പൊന്‍കുന്നം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് തെരുവുനായയുടെ കടിയേറ്റു. പൊതുകം-തമ്പലക്കാട് റോഡിലൂടെ സ്‌കൂളിലേക്കു പോകുംവഴി ബുധനാഴ്ച രാവിലെ പൊതുകം അഞ്ചാം മൈലില്‍ വച്ചാണ് നായയുടെ ആക്രമണമുണ്ടായത്.
ചിറയ്‌ക്കല്‍ ബാബുവിന്റെ മകളും പനമറ്റം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായ ആര്യ ബാബുവിനാണ് നായയുടെ കടിയേറ്റത്. വലതുകൈവിരലുകളാണ് നായ കടിച്ചുമുറിച്ചത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ആശാവര്‍ക്കര്‍ സുബിനിയും നാട്ടുകാരും ചേര്‍ന്നാണ് കുട്ടിയെ ആദ്യം പൈക കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയത്. ഏതാനു ദിവസം മുമ്പ് പൊതുകം സ്വദേശിയുടെ വീട്ടില്‍ നിന്ന് തുടല്‍ പൊട്ടിച്ചു പോയ നായയാണ് ആക്രമിച്ചതെന്നു പരിസരവാസികള്‍ പറഞ്ഞു.
ദിവസങ്ങളായി വഴിയാത്രക്കാര്‍ക്കു ഭീഷണിയായിരുന്നു ഈ നായ. ലൈസന്‍സോ പ്രതിരോധ കുത്തിവയ്‌പ്പോ നായയ്‌ക്ക് എടുത്തിട്ടില്ലെന്നാണു സൂചന. കഴിഞ്ഞ ദിവസം പഞ്ചാത്തില്‍ നിന്ന് വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് ലൈസന്‍സും പ്രതിരോധ കുത്തിവയ്‌പ്പെടുക്കണമെന്നും അറിയിപ്പ് നല്‍കിയിരുന്നു. പനമറ്റം ഗവ. സ്‌കൂളിലെക്കു ദിനംപ്രതി നൂറുകണക്കിനു വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന കൂരാലി-തമ്പലക്കാട് റോഡിലും തെരുവുനായശല്യം രൂക്ഷമാണ്.
















