മുഹമ്മ: കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനിടെ വാതകം പുറത്തേക്ക് വന്നത് പരിഭ്രാന്തി പരത്തി. ഇതെതുടര്‍ന്ന് തൊഴിലാളികള്‍ ജോലി നിര്‍ത്തിവച്ചു.മണ്ണഞ്ചേരി പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ആനക്കാലില്‍ (കൈതവളപ്പില്‍) ഗോപകുമാറിന്റെ വീട്ടുമുറ്റത്താണ് സംഭവം.
ഗോപകുമാറിന് പഞ്ചായത്ത് നല്‍കിയ സ്ഥലത്ത് കുടിവെള്ള ആവശ്യത്തിനായി ഇന്നലെ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനിടെയാണ് വാതകം പുറത്തേയ്‌ക്ക് പ്രവഹിച്ചത്. ഏകദേശം എട്ടരമീറ്ററോളം കുഴിച്ചപ്പോള്‍ അസഹ്യമായ ഗന്ധവും ശ്വാസംമുട്ടലും തൊഴിലാളികള്‍ക്ക് അനുഭവപ്പെട്ടു.
ഇത് വാതകമാണോയെന്നറിയാന്‍ വീട്ടുടമസ്ഥന്‍ തീപ്പെട്ടിക്കൊള്ളിയുരച്ചപ്പോള്‍ ആളിക്കത്തുകയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് സമീപത്തെ മറ്റ് പല വീടുകളിലും കുഴല്‍ക്കിണര്‍ താഴ്‌ത്തിയപ്പോള്‍ സമാനരീതിയില്‍ അനുഭവമുണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
എന്നാല്‍ ബന്ധപ്പെട്ട അധികൃതര്‍ ഇതിന്റെ ശാസ്ത്രീയത പരിശോധനയ്‌ക്ക് തയാറായിട്ടില്ല.
















