്‍ക്ക് ഇത്തരം സംരംഭങ്ങളിലൂടെ വരുമാന മാര്‍ഗം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി മാര്‍ക്കറ്റിംഗ് സംവിധാനം ഒരുക്കുന്നതിനും നടപടി സ്വീകരിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്പ്പെടുന്ന 11 പഞ്ചായത്തുകളിലും പദ്ധതിയുടെ ഗുണം ലഭിക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു പറഞ്ഞു. അമ്മമാര്‍ക്ക് വരുമാനം കണ്ടെത്താനുളള മാര്‍ഗമായി ഈ തൊഴില്‍സംരംഭങ്ങളെ വികസിപ്പിക്കണം. വിദ്യാസമ്പന്നരായ അമ്മമാര്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈനായി ചെയ്യാവുന്ന തൊഴില്‍ മേഖലകളെക്കുറിച്ചും പരിശോധിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. എന്‍ ആര് എല്‍ എം ഉദ്യോഗസ്ഥര്‍ ദുരിതബാധിത പ്രദേശങ്ങളിലെ ബഡ്സ്സ്കൂളുകള് സന്ദര്‍ശിക്കുകയും സന്നദ്ധ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: