രാജപുരം: നിര്‍മാണ പ്രവര്‍ത്തികള്‍ അനിശ്ചിതത്വത്തിലായ ചുളളിക്കര കൊട്ടോടി റോഡ് പ്രവര്‍ത്തികള്‍ ഇന്നലെ പുനരാരംഭിച്ചു. നിര്‍മാണം വൈകുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണെന്ന് കാണിച്ച ജന്മഭൂമി വാര്‍ത്ത ചെയ്തിരുന്നു. നിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് ഓവര്‍സീയര്‍ കെ.ടി.അരവിന്ദാക്ഷന്, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോരിറ്റി ജീവനക്കാര്‍ എന്നിവര്‍ സ്ഥലത്തെത്തി. നവീകരിക്കുന്ന മൂന്നു കിലോമീറ്റര്‍ റോഡില്‍ പുതിയതായി നാലു പൈപ്പ് കള്‍വര്‍ട്ടുകളാണ് നിര്‍മിക്കുന്നത്. നിലവില്‍ പയ്യച്ചേരിയിലുള്ള കള്‍വര്‍ട്ട് പൊളിച്ചുനീക്കി ഉയരം കുട്ടി പുനര്‍നിര്‍മിക്കും. ആവശ്യമെങ്കില്‍ പഴയ കള്വര്ട്ടുകള്ക്ക് ഉയരം കൂട്ടും. മറ്റു സാങ്കേതിക പ്രശ്നങ്ങളില്ലെങ്കില്‍ ജനുവരി മാസത്തോടുകൂടി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് റോഡ് വിഭാഗം അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.വി.മനോജ് കുമാര്‍ പറഞ്ഞു.
2012 ല്‍ നിര്‍മാണ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി 2013 ല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. 2014ല്‍ നിര്‍മാണം പൂര്‍ത്തിയാക്കേണ്ട പ്രവൃത്തികള്‍ ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ ഒത്തുകളിച്ച് എസ്റ്റിമേറ്റ് തുക പുതുക്കാനുളള തന്ത്രങ്ങളുടെ ഭാഗമായി നീട്ടിക്കൊണ്ട് പോകുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഒടുവില്‍ കഴിഞ്ഞ മാര്‍ച്ച് 18ന് കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാനപാത ചുളളിക്കരയില്‍ നാട്ടുകാര്‍ ഉപരോധിച്ചതോടെ ഏപ്രില്‍ രണ്ടിനു നിര്‍മാണം ആരംഭിക്കുകയായിരുന്നു. റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മാണമാണ് ആദ്യം തുടങ്ങിയത്. പിന്നീട് മഴയെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: