കാഞ്ഞങ്ങാട്: നിര്‍ദ്ദിഷ്ട കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിനു ഏറ്റെടുക്കുന്ന സ്വകാര്യ ഭൂമിയുടെ വില നിര്‍ണ്ണയം പൂര്‍ത്തിയായി. ജില്ലാതല പര്‍ച്ചേസിംഗ് കമ്മറ്റി സ്ഥലം ഉടമകളുമായി നേരിട്ട് സംസാരിച്ചാണ് വില നിര്‍ണ്ണയിച്ചത്. തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാനതല പര്‍ച്ചേസിംഗ് കമ്മറ്റി വില നിര്‍ണ്ണയത്തിന് അംഗീകാരം നല്‍കുന്നതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും. വര്‍ഷങ്ങളായി നിയമക്കുരുക്കിലും ചുവപ്പ് നാടയിലും കുടുങ്ങിക്കിടന്ന മേല്‍പ്പാലത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുണ്ടായിരുന്ന കേസ്സുകള്‍ക്ക് തീര്‍പ്പായതോടെ ഒരു വര്‍ഷം മുമ്പാണ് ഏറ്റെടുക്കല്‍ നടപടികള്‍ പുനരാരംഭിച്ചത്.
ബുധനാഴ്ച രാവിലെ ജില്ലാ കളക്ടര്‍ ജീവന് ബാബു സ്ഥലം സന്ദര്‍ശിച്ചു. ലാന്റ് അക്വിസേഷന്‍ ഡപ്യൂട്ടി കലക്ടര്‍ ജയശ്രീ, ലാന്റ് അക്വിസേഷന്‍ തഹസില്‍ദാര്‍ ജയലക്ഷ്മി, ചെയിന്മാന് ശ്രീധരന് എന്നിവര്‍ക്കൊപ്പമാണ് കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.പി.ജാഫര്‍, മേല്‍പ്പാലം കര്‍മ്മസമിതി ചെയര്മാന് എച്ച്.ശിവദത്ത്, ജനറല്‍ കണ്‍വീനര്‍ എ.ഹമീദ്ഹാജി, കണ്‍വീനര്‍ സുറൂര്‍ മൊയ്തു ഹാജ, എസ്. കെ.കുട്ടന്, ടി. മുഹമ്മദ് അസ്ലം എന്നിവര്‍ സന്നിഹിതരായിരുന്നു.
25 സ്വകാര്യ വ്യക്തികളുടെ രണ്ടര ഏക്കര്‍ ഭൂമിയാണ് മേല്‍പ്പാലത്തിനായി ഏറ്റെടുക്കുന്നത്. മൂന്നുപേര്‍ സമ്മത പത്രം നല്‍കിയിട്ടില്ല. എന്നാല്‍ ഇവരുടെതുള്പ്പെടെ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കും. സമ്മത പത്രം നല്കാത്തവര് വില കൂട്ടിക്കിട്ടാന്‍ കോടതിയെ സമീപിക്കുകയാണെങ്കില്‍ ഭൂമിവില കോടതിയില്‍ കെട്ടിവെക്കും. കോടതി അധികവില നിശ്ചയിക്കുകയാണെങ്കില്‍ കൂട്ടിയ വില നല്കാന് സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: