പെരിയ: അന്താരാഷ്ട്ര നിലവാരത്തില്‍ പെരിയയില്‍ ആരംഭിക്കുന്ന മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് നിലവില്‍ പെരിയ ബഡ്സ് സ്കൂളിലുളള ഒരു കുട്ടിയെയും ഒഴിവാക്കാതെ എല്ലാവര്ക്കും പ്രവേശനം നല്‍കുന്നതാണെന്ന് ജില്ലാകളക്ടര്‍ കെ.ജീവന്‍ബാബുവും കേരള സാമൂഹിക സുരക്ഷാമിഷന് എക്സിക്യുട്ടീവ് ഡയറക്ടര്‍ കൂടിയായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസസെല്‍ അസി.നോഡല്‍ഓഫീസര്‍ ഡോ. മുഹമ്മദ് അഷീലും അറിയിച്ചു. നിലവിലുളള ഓരോ കുട്ടിയുടെയും പ്രത്യേകമായ കഴിവുകളും പരിമിതികളും തിരിച്ചറിഞ്ഞ് അവരെ സ്വയം പര്യാപ്തമാക്കാനുളള ആധുനിക സംവിധാനങ്ങളോടു കൂടിയാണ് ഈ മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ സജ്ജീകരിക്കുന്നത്.
നിലവില്‍ പെരിയ ബഡ്സ് സ്കൂളിലുളള എല്ലാ കുട്ടികളെയും പരിശോധന നടത്തി ഓരോ കുട്ടിയ്ക്കും ആവശ്യമായ വ്യക്തിഗത, പുനരധിവാസ പ്ലാനിങിന്റെ അടിസ്ഥാനത്തിലാണ് സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. കുട്ടികളുടെ പുനരധിവാസ മേഖലയില്‍ ഏറ്റവും ആധുനികമായ സംവിധാനങ്ങള്‍ സജ്ജീകരിച്ച് നടപ്പിലാക്കാനുദ്ദേശിക്കുന്ന സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചില ആളുകള്‍ ബോധപൂര്‍വ്വം നുണപ്രചരണം നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളാരും തന്നെ ഈ വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തില്‍ ഒരു പുതിയ ഏട് ആരംഭിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുളള ഈ മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിനെ സംബന്ധിച്ചുളള തെറ്റായ പ്രചരണങ്ങളുടെ വസ്തുത മനസ്സിലാക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ശ്രമിക്കേണ്ടതുണ്ടെന്നും കാസര്‍കോട് ജില്ലയുടെ അഭിമാനമായി മാറുന്ന മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനത്തില്‍ എല്ലാവരും സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: