തമ്പലക്കാട്: നാട്ടുകാര്‍ക്കായി നിര്‍മ്മിച്ച പാലം നാല് വീട്ടുകാര്‍ക്കായി മാത്രം കെട്ടിയടച്ചത് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ തുറന്നുകൊടുത്തു.
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ 22-ാം വാര്‍ഡില്‍ തമ്പലക്കാട് കാപ്പുകാട് ഭാഗത്ത് നാല് ലക്ഷത്തി എണ്‍പത്തി എണ്ണായിരത്തി എണ്ണൂറ്റി നാല്പത്തി ഒമ്പത് രൂപ മുടക്കിയാണ് പാലം നിര്‍മ്മിച്ചത്. നാട്ടുകാര്‍ക്ക് എന്നു പറഞ്ഞ് നിര്‍മ്മിച്ച വഴികള്‍ ഉദ്ഘാടനം കഴിഞ്ഞതോടെ അടച്ചുകെട്ടി സ്വകാര്യവ്യക്തി കയ്യേറി. എന്നാല്‍ നാട്ടുകാര്‍ 3 വര്‍ഷമായി പഞ്ചായത്തിനെ സമീപിച്ചി രുന്നെങ്കിലും ബുധനാഴ്ച നടന്ന പഞ്ചായത്ത് കമ്മറ്റി കോടതിയില്‍നിന്ന് ലീഗല്‍ ഒപീനിയന്‍ നേടിയാണ് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ മറവില്‍ പുറംമ്പോക്ക് സ്ഥലം 20 അടിയോളം സംരക്ഷണഭിത്തി കെട്ടി കയ്യേറിയെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം പരിഹാരമെന്ന നിലയില്‍ റോഡ് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുവാന്‍ കമ്മറ്റി തീരുമാനമെടുത്തു.
നൂറുകണക്കിന് നാട്ടുകാര്‍ക്ക് പ്രയോജനം ചെയ്യുന്ന ഈ വഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി അഞ്ചനാട്ട് ഔദ്യോഗികമായി തുറന്നുകൊടുത്തു. വാര്‍ഡ് മെമ്പര്‍ കൃഷ്ണകുമാരി ശശികുമാര്‍, മെമ്പര്‍മാരായ കെ.ആര്.തങ്കപ്പന്, റിജോ വാളാന്തറ, കെ.എസ്. സുരേന്ദ്രന്, റിബിന്‍ഷാ, ചാക്കോച്ചന് ചുവപ്പുങ്കല്‍, റെജി ഒ.വി., നുഫിന് അല്‍ഫല്‍, ജാന്‍സി ജെയിംസ് എന്നിവര്‍ നേതൃത്വം നല്കി.
മുമ്പ് പാലത്തില്‍ എ ത്താനുണ്ടായിരുന്ന നടപ്പുവഴി പോലും പാലം പണിയോടെ അടക്കുകയായിരുന്നു. തോട്ടുപുറമ്പോക്കില്‍ കൂടിയായിരുന്നു നടപ്പാത ഉണ്ടായിരുന്നത്. കാഞ്ഞിരപ്പള്ളി-ചിറക്കടവ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലം നാലുവീട്ടുകാര്ക്ക് മാത്രം സഞ്ചരിക്കാന്‍ വേണ്ടി നിര്‍മ്മിച്ചു നല്‍കിയതില്‍ അഴിമതി നടന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ കാണിച്ച് പഞ്ചായത്ത് കമ്മറ്റിക്ക് നാട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിന്റെ ഇപ്പോഴത്തെ നടപടി.
















