ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവ് നവംബര്‍ 6, 7, 8 തിയ്യതികളില്‍ ആഘോഷിക്കും. തുലാമാസത്തിലെ തിരുവോണനാളില്‍ തൃപ്പുത്തരിയും പിറ്റേന്ന് മുക്കുടിയും ആചരിക്കുന്നു. വര്‍ഷത്തില്‍ ആദ്യമായി കൃഷി ചെയ്തു വിളയിച്ച വിഭവങ്ങള്‍ കൊണ്ട് കൂടല്‍മാണിക്യ സ്വാമിക്ക് നിവേദ്യം അര്‍പ്പിക്കുന്നതാണ് തൃപ്പുത്തരി.
ഈ നിവേദ്യ വസ്തുക്കള്‍ മുള തണ്ടികയില്‍ കെട്ടി കാല്‍നടയായി വാദ്യമേള ആഘോഷങ്ങളോടെ ചാലക്കുടി പോട്ടയില്‍ നിന്നും ക്ഷേത്രത്തിലേക്ക് കൊണ്ട് വരുന്ന ചടങ്ങാണ് തണ്ടികവരവ്. പിറ്റേന്ന് ഈ വസ്തുക്കള്‍ ദേവന് നിവേദ്യം സമര്‍പ്പിക്കും. തുടര്‍ന്ന് ഭക്തര്‍ക്ക് സദ്യയായി വിതരണം ചെയ്യും. തൃപ്പുത്തരി സദ്യയില്‍ പങ്കെടുക്കുന്നത് വളരെ വിശേഷപ്പെട്ടതാണ്.
നാടിന്റെ നാനാഭാഗത്തു നിന്നും ധാരാളം ഭക്തജനങ്ങളും പങ്കെടുക്കാറുണ്ട്. പിറ്റേ ദിവസം രാവിലെ 6 മണിക്ക് മുക്കുടി പൂജ , പ്രസിദ്ധ ഭിഷഗ്വരനായ കുട്ടഞ്ചേരി മൂസ്സ് പ്രത്യേക പച്ചമരുന്നുകള്‍ ചേര്‍ത്തുണ്ടാക്കിയ ദിവ്യ ഔഷധം തൈരില്‍ കലര്‍ത്തി ദേവന് നിവേദിച്ച ശേഷം ഭക്തജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നു. ഏകദേശം 1600 ലിറ്റര്‍ തൈരാണ് നിവേദിക്കുന്നത്.
ഭക്തജനങ്ങള്‍ക്ക് തൈര് വഴിപാടായി 50, 100 ലിറ്റര്‍ വീതം സ്പോണ്സര് ചെയ്യാവുന്നതാണ്. വഴിപാടു സംഖ്യകള്‍ അഡ്മിനിസ്ട്രേറ്റര്‍, കൂടല്‍മാണിക്യം എന്ന പേരില്‍ കരൂര്‍ വൈശ്യ ബാങ്ക് ലിമിറ്റഡ് ഇരിങ്ങാലക്കുട ബ്രാഞ്ചില്‍ ഓണ്‍ലൈന്‍ ആയി അക്കൗണ്ട് നമ്പര്‍ 1517155000006167, ഐ എഫ് എസ് സി കോഡ് : കെവിബിഎല്‍0001517 എന്ന നമ്പറില്‍ അയയ്ക്കാവുന്നതാണെന്നു ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: