ഉദുമ: ബേക്കല്‍ പള്ളിക്കര മേല്‍പ്പാല ടോള്‍ പിരിവിലുടെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. പള്ളിക്കര ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനത യുവമോര്‍ച്ച ഉദുമ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പള്ളിക്കര ടോള്‍ ബൂത്ത് പരിസരത്ത് സംഘടിപ്പിച്ച പ്രഭാത ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടോള്‍ പിരിവിന്റെ പേരില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുകയാണ് എംഎല്‍എ. കത്തയക്കുന്നതിനു പകരം നിയമസഭയില്‍ ഈ പ്രശ്നം ഉന്നയിക്കാന്‍ എംഎല്‍എ തയ്യാറാകണം. പദ്ധതിക്ക് ചിലവായ തുക മാത്രമേ ടോള്‍ പിരിക്കാന്‍ പാടുള്ളുവെന്ന് കോടതി വിധികള്‍ നിലനില്‍ക്കേ നിയമ വിരുദ്ധമായാണ് ഇവിടെ പണം പിരിക്കുന്നത്. കാരണം 15 വര്‍ഷത്തേക്ക് ടോള്‍ പിരിക്കാനുള്ള അനുമതിയാണ് കരാറില്‍ നല്‍കിയിരിക്കുന്നത്. ടോള്‍ പിരിവിന്റെ മറവില്‍ വന്‍ അഴിമതിയുണ്ട്. ഇതിനെ കുറിച്ച് അന്വേഷിക്കണം. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 100 കോടി രൂപയില്‍ കുറവ് മുതല്‍ മുടക്കുള്ള എല്ലാ റോഡുകളുടേയും മേല്‍പാലങ്ങളുടേയും ടോള്‍ പിരിവ് നിര്‍ത്തലാക്കി മാതൃകയായി. പള്ളിക്കര മേല്‍പ്പാലം നിര്‍മിച്ച സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള റോഡ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്പ്പറേഷന് മാത്രം കേവലം 8 കോടി മാത്രം മുതല്‍ മുടക്കിയ മേല്‍പാലത്തിന്റെ ടോള്‍ അവസാനിപ്പിച്ചില്ല. നിര്‍മ്മാണ ചിലവും ചോള്‍ പിരിവും ഉള്‍പ്പെടെയുള്ള കണക്ക് പരസ്യപ്പെടുത്തണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു. ടോള്‍ പിരിവ് നല്‍കാതെ ജനങ്ങള്‍ പ്രതിഷേധിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രദീപ് എം കൂട്ടക്കനി അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.ബാബുരാജ്, നേതാക്കളായ വൈ. കൃഷ്ണദാസ്, ഗംഗാധരന് തച്ചങ്ങാട്, സദാശിവന്, യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി രാജേഷ് കൈന്താര്‍, വിവേക് പരിയാരം, വിശാലക്ഷന്‍, സുരേഷ് എരോല്‍, ലോകേഷ് ബട്ടത്തുര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദിലീപ് പള്ളഞ്ചി സ്വാഗതവും സഞ്ചിത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: