പെരുമ്പളം: മൃഗാശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റി. ക്ഷീരകര്‍ഷകര്‍ ദുരിതത്തില്‍. ഈ ആശുപത്രിയെ ആശ്രയിക്കുന്നവരാണ് ദ്വീപിലെ ഭൂരിഭാഗമെങ്കിലും ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് വിമര്‍ശനം.
മുപ്പത് വര്‍ഷത്തോളം മുന്‍പാണ് മൃഗാശുപത്രി സ്ഥാപിച്ചെങ്കിലും ജീവനക്കാരുടെ അഭാവം പ്രവര്‍ത്തനത്തിന് തടസമാകുകയാണ്. ഡോക്ടറടക്കം അഞ്ചോളം ജീവനക്കാരുണ്ടെന്നാണ് ഔദ്യോഗീക ഭാഷ്യമെങ്കിലും അറ്റന്‍ഡര്‍ അല്ലാതെ മറ്റാരെയും ഇവിടെ കാണാനില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
രണ്ടാഴ്ച കൂടുമ്പോഴാണ് ഡോക്ടര്‍ എത്തുന്നതത്രേ. മരുന്നോ ചികിത്സാ സംവിധാനങ്ങളോ ഇവിടില്ല. കന്നുകാലികള്‍ക്ക് രോഗം ബാധിച്ചാല്‍ മറ്റ് വഴികള്‍ തേടേണ്ട സ്ഥിതിയിലാണ് ദ്വീപ് നിവാസികള്‍.
മില്‍മയുടെ കീഴില്‍ രണ്ട് ക്ഷീര സംഘങ്ങളാണ് ദ്വീപില്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകര്‍ അളക്കുന്ന പാലിന് സംഘങ്ങള്‍ ന്യായ വില നല്‍കുന്നില്ലെന്നും അളവില്‍ കുറവ് വരുത്തുന്നതായും കര്‍ഷകരില്‍ നിന്ന് 30 രൂപയില്‍ താഴെ വിലയിട്ട് വാങ്ങുന്ന പാല്‍ സംഘം 40 രൂപയ്‌ക്കാണ് വില്‍ക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സൊസൈറ്റികള്‍ മുഖേന വിതരണം ചെയ്യുന്ന കാലിത്തീറ്റയ്‌ക്ക് ഗുണനിലവാരമില്ലെന്നും പരാതിയുണ്ട്.
പതിമൂന്ന് വാര്‍ഡുകളിലായി പതിനായിരത്തോളം ജനങ്ങളാണ് ദ്വീപില്‍ അധിവസിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും കന്നുകാലി വളര്‍ത്തലിലൂടെയാണ് ഉപജീവനം കണ്ടെത്തുന്നത്. പലര്‍ക്കും കന്നുകാലി പരിപാലനത്തിനായി ചെലവാകുന്ന തുകപോലും ഇതിലൂടെ കണ്ടെത്താനാകാത്ത സ്ഥിതിയാണ്.
മൃഗാശുപത്രിയില്‍ അടിസ്ഥാന സൗകര്യമൊരുക്കി ദ്വീപിലെ ക്ഷീരകര്‍ഷകരുടെ ദുരിതം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
















